Advertisment

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; പാകിസ്ഥാന്റെ ചരിത്രവിജയം 10 വിക്കറ്റിന്‌

New Update

publive-image

Advertisment

ദുബായ്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയ്‌ക്കെതിരായ ആദ്യ വിജയം സ്വന്തമാക്കി. 152 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം മറികടന്നു. ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാന്‍ (55 പന്തില്‍ 79), ക്യാപ്റ്റന്‍ ബാബര്‍ അസം (52 പന്തില്‍ 68) എന്നിവരുടെ പ്രകടനം പാക് വിജയത്തില്‍ നിര്‍ണായകമായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയുടെയും 39 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

49 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 57 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഒരുവേള 31-3 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്. പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റ് വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഷഹീന്‍ അഫ്രീദി രോഹിത് ശര്‍മയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു രോഹിത്തിന്റെ മടക്കം.

പിന്നാലെ മൂന്നാം ഓവറില്‍ ഷഹീന്‍ കെ.എല്‍ രാഹുലിനെയും (3) പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. സൂര്യകുമാർ യാദവ് (എട്ടു പന്തിൽ 11), ഋഷഭ് പന്ത് (30 പന്തിൽ 39), രവീന്ദ്ര ജഡേജ (13 പന്തിൽ 13) ഹാർദിക് പാണ്ഡ്യ (എട്ടു പന്തിൽ 11) എന്നിവരുടെ ചെറുതും വലുതുമായ സംഭാവനകൾ കൂടിയായതോടെയാണ് ഇന്ത്യ പൊരുതാവുന്ന സ്കോറിലെത്തിയത്. ഭുവനേശ്വർ കുമാർ (4), മുഹമ്മദ് ഷമി (0) എന്നിവർ പുറത്താകാതെ നിന്നു.

Advertisment