അവസാന പന്തില്‍ സിക്‌സടിച്ച് ഷാരൂഖ് ഖാന്‍; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിന് കിരീടം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കേ സിക്‌സടിച്ച ഷാരൂഖ് ഖാന്റെ മികവില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സയ്യിദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി തമിഴ്‌നാട്. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തിൽ നാലു വിക്കറ്റിനാണ് തമിഴ്നാട് കർണാടകയെ വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 151 റൺസ്. തമിഴ്നാട് ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്നിങ്സിലെ അവസാന പന്തിൽ വിജയത്തിലെത്തി. തമിഴ്‌നാടിന് ജയിക്കാന്‍ 22 പന്തില്‍ നിന്ന് 57 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ ഷാരൂഖ് 15 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്നു.

പ്രതീക് ജയിൻ എറിഞ്ഞ അവസാന ഓവറിൽ തമിഴ്നാടിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 16 റൺസ്. ഷാരൂഖ് ഖാനും സായ് കിഷോറും ക്രീസിൽ. 19–ാം ഓവറിലെ അവസാന പന്തിൽ ഷാരൂഖ് സിക്സർ നേടിയതോടെയാണ് അവസാന ഓവറിൽ വിജയലക്ഷ്യം ആറു പന്തിൽ 16 റൺസെന്ന നിലയിലായത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിന്റെ മൂന്നാം കിരീടമാണിത്.

46 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 41 റണ്‍സെടുത്ത എന്‍. ജഗദീശനാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. ഹരി നിശാന്തും (23) ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സായ് സുദർശൻ (12 പന്തിൽ 9), സഞ്ജയ് യാദവ് (5), മുഹമ്മദ് (5) എന്നിവർ നിരാശപ്പെടുത്തി. സായ് കിഷോർ മൂന്നു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.

കർണാടകയ്ക്കായി കെ.സി. കരിയപ്പ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റഅ വീഴ്ത്തി. പ്രതീക് ജയിൻ, വിദ്യാധർ പാട്ടീൽ, കരുൺ നായർ, പ്രവീൺ ദുബെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 151 റണ്‍സെടുത്തത്.

37 പന്തില്‍ നിന്ന് നാലു ഫോറും രണ്ടു സിക്‌സുമടക്കം 46 റണ്‍സെടുത്ത അഭിനവ് മനോഹറും 25 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 33 റണ്‍സെടുത്ത പ്രവീണ്‍ ദുബെയുമാണ് കര്‍ണാടകയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. രോഹന്‍ കദം (0), മനീഷ് പാണ്ഡെ (13), കരുണ്‍ നായര്‍ (18), ശരത് (16), ജെ. സുചിത് (18) എന്നിവരാണ് പുറത്തായ മറ്റ് കര്‍ണാടക താരങ്ങള്‍.

തമിഴ്നാടിനായി സായ് കിഷോർ നാല് ഓവറിൽ 12 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സന്ദീപ് വാരിയർ, സഞ്ജയ് യാദവ്, ടി.നടരാജൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Advertisment