/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ഒക്ടോബർ 12 ബുധനാഴ്ച രാത്രി 8 മണിക്ക് ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചാനൽ ചർച്ചയാണ് ഈ കുറിപ്പിനടിസ്ഥാനം. ചർച്ച നയിച്ചത് വിനു.വി.ജോൺ. വിഷയം പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലി.
ചർച്ചയിൽ ജ: കമാൽ പാഷ, ഡോ.എൻ. അരുൺ , റോയ് മാത്യൂ , അഡ്വ. അസഫലി എന്നിവരാണ് പങ്കെടുത്തത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ നിന്ന് തുടച്ചുനീക്കണമെന്നതിന് ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയില്ല.
അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സാമാന്യ ബുദ്ധിപോലുമില്ലാത്തവർ ആണ് ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്തു കൂട്ടുന്നത്. അൽപമെങ്കിലും ചിന്താശേഷി ഉള്ളവർ ഇത്തരം കൃത്യങ്ങൾ ചെയ്യില്ല.
അതുകൊണ്ട് അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തള്ളിപ്പറഞ്ഞു കൊണ്ടു തന്നെയാണ് ഈ കുറിപ്പ്.
കിട്ടുന്ന അവസരം മുതലെടുത്ത് മിടുക്കുകാണിക്കുന്ന ഒരു രീതിയാണ് ഈ ചർച്ചയിൽ ഉടനീളം കണ്ടത്. ഓരോരുത്തരുടെ വിവരക്കേടിലേക്ക് പോകാം
ഡോ. അരുൺ
ജ്യോതിഷവും വാസ്തു ശാസ്ത്രവും വിശ്വാസ നിബദ്ധമായ മറ്റെല്ലാ കാര്യങ്ങളും നിരോധിക്കണം. ശാസ്ത്രം എന്നത് മാത്രമേയുള്ളു. വൈദ്യശാസ്ത്രത്തിൽ മോഡേൺ മെഡിസിൻ മാത്രമേയുള്ളു.
ഇയാളോട് ഒരു കാര്യം ചോദിക്കട്ടെ . ഒരു ഡോക്ടർ മിടുക്കൻ ആണെന്ന് മനസ്സിലാവുമ്പോഴല്ലേ കൂടുതൽ രോഗികൾ ആ ഡോക്ടറുടെ അടുത്തേക്ക് പോകുന്നത് ?
ഒരു വ്യക്തി ജനിച്ച സമയം കണക്കാക്കി ഒരു ജ്യോതിഷി പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് ആ വ്യക്തിക്ക് മനസ്സിലാവുമ്പോഴല്ലേ അദ്ദേഹം നല്ല ജ്യോതിഷി ആണെന്ന് പറയുന്നത് ? പറയുന്ന കാര്യങ്ങൾ ശരിയല്ല എങ്കിൽ പിന്നീട് അദ്ദേഹത്തിന്റെ അടുത്ത് ആൾക്കാർ പോകുമോ ?
ഒരു ഡോക്ടർ കൊടുക്കുന്ന മരുന്നുകൾ ഫലിക്കുമ്പോഴല്ലേ അയാൾ നല്ല ഡോക്ടർ ആണെന്നു പറയുന്നത് ? ജ്യോതിഷം ഒരു ശാസ്ത്രമാണെന്ന് അരുൺ മനസ്സിലാക്കണം. മനുഷ്യൻ ജനിക്കുന്ന സമയത്ത് ഗ്രഹങ്ങൾ നിൽക്കുന്ന സ്ഥാനമനുസരിച്ച് ഫലം പറയാൻ പറ്റും.
ഡോക്ടർമാർ അസുഖം അറിഞ്ഞാണോ മരുന്ന് കൊടുക്കുന്നത് ?
ഏത് ഇൻഫക്ഷൻ വന്നാലും പ്രഹരശേഷിയുള്ള ആന്റിബയോട്ടിക് കൊടുക്കും. ചെറിയ ഡോസ് മതിയെങ്കിലും മരുന്ന് കമ്പനി പറയുന്ന മരുന്നേ ഈ മാന്യൻമാർ നൽകൂ .
ഡോളോ ടാബ്ലറ്റ് എഴുതി കൊടുക്കാൻ കോടികൾ വാങ്ങിയ ഡോക്ടർമാരുടെ കഥ വായിച്ചില്ലേ ? ഇക്കൂട്ടർ ആയുർവേദത്തേയും ഹോമിയോപ്പതിയേയും അംഗീകരി ക്കുന്നില്ല. ശൈലജ ടീച്ചർ മന്ത്രിയായി ഇരുന്നപ്പോഴാണ് ആയുർവേദത്തിനും ഹോമിയോപ്പതിക്കും മോഡേൺ മെഡിസിന് തത്തുല്യമായ അംഗീകാരം കൊടുത്തത്.
ആയുർവേദവും ഹോമിയോയും കഴിച്ച് അസുഖം മാറിയാൽ ഇവരുടെ കഞ്ഞി കുടി മുട്ടും. അതാണ് കാര്യം. അതിന് വേണ്ടി ഇക്കൂട്ടർ കുറെ ബഹളമുണ്ടാക്കി. ടീച്ചറിന്റെ അടുത്ത് വിലപ്പോയില്ല. കോവിഡ് പ്രതിരോധത്തിന് ഹോമിയോ നൽകിയ ആഴ്സനിക്ക ആൽബം എന്ന മരുന്ന് കൊടുക്കാൻ കൂട്ടാക്കാത്ത അരുണിന്റെ കൂട്ടരാണ് ജ്യോതിഷവും വാസ്തു ശാസ്ത്രവും നിരോധിക്കണമെന്ന് പറയുന്നത്.
വാസ്തുവും ശാസ്ത്രമാണ് അരുണേ വിവരമില്ലെങ്കിൽ അക്കാര്യം പറയരുത്. വിവരമുള്ളവരോട് ചോദിക്കണം. ഭൂമിയുടെ കിടപ്പ് നോക്കിയാണ് വീടിനുള്ള പ്ലാൻ വരക്കുന്നത്. ഇതെല്ലാം വിവരമുള്ളവർ എഴുതിവച്ചതാണ്. അല്ലാതെ മരുന്നു കമ്പനിയോട് കാശും മേടിച്ച് പാവങ്ങൾക്ക് വില കൂടിയ അനാവശ്യ മരുന്ന് എഴുതിക്കൊടുക്കുന്ന വിദ്യയല്ല ഇത്.
ഗുരുവായൂരും വേളാങ്കണ്ണിയും ഒരേ അക്ഷാംശത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് ഈ വിവരദോഷികൾക്ക് അറിയാമോ ?
മറ്റൊരു വിദ്വാൻ പറഞ്ഞത് നരേന്ദ്ര മോദി പൂജ നടത്തുന്നു എന്നാണ്. കമാൽ പാഷ സാറേ വിധിപ്രകാരമുള്ള പൂജകൾ ആണ് ക്ഷേത്രങ്ങളിൽ നടത്തുന്നത്. ഗുരുവായൂരും ശബരിമലയിലും വേളാങ്കണ്ണിയിലും പോകുന്നത് അവർക്ക് ഫലം ലഭിക്കുന്നത് കൊണ്ടല്ലേ ?
നരേന്ദ്രമോഡി പൂജ ചെയ്താൽ എന്താണ് കുഴപ്പം ? അതുപോലെയാണോ ഷാഫി ദുർമന്ത്രവാദം ചെയ്യുന്നത് ? നരേന്ദ്രമോഡിയുടെ പ്രാർത്ഥനാ ചടങ്ങുകളും ഷാഫിയുടെ ദുർമന്ത്രവും തമ്മിലെങ്ങനെയാണ് താരതമ്യം ചെയ്യുക. ഇത് തമ്മിൽ തിരിച്ചറിയാനുള്ള വിവരം അങ്ങേയ്ക്കില്ലേ ?
ഗണപതി ഹോമം, ഭഗവതി സേവ, വിഷ്ണുപൂജ, അയ്യപ്പ പൂജ, ത്രികാല പൂജ , സുദർശന ഹോമം, ധന്വന്തരി ഹോമം തുടങ്ങിയവ താന്ത്രികമാണ്. മാന്ത്രികമല്ല.
ആദ്യം താന്ത്രികവും മാന്ത്രികവും തമ്മിൽ തിരിച്ചറിയണം . അതറിയില്ലെങ്കിൽ പറയാൻ പോകരുത്.
മറ്റുള്ളവരെല്ലാം വിവരമില്ലാത്തവർ ആണെന്നാണ് ഇവരുടെയൊക്കെ ധാരണ. അത് ശരിയല്ല. കഴിഞ്ഞ ദിവസം ഇതേ ചാനലിൽ സന്ദീപാനന്ദഗിരി എന്ന സ്വാമി വന്നിരുന്ന് അദ്ദേഹത്തിന്റെ വിഞ്ജാനങ്ങൾ വിളമ്പുന്നതു കണ്ടു. അദ്ദേഹം പറയുന്നത് എല്ലാ മതങ്ങളും പിന്തുടരുന്നത് അന്ധവിശ്വാസമാണ് എന്നാണ്.
അതായത് ഇന്ത്യൻ ഭരണഘടന തന്നെ ശരിയല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സന്ദീപാനന്ദഗിരി ആദ്യം ചെയ്യേണ്ടത് സ്ക്കൂൾ ഓഫ് ഭഗവത് ഗീത എന്ന പേരിൽ നിന്ന് ഭഗവത് ഗീത എന്ന വാക്ക് മാറ്റണം. ശബരിമല പ്രക്ഷോഭ കാലത്ത് അദ്ദേഹം നാരായണഗുരുവിനേയും ചട്ടമ്പിസ്വാമിയേയും പിന്നിലാക്കി നവോത്ഥാന നായകനാകാൻ ഒരു ശ്രമം നടത്തി നോക്കി. വേറെ കുറെ വിവരദോഷികൾ ചേർന്ന് ആശ്രമവും കാറും കത്തിച്ചത് മിച്ചം. വാക്ക് കൊടുത്തവർ അത് പാലിച്ചതുമില്ല.
വിനു വി.ജോൺ പറയുന്നത് കൈയ്യിൽ ചരട് കെട്ടരുത്, ക്ഷേത്രത്തിൽ തീർത്ഥം വാങ്ങി കുടിക്കരുത്. ഇതെല്ലാം പറയാൻ താങ്കൾക്ക് ആര് അവകാശം തന്നു ?
അതായത് വിനു.വി. ജോണും അരുണും പറയുന്നത്, ഹൈന്ദവർ ക്ഷേത്രത്തിൽ പോകരുത്, ക്രൈസ്തവരും മുസ്ലീങ്ങളും പള്ളിയിൽ പോകരുത്
എന്നൊക്കെയാണ്. അതിര് കടക്കുന്നത് ആർക്കും നല്ലതല്ല.
പുരക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടല്ലേ അവതാരക അവതാരങ്ങളേ ..