രാജസ്ഥാന്‍ റോയല്‍സ് വീണ്ടും പറ്റിക്കുന്നോ? ആ വിവാദങ്ങള്‍ വെറും തമാശ മാത്രമെന്ന് സൂചന; പുതിയ വീഡിയോ സൂചിപ്പിക്കുന്നതും ഇതൊരു പ്രാങ്കാണെന്ന് തന്നെ; എന്തായാലും 'പണി' കിട്ടിയത് സഞ്ജുവിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പരിഹസിച്ച രാജസ്ഥാന്‍ റോയല്‍സ് അഡ്മിനെ പുറത്താക്കിയെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് വ്യാപകമായി ചര്‍ച്ചയായിരുന്നു. ആ സംഭവം ഇങ്ങനെ...

കറുത്ത കണ്ണടയും തലപ്പാവും ധരിച്ചുള്ള സഞ്ജുവിന്റെ എഡിറ്റ് ചെയ്ത ഒരു ചിത്രം റോയല്‍സ് അഡ്മിന്‍ ട്വീറ്റ് ചെയ്തതാണ് വിവാദത്തിന് കാരണം. നിങ്ങള്‍ സുന്ദരനായി കാണപ്പെടുന്നുവെന്നായിരുന്നു അടിക്കുറിപ്പ്.

ഇത് ശ്രദ്ധയില്‍പ്പെട്ട സഞ്ജു അതില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു. കൂട്ടുകാര്‍ക്കിടയില്‍ ഇങ്ങനെ ചെയ്യാം. പക്ഷേ, ടീമുകള്‍ പ്രൊഫഷണലായിരിക്കണം എന്ന് സഞ്ജു ട്വീറ്റ് ചെയ്തു.

സഞ്ജുവിന്റെ വിമര്‍ശനത്തിന് പിന്നാലെ റോയല്‍സ് വിവാദ ട്വീറ്റ് നീക്കം ചെയ്തു. സോഷ്യല്‍ മീഡിയ ടീമിനെയും രാജസ്ഥാന്‍ റോയല്‍സ് മാറ്റി. സംഭവത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നല്‍കുന്ന വിശദീകരണം ഇങ്ങനെ.

"ഇന്നത്തെ സംഭവങ്ങളുടെ വെളിച്ചത്തിൽ, സോഷ്യൽ മീഡിയയിലെ ഞങ്ങളുടെ സമീപനത്തിലും ടീമിലും ഞങ്ങൾ മാറ്റങ്ങൾ വരുത്തും. ആദ്യ മല്‍സരത്തിനു മുന്നോടിയായി ടീമിനുള്ളില്‍ എല്ലാം മികച്ച രീതിയില്‍ തന്നെയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മല്‍സരത്തിനു സംഘം തയ്യാറെടുക്കുകയാണ്. മാനേജ്മെന്റ് മൊത്തത്തിലുള്ള ഡിജിറ്റൽ സ്ട്രാറ്റജി പുനഃപരിശോധിക്കുകയും യഥാസമയം ഒരു പുതിയ ടീമിനെ നിയമിക്കുകയും ചെയ്യും. ഐ‌പി‌എൽ സീസണാണിതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അക്കൗണ്ടില്‍ പതിവായി അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യണമെന്ന് ആരാധകർ ആഗ്രഹിക്കുന്നു. താൽക്കാലിക പരിഹാരങ്ങൾ ഞങ്ങൾ കണ്ടെത്തും''

അത് വെറും പ്രാങ്ക്‌ ?

രാജസ്ഥാന്‍ റോയല്‍സ് ഫേസ്ബുക്കില്‍ പങ്കുവച്ച പുതിയ വീഡിയോ ഇതെല്ലാം ഒരു പ്രാങ്ക് മാത്രമായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. അഡ്മിന്‍ അവസാനമായി ടീമംഗങ്ങളോട് സംസാരിക്കുന്നതും പുറത്തേക്ക് പോകുന്നതും വൈകാരികമായി തന്നെ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നു.

അവസാനമായി എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. ലവ് യൂ സഞ്ജു സാംസണ്‍ എന്നും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്. അശ്വിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും മാനേജ്‌മെന്റും അഡ്മിനോട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

https://www.facebook.com/RajasthanRoyals/videos/701989187806326

ടീം അഡ്മിനെ പുറത്താക്കിയതാണെങ്കില്‍ വൈകാരിക പ്രകടനത്തിന് അവസരമൊരുക്കുന്ന ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവയ്ക്കില്ലെന്ന് വ്യക്തമാണ്. വരും ദിവസങ്ങളില്‍, ഇതില്‍ എന്തായാലും വ്യക്തത വരും. നേരത്തെ യുസ്വേന്ദ്ര ചഹലിനെ അഡ്മിനാക്കിയും മറ്റും തമാശ ഒപ്പിച്ചിട്ടുള്ളതാണ് രാജസ്ഥാന്റെ അഡ്മിന്‍ എന്നതും ശ്രദ്ധേയം.

അതേസമയം, സഞ്ജു സാംസണിനെതിരെ സൈബറിടങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. ഐപിഎല്‍ ടീമുകളിലെ ഏറ്റവും മികച്ച അഡ്മിന്‍ രാജസ്ഥാന്റേത് ആണെന്ന് ആരാധകര്‍ പറയുന്നു. സഞ്ജു പരസ്യമായി പ്രതികരിച്ചത് ബാലിശമായെന്നും വിമര്‍ശനമുയരുന്നുണ്ട്. ചിലര്‍ സഞ്ജുവിനെതിരെ രൂക്ഷമായാണ് പ്രതികരിക്കുന്നത്. എന്തായാലും ഇത് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രാങ്കാണെങ്കിലും, അല്ലെങ്കിലും ചീത്തവിളി കേള്‍ക്കേണ്ടി വരുന്നത് പാവം സഞ്ജു സാംസണ്‍ മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം.

Advertisment