ഫറ്റോര്‍ദ: തന്റെ ടീം ഐഎസ്എല്‍ കിരീടം നേടുമ്പോഴും ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നു ഹൈദരാബാദ് എഫ്‌സിയുടെ മലയാളിതാരം അബ്ദുല്‍ റബീഹ്. മത്സരം കാണാന്‍ ഗോവയിലേക്ക് പുറപ്പെടുന്നതിനിടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ട രണ്ടു പേര്‍ റബീഹിന്റെ പ്രിയപ്പെട്ടവരായിരുന്നു.
റബീഹിന്റെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് ഷിബിലും അയല്‍വാസിയായ ജംഷീര്‍ മുഹമ്മദുമാണ് ഫുട്‌ബോള്‍ ആരാധകരുടെ നോവായത്.റബീഹ് നല്‍കിയ ടിക്കറ്റുമായാണ് കളി കാണാന്‍ ഏഴംഗ സംഘം ഗോവയിലേക്ക് പുറപ്പെട്ടത്.
റബീഹിന്റെ ബൈക്കിലായിരുന്നു ഷിബിലിന്റേയും ജംഷീറിന്റേയും യാത്ര. കാറില്‍ സ്ഥലസൗകര്യമില്ലാത്തതിനാലാണ് ഇരുവരും യാത്ര ബൈക്കിലാക്കിയത്. കാഞ്ഞങ്ങാട് കല്ലൂരാവിയിലേക്ക് കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ ബൈക്കിടിലിടിച്ചാണ് ഇരുവരും മരണപ്പെട്ടത്.
കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ഫൈനല്‍ മത്സരത്തിന് ഹൈദരാബാദ് തയ്യാറെടുക്കുമ്പോള്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ ആഘാതത്തിലായിരുന്നു റബീഹ്. ഒടുവില്‍ ഹൈദരാബാദ് കിരീടം നേടിയപ്പോഴും ആഘോഷങ്ങളില്‍ പങ്കെടുക്കാതെ കരഞ്ഞു കലങ്ങിയ കണ്ണുമായി എല്ലാം റബീഹ് നോക്കിനിന്നു.
ഒടുവില്‍ കിരീടത്തിനൊപ്പം ഒരു ചിത്രമെടുത്തു. അതില്‍ റബീഹ് പ്രിയപ്പെട്ട ജംഷീറിനേയും ഷിബിലിനേയും കൂടെ കൂട്ടിയിരുന്നു. സ്വന്തം ജഴ്‌സിയില്‍ ഷിബില്‍ എന്നെഴുതിച്ചേര്‍ത്ത റബീഹ്, ജംഷീര്‍ എന്നെഴുതിയ മറ്റൊരു ജഴ്‌സിയും കൈയില്‍ പിടിച്ചിരുന്നു. ഈ കിരീടം നിങ്ങള്‍ക്കുള്ളതാണെന്ന് റബീഹ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.