ദോഹ: ലോകകപ്പിൽ ഏഷ്യൻ കരുത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ജപ്പാൻ. ഗ്രൂപ്പ് റൗണ്ടിൽ രണ്ട് മുൻ ലോക ചാമ്പ്യന്മാരെയാണ് ജപ്പാൻ അട്ടിമറിച്ചത്. എതിരാളിയുടെ ശ്രദ്ധ പാളുമ്പോൾ അതിവേഗത്തിൽ ഗോളടിക്കും. പിന്നെ പാറപോലെ പ്രതിരോധം. കളിക്കളത്തിലെ ഈ തന്ത്രം ഇനിയും വിജയിച്ചാൽ ജപ്പാൻ കപ്പെടുക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു. കളി ജയിക്കാൻ കൂടുതൽ സമയം പന്ത് കാൽവശം വയ്ക്കണമെന്നോ, കൂടുതൽ ഷോട്ടുകൾ അടിക്കണമെന്നോ ഇല്ല. കിട്ടുന്ന അവസരത്തിൽ എതിരാളിയുടെ വലകുലുക്കിയാൽ മതി !. ഇതാണ് കളിക്കളത്തിലെ ജപ്പാന്റെ തന്ത്രം.
2002ന് ശേഷം ജപ്പാൻ ഗ്രൂപ്പ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുന്നത് ഇതാദ്യമാണ്. തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ജപ്പാൻ പ്രീ ക്വാർട്ടറിലെത്തുന്നത് ആദ്യം. ഒരു ലോകകപ്പിൽ രണ്ട് മത്സരങ്ങളുടെ പകുതിസമയത്ത് പിന്നിട്ടുനിന്ന ശേഷം വിജയം കാണുന്ന മൂന്നാമത്തെ ടീമാണ് ജപ്പാൻ. 1938ൽ ബ്രസീലും 70ൽ ജർമ്മനിയും ഇത്തരത്തിൽ വിജയിച്ചിട്ടുണ്ട്.
ഈ ലോകകപ്പിൽ അവർ ജയിച്ച രണ്ട് മത്സരങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാൽ മതി അവരുടെ വിജയതന്ത്രം പിടികിട്ടാൻ. ആദ്യ മത്സരത്തിൽ ജർമ്മനിയെ തോൽപ്പിച്ചത് 2-1ന്. മത്സരത്തിന്റെ 74ശതമാനം സമയവും പന്ത് ജർമ്മനിക്കാരുടെ കാലുകളിലായിരുന്നു. ജപ്പാന് പൊസഷൻ വെറും 26ശതമാനവും. ജർമ്മനി ലക്ഷ്യത്തിലേക്ക് തൊടുത്തത് ഒൻപത് ഷോട്ടുകൾ. അതിൽ ഗോളായത് ഒന്നുമാത്രം. ജപ്പാൻ നാലേനാലു ഷോട്ടേ തൊടുത്തുള്ളൂ. അതിൽ രണ്ടെണ്ണം വലതുളച്ചു.
കഴിഞ്ഞ രാത്രി സ്പെയ്നിനോട് പുറത്തെടുത്തതും ഇതേ തന്ത്രമായിരുന്നു. ജപ്പാന്റെ ബാൾ പൊസഷൻ 17ശതമാനവും സ്പെയ്നിന്റേത് 83 ശതമാനവും. സ്പെയ്ൻ അഞ്ചു ഷോട്ട് തൊടുത്തപ്പോൾ ജപ്പാൻ മൂന്നെണ്ണം.എന്നിട്ടും കളി ജപ്പാൻ 2-1ന് ജയിച്ചു. 57ശതമാനത്തോളം പൊസഷൻ ഉണ്ടായിരുന്നിട്ടും കോസ്റ്റാറിക്കയോട് ഒരു ഗോളിന് തോൽക്കേണ്ടിവന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.
ആദ്യം ഗോൾ വഴങ്ങിയാലും എതിരാളിയുടെ ശ്രദ്ധ അൽപ്പം പാളുന്നിടത്ത് അതിവേഗത്തിൽ ഗോളുകൾ തിരിച്ചടിക്കുകയും പിന്നീട് പ്രതിരോധത്തിൽ പാറപോലെ ഉറച്ചുനിൽക്കുകയുമാണ് ജപ്പാന്റെ രീതി. സ്പെയ്നിനിൽ നിന്നും തുടക്കത്തിൽ ഗോൾ വഴങ്ങിയെങ്കിലും അവർ തങ്ങളുടെ നിമിഷങ്ങൾക്കായി കാത്തുനിന്നു. ലീഡ് നേടിയശേഷം സ്പെയ്നിന്റെ മുന്നേറ്റങ്ങളെ കൂട്ടായി തകർത്തു.അതിൽ ജർമ്മനിയെ കരയിച്ച ഗോളി ഗോണ്ടയുടെ പ്രകടനം എടുത്തുപറയണം.നിരവധി മിന്നുന്ന സേവുകളാണ് ഗോണ്ട സ്പെയ്നെതിരെയും പുറത്തെടുത്തത്