Advertisment

“ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു”; കലിംഗയുടെ കൊണാർക്ക് സൂര്യക്ഷേത്രം

author-image
admin
Updated On
New Update

publive-image

Advertisment

വലിയ രഥത്തിന്റെ ആകൃതിയിൽ പന്തീരായിരം ശിൽപ്പികളുടെ രൂപകൽപന.. കടൽത്തീരത്ത് അതിമനോഹരമായ ക്ഷേത്ര വാസ്തുവിദ്യ.. കാലം കൊത്തിവെച്ചൊരു കൽക്കൊട്ടാരം.. ‘ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു..’ കൊണാർക്ക് സൂര്യ ക്ഷേത്രത്തെക്കുറിച്ച് വിശ്വകവിയായ രബീന്ദ്രനാഥ ടാഗോർ പറഞ്ഞ വാക്കുകളാണിത്.

പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്. സൂര്യദേവൻ ആരാധനാ മൂർത്തിയായ ക്ഷേത്രം.. ഒഡിഷയിലെ പുരി ജില്ലയിൽ നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവ് പണി കഴിപ്പിച്ച ക്ഷേത്രം.. ഇത് ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നുകൂടിയാണ്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച കലിംഗയുടെ കൊണാർക്ക് ക്ഷേത്രം. വാസ്തുവിദ്യാ വിസ്മയമായ ഈ സൂര്യക്ഷേത്രം ബംഗാൾ ഉൾക്കടലിന്റെ തീരത്താണുള്ളത്..

കോൺ എന്നും, അർക്കൻ എന്നുമുള്ള രണ്ട് പദങ്ങളിൽ നിന്നാണ് കൊണാർക്ക് എന്ന വാക്കുണ്ടായതെന്ന് കരുതുന്നു. കോൺ എന്നാൽ മൂല, ദിക്ക് എന്നെല്ലാമാണ് അർത്ഥം. അർക്കൻ എന്നാൽ സൂര്യൻ.. അതിനാൽ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രമെന്ന നിലയിൽ കൊണാർക്ക് സൂര്യ ക്ഷേത്രമെന്ന പേരിനെ നിർവചിക്കാം.

ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ മണൽകല്ലിൽ കടഞ്ഞെടുത്ത സൂര്യക്ഷേത്രം.. ഏഴ് കുതിരകളും ഇരുപത്തിരണ്ട് ചക്രങ്ങളുമായി സൂര്യദേവന്റെ ഈ ക്ഷേത്ര രഥം ആകർഷിക്കുന്നത് ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ കൂടിയാണ്. കൊണാർക്കിലെ രഥ ചക്രങ്ങളാണ് പഴയ 20 രൂപ നോട്ടിലും ഇപ്പോഴത്തെ പത്ത് രൂപ നോട്ടിലുമെല്ലാം കണുന്നത്.

ഒരു രഥത്തിന്റെ മാതൃകയിലാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഏഴു കുതിരകൾ ചേർന്ന് ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെയും കാണാം.. പ്രധാന ക്ഷേത്രത്തിന് മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപമാണ് നടന മന്ദിരം. ഇവിടെ സൂര്യനോടുള്ള ആരാധന എന്ന നിലയിൽ പണ്ട് കലാരൂപങ്ങൾ സംഘടിപ്പിച്ചിരുന്നു. രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ട് ചക്രങ്ങൾ വീതമുണ്ട്. ഈ ചക്രങ്ങളുടെ നിഴൽ നിലത്ത് വീഴുന്നത് നോക്കി സമയം തിട്ടപ്പെടുത്താൻ സാധിച്ചിരുന്നു എന്ന ഒരു സവിശേഷതയുമുണ്ട്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്.

ക്ഷേത്രത്തിലെ ചുമർ ശില്പങ്ങളിൽ ദേവീ ദേവന്മാരുടെ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ, ഗന്ധർവന്മാർ, യക്ഷികൾ, പുരാണ കഥാ സന്ദർഭങ്ങൾ, നൃത്തം ചെയ്യുന്ന അപ്‌സരസുകൾ എന്നിവയെല്ലാം കാണാൻ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങളുമുണ്ട്.

നരസിംഹദേവരാജൻ മുസ്ലീം ഭരണാധികാരികൾക്ക് മേൽ നേടിയ വിജയം അടയാളപ്പെടുത്താനാണ് സൂര്യക്ഷേത്രം നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. ശാപം മൂലം കുഷ്ഠരോഗിയായി ശ്രീകൃഷ്ണന്റെ മകൻ സാംബൻ 12 വർഷം സൂര്യനെ ഭജിച്ച് രോഗവിമുക്തി നേടിയെന്നും തുടർന്ന് സൂര്യനെ ആരധിക്കാനായി ക്ഷേത്രം പണിതെന്നുമാണ് ഐതിഹ്യം..

പുരി ജില്ലയിൽ നിന്നും കൊണാർക്ക് – പുരി മറൈൻ ഡ്രൈവ് റോഡിലൂടെ 35 കിലോമീറ്റർ യാത്ര ചെയ്താൽ കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെത്താം. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്. അതിനാൽ ആരാധന കർമങ്ങളെല്ലാം സമീപത്ത് നിർമിച്ച ചെറിയ അമ്പലത്തിലാണ്..

Advertisment