മെസി പെനാൽറ്റി പാഴാക്കിയത് അ‌ർജന്റീനയ്ക്ക് ഭാഗ്യസൂചനയോ? ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിൽ പെനാൽറ്റി പാഴാക്കിയാൽ അക്കുറി കിരീടം നേടുന്ന പതിവ് അർജന്റീന ആവർത്തിക്കുമോ? എഴുതിത്തള്ളിയവർക്ക് മുന്നിൽ രണ്ട് ആധികാരിക വിജയങ്ങളോടെ നെഞ്ചുവിരിച്ച് മെസിയും സംഘവും ലോകകപ്പ് പ്രീ ക്വാർട്ടറിലേക്ക്. അ‌ർജന്റീനയുടെ കളികൾ ലോകം കാണിനിരിക്കുന്നതേയുള്ളൂ

New Update

publive-image

Advertisment

ദോഹ : ആദ്യ മത്സരത്തിൽ സൗദി അറേബ്യയിൽ നിന്ന് അപ്രതീക്ഷിതമായ തോൽവി ഏറ്റുവാങ്ങേണ്ടിവന്നപ്പോൾ എഴുതിത്തള്ളിയവർക്ക് മുന്നിൽ രണ്ട് ആധികാരിക വിജയങ്ങളോടെ നെഞ്ചുവിരിച്ച് മെസിയും സംഘവും ലോകകപ്പ് പ്രീ ക്വാർട്ടറിലേക്കെത്തി. ഗ്രൂപ്പ് റൗണ്ടിലെ മൂന്നാംമത്സരത്തിൽ പെനാൽറ്റി പാഴാക്കിയാൽ അക്കുറി കിരീടം നേടുന്ന പതിവ് അർജന്റീന ആവർത്തിക്കുമോ എന്ന ആകാക്ഷയിലാണ് ആരാധകർ.

1978-ലെയും 1986-ലെയും അർജന്റീനയുടെ ലോകകപ്പിലെ മൂന്നാം മത്സരത്തിൽ മരിയോ കെംപസും ഡീഗോ മാറഡോണയും പെനാൽറ്റി പാഴാക്കിയിരുന്നു. ആ വർഷങ്ങളിൽ അർജന്റീന കിരീടം നേടുകയും ചെയ്തു. ഇത്തവണ മൂന്നാം മത്സരത്തിലാണ് മെസിയും പെനാൽറ്റി പാഴാക്കിയിരിക്കുന്നത്.

ലയണൽ മെസിയുടെ പെനാൽറ്റി കിക്ക് തടുത്തെങ്കിലും തനിക്ക് 100യൂറോ മെസിയുമായി ബെറ്റുവച്ചത് നഷ്‌മായെന്ന് പോളിഷ് ഗോളി ഷ്സെസ്‌നി . 39-ാം മിനിട്ടിലായിരുന്നു പെനാൽറ്റി സേവ്. പന്ത് തട്ടിമാറ്റാനുള്ള ഷ്സെസ്‌നിയുടെ ശ്രമത്തിനിടെ മെസിയുടെ മുഖത്ത് കൈതട്ടിയതാണ് പെനാൽറ്റിക്ക് ആധാരമായത്. വാർ പരിശോധന നടത്തിയാണ് റഫറി പെനാൽറ്റി വിധിച്ചത്.

എന്നാൽ റഫറി വാർ പരിശോധിക്കുന്നതിനിടയിൽ പെനാൽറ്റി അനുവദിക്കില്ലെന്ന് താൻ മെസിയുമായി 100 യൂറോയ്ക്ക് പന്തയംവെച്ചിരുന്നുവെന്നാണ് ഷ്സെസ്‌നി മത്സരശേഷം വെളിപ്പെ‌ടുത്തിയത്. അതൊരു തമാശയായിരുന്നെന്നും പണം നൽകില്ലെന്നും പോളിഷ് ഗോളി കൂട്ടിച്ചേർത്തു. പെനാൽറ്റി മാത്രമല്ല അർജന്റീനയുടെ അഞ്ചോളം അവസരങ്ങളും ഷ്സെസ്‌നി തട്ടിമാറ്റിയിരുന്നു.

യൂറോപ്യൻ കരുത്തരായ പോളണ്ടിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ മെക്സിക്കോയേയും ഇതേ മാർജിനിൽ മറികടന്നിരുന്നു. പ്രീ ക്വാർട്ടറിൽ വിജയം അനിവാര്യമായിരുന്ന അർജന്റീന തുടക്കം മുതൽ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ആദ്യ പകുതിയിൽ സ്കോർ ബോർഡ് അനക്കാനായില്ല. ഡി മരിയയും അക്യുനയും ഡി പോളും മെസിയും ചേർന്ന് നടത്തിയ മുന്നേറ്റങ്ങൾ ഡിഫൻസിന്റെ മേന്മയേക്കാൾ ഫിനിഷിംഗിലെ ദൗർബല്യങ്ങൾകൊണ്ടാണ് നിർവീര്യമായത്. 39-ാം മിനിട്ടിൽ ലഭിച്ച ഒരു പെനാൽറ്റി മെസി പാഴാക്കുകകൂടി ചെയ്തതോടെ അർജന്റീനാ ആരാധികരുടെ ചങ്കിടിപ്പ് വർദ്ധിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ എല്ലാ വിഷമങ്ങൾക്കും അറുതിവരുത്തി തുടക്കത്തിൽതന്നെ മക് അലിസ്റ്ററിലൂടെ സ്കോർ ചെയ്യാൻ അർജന്റീനയ്ക്ക് കഴിഞ്ഞു. ആക്രമണം അവിടെ നിറുത്താതെ തുടർച്ചയായി ഇരച്ചുകയറി 67-ാം മിനിട്ടിൽ ജൂലിയാൻ അൽവാരസിലൂടെ രണ്ടാം ഗോളും നേടി. അവസാനസമയംവരെ മത്സരത്തിന്റെ നിയന്ത്രണം നിലനിറുത്താനും അർജന്റീനയ്ക്കായി.മറുവശത്ത് സ്റ്റാർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്ക് പന്തുനൽകാൻ പോലും പോളണ്ട് ടീമിലെ സഹതാരങ്ങൾക്ക് പാടുപെട്ടു. അർജന്റീന ഗോൾ പോസ്റ്റിലേക്ക് 12 ഷോട്ടുകൾ തൊടുത്തപ്പോൾ പോളണ്ടിന്റെ ഭാഗത്തുനിന്ന് അത്തരത്തിൽ ഒന്നുപോലും ഉണ്ടായില്ല.

മതസരത്തിൽ വിജയിച്ചില്ലെങ്കിലും പോളണ്ടിന് സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്താനായി. കഴിഞ്ഞ ദിവസം ഒരേ സമയം നടന്ന മറ്റൊരു മത്സരത്തിൽ സൗദി അറേബ്യയെ മെക്സിക്കോ 2-1ന് തോൽപ്പിച്ചതോടെയാണ് പോളണ്ടിന്റെ വഴി തുറന്നത്. പ്രീ ക്വാർട്ടറിൽ ഡി ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫ്രാൻസാണ് പോളണ്ടിനെ കാത്തിരിക്കുന്നത്. അർജന്റീന ഓസ്ട്രേലിയയെ നേരിടും.

Advertisment