തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം വയസില്‍ ഇതിഹാസ താരത്തിന്‍റെ വേര്‍പാട് എന്നാണ് റിപ്പോര്‍ട്ട്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമാണ്.
1969-ല്‍ ജനനം
ഓസ്‌ട്രേലിയയിലെ മെൽബണിന്റെ ഒരു പുറം പ്രാന്തപ്രദേശമായ വിക്ടോറിയയിലെ അപ്പർ ഫെർൻട്രി ഗള്ളിയിൽ 1969 സെപ്റ്റംബർ 13-ന് ജർമ്മൻ വംശജനായ ബ്രിഡ്ജറ്റ് (ബ്രിജിറ്റ്) കീത്ത് വോണിന്റെ മകനായാണ് ഷെയ്ന്‍ വോണിന്റെ ജനനം.
1983-84 സീസണിൽ അന്നത്തെ വിക്ടോറിയൻ ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ-16 ഡൗളിംഗ് ഷീൽഡ് മത്സരത്തിൽ മെൽബൺ യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് വോണ്‍ തന്റെ ക്രിക്കറ്റ് ജീവിതം ആരംഭിച്ചത്. പിന്നീട് 1990-ൽ അഡ്‌ലെയ്ഡിലെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അക്കാദമിയിൽ (എഐഎസ്) പരിശീലനത്തിനായി ചേര്‍ന്നു.
1991 ഫെബ്രുവരി 15-ന് മെൽബണിലെ ജംഗ്ഷൻ ഓവലിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയ്‌ക്കെതിരെ വോൺ തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 1991 സെപ്റ്റംബറിൽ സിംബാബ്‌വെയിൽ പര്യടനം നടത്തിയ ഓസ്‌ട്രേലിയ ബി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന രണ്ടാം പര്യടന മത്സരത്തിൽ, 49 റണ്‍സിന് ഏഴു വിക്കറ്റാണ് വോണ്‍ പിഴുതത്. ഈ പ്രകടനം ഓസ്‌ട്രേലിയന്‍ ബി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ വോണ്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധാകേന്ദ്രമായി.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്
ഓസ്‌ട്രേലിയയ്‌ക്കായി ടെസ്റ്റ് തലത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് വോൺ ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. 1992 ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്‌ക്കെതിരായ ഒരു ടെസ്റ്റിനായി ഓസ്‌ട്രേലിയൻ ടീമിലേക്ക് വിളിയെത്തി. അന്താരാഷ്ട്ര കരിയറില്‍ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും, തന്റെ സ്പിന്‍ മാന്ത്രികത കൊണ്ട് വോണ്‍ എന്ന താരം പിന്നീട് ഇതിഹാസമായി മാറുകയായിരുന്നു.
ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്നായി ആയിരത്തിലധികം വിക്കറ്റ് വോൺ നേടിയിട്ടുണ്ട്. മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററാണ് വോൺ.
രാജസ്ഥാനെ കിരീടത്തിലേക്ക് നയിച്ചു
2008 ലെ പ്രഥമ ഐപിഎൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് കിരീടം ചൂടിയത് ഷെയ്ൻ വോണിന്റെ നേതൃത്വത്തിലാണ്. അന്ന് ഒട്ടും തന്നെ കിരീടസാധ്യതയില്ലാതിരുന്ന ഒരു ടീമായാണ് എല്ലാവരും രാജസ്ഥാനെ കണ്ടിരുന്നത്. എന്നാല്‍ വോണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയത് ക്രിക്കറ്റ് നിരൂപകരെ പോലും ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു.
നൂറ്റാണ്ടിന്റെ പന്ത്
പന്തുകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത വോണ്‍ ആരാധകര്‍ക്ക് എന്നും ഒരു അത്ഭുതം ആയിരുന്നു. 'നൂറ്റാണ്ടിന്റെ പന്തി'നെക്കുറിച്ച് അറിയാത്ത ക്രിക്കറ്റ് പ്രേമികളുണ്ടാകില്ല. ക്രിക്കറ്റ് ലോകം നൂറ്റാണ്ടിന്റെ പന്തെന്ന് വിശേഷിപ്പിച്ച വോണിന്റെ ആ മാജിക്ക് പിറന്നിട്ട് 27 വര്‍ഷം തികഞ്ഞു.
1993 ജൂണ്‍ നാല്, ഓസ്ട്രേലിയ - ഇംഗ്ലണ്ട് ആഷസ് പരമ്പര. ഓൾഡ് ട്രാഫോർഡ് മൈതാനത്തിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് നൂറ്റാണ്ടിന്റെ പന്ത് എന്ന് അറിയപ്പെടുന്ന സംഭവമുണ്ടായത്. ഇംഗ്ലണ്ട് നായകനായിരുന്ന ഗ്രഹാം ഗൂച്ച് ടോസ് നേടുകയും ബൗളിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. പിച്ചിന്റെ ആനുകൂല്യം മുതലാക്കി ഓസ്ട്രേലിയൻ ബാറ്റിംഗിനെ മുട്ടുകുത്തിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
ഓസ്ട്രേലിയയുടെ മാർക്ക് ടെയ്‌ലർ ശതകം നേടിയെങ്കിലും 289 എന്ന ശരാശരി സ്കോറിന് ഓസ്ട്രേലിയ പുറത്തായി. ഇംഗ്ലണ്ടിന്റെയും തുടക്കം നല്ലതായിരുന്നു. മെർവ് ഹ്യൂസിന്റെ പന്തിൽ മൈക്ക് ആതർട്ടൺ പുറത്താകുന്നതിനിടയിൽ ഇംഗ്ലണ്ട് 71 റണ്ണുകൾ നേടിയിരുന്നു. അടുത്തതായി ബാറ്റ് ചെയ്യാൻ വന്നത് ഗാറ്റിംഗായിരുന്നു.
വോണിന്റെ കൈവിരലുകളില്‍ നിന്ന് പിറവിയെടുത്ത ഒരു പന്ത് സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റമ്പ് പിഴുതപ്പോള്‍ ക്രിക്കറ്റ് ലോകത്ത് അത് ഒരു അത്ഭുതക്കാഴ്ചയായി മാറുകയായിരുന്നു. ലെഗ് സ്റ്റമ്പിന് പുറത്തു കുത്തിയ ഒട്ടും അപകടകരമല്ലാതിരുന്ന ആ പന്ത് തന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയത് കണ്ട് സാക്ഷാല്‍ മൈക്ക് ഗാറ്റിങ് പോലും ഒന്ന് അമ്പരന്നു.
ഗാറ്റിംഗ് പുറത്താകുമ്പോൾ 80 റണ്ണുകൾക്ക് 2 വിക്കറ്റുകൾ എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ആ അവസ്ഥയിൽ നിന്നും അവർ ഒരിക്കലും കരകയറിയില്ല. സ്കോർബോർഡിൽ നാല് റണ്ണുകൾ കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ റോബിൻ സ്മിത്തിനേയും വോൺ പുറത്താക്കി. അതിനു ശേഷം ഗ്രഹാം ഗൂച്ചിന്റേയും ആൻഡി കാഡിക്കിന്റേയും വിക്കറ്റുകൾ കൂടി വോൺ സ്വന്തമാക്കി. അങ്ങനെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 210 റണ്ണുകളോടെ അവസാനിച്ചു.