ദോഹ : ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിന് ഇന്ന് തുടക്കം. തോൽക്കുന്നവർ പുറത്തേക്ക് പോവും. ലോകകപ്പിൽ ഇനി സമനിലകളില്ല. നേർക്കുനേർ പോരാട്ടങ്ങളിൽ നോട്ടം പിഴയ്ക്കുന്നവർ ഔട്ടാവുന്ന നോക്കൗട്ട് റൗണ്ടിന് ഇന്ന് തുടക്കമാകുന്നു. 16 ടീമുകൾ അണിനിരക്കുന്ന പ്രീ ക്വാർട്ടറിൽ ആകെ എട്ടുപോരാട്ടങ്ങൾ. അതിൽ നിന്ന് എട്ടുടീമുകൾ ക്വാർട്ടറിലേക്ക്. എട്ടുപേർ പുറത്തേക്ക്.
ആദ്യ പ്രീ ക്വാർട്ടറിൽ ഹോളണ്ടും അമേരിക്കയും ഏറ്റുമുട്ടും. ഇന്ന് രാത്രി എട്ടരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഹോളണ്ടും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ അമേരിക്കയും തമ്മിലാണ് ആദ്യ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. ഒരു കളിപോലും തോൽക്കാതെയാണ് ഹോളണ്ട് പ്രീ ക്വാർട്ടറിനെത്തുന്നത്. ആദ്യമത്സരത്തിൽ സെനഗലിനെ 2-0ത്തിന് തോൽപ്പിച്ചു. രണ്ടാം മത്സരത്തിൽ ഇക്വഡോറുമായി സമനില. അവസാന മത്സരത്തിൽ ഖത്തറിനെ 2-0ത്തിന് കീഴടക്കി.
അമേരിക്ക ഒരുകളിയും തോറ്റില്ലെങ്കിലും ജയിച്ചത് ഒന്നിൽ മാത്രം.രണ്ട് സമനിലകൾ വഴങ്ങി. ആദ്യ മത്സരത്തിൽ വെയിൽസുമായി 1-1ന് സമനില. അടുത്ത കളിയിൽ ഇംഗ്ളണ്ടുമായി ഗോൾരഹിത സമനില. ഒടുവിൽ ഇറാനെ 1-0ത്തിന് തോൽപ്പിച്ച് പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തു.
ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും ഗോളടിച്ച കോഡി ഗാപ്കോയാണ് ഹോളണ്ടിന്റെ തുറുപ്പ് ചീട്ട്. വിർജിൽ വാൻഡിക്ക്,മെംഫിസ് ഡെപ്പേ തുടങ്ങിയവരും ടീമിലുണ്ട്. ഇറാനെതിരെ വിജയഗോളടിച്ച ക്രിസ്റ്റ്യൻ പുലിസിച്ചിലാണ് അമേരിക്കൻ പ്രതീക്ഷകൾ. യുവതാരം തിമോത്തി വിയയും മികച്ച ഫോമിലാണ്.
ഹോളണ്ടും അമേരിക്കയും ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടിയിട്ടുണ്ട്.അതിൽ നാലുവിജയം ഹോളണ്ടിന്. ഒരു വിജയം അമേക്കരിക്കയ്ക്ക്
രണ്ടാം പ്രീ ക്വാർട്ടറിൽ അർജന്റീനയും ഓസ്ട്രേലിയയുമാണ്. മത്സരം രാത്രി പന്ത്രണ്ടര മുതൽ. ആദ്യ മത്സരത്തിൽ സൗദിയാൽ അട്ടിമറിക്കപ്പെട്ടെങ്കിലും രണ്ട് തുടർവിജയങ്ങളോടെ ഗ്രൂപ്പ് സിയിൽ ഒന്നാമന്മാരായാണ് അർജന്റീന എത്തുന്നത്. ഓസ്ട്രേലിയയുടെ വിജയക്കണക്കും സമാനരീതിയിൽ . എന്നാൽ ഗ്രൂപ്പ് ഡിയിൽ ഗോൾ മാർജിനിൽ ഫ്രാൻസിന് പിന്നിൽ രണ്ടാമതാവേണ്ടിവന്നു.
സൗദി 2-1നാണ് അർജന്റീനയെ അട്ടിമറിച്ചത്. തുടർന്ന് മെക്സിക്കോയേയും പോളണ്ടിനെയും 2-0എന്ന മാർജിനിൽ മെസിയും സംഘവും കീഴടക്കി. ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ 1-4ന് ഫ്രാൻസിനോട് തോറ്റു. തുടർന്ന് ടുണീഷ്യയെയും ഡെന്മാർക്കിനെയും 1-0ത്തിന് തോൽപ്പിച്ചു.
സാക്ഷാൽ ലയണൽ മെസി തന്നെയാണ് അർജന്റീനയുടെ കുന്തമുന. കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയെങ്കിലും ടീം വിജയിച്ചത് മെസിക്ക് ആശ്വാസമായിരുന്നു. ഏൻജൽ ഡി മരിയ, ജൂലിയാൻ അൽവാരസ്, മക് അലിസ്റ്റർ,മൊളീന,എൻസോ,ഡി പോൾ തുടങ്ങിയവർ കൂടി ഫോമിലേക്ക് ഉയർന്നാൽ അർജന്റീനയ്ക്ക് ക്വാർട്ടർ ഉറപ്പിക്കാം. മറുവശത്ത് ഗോളി റയാൻ, മാറ്റ് ലെക്കീ, ഗുഡ്‌വിൻ, ഇർവിൻ തുടങ്ങിയവരിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകൾ. ഇരുടീമുകളും ഏഴുതവണ ഏറ്റുമുട്ടിയതിൽ അഞ്ചുവിജയം അർജന്റീനയ്ക്ക് . ഒരു ജയം ഓസ്ട്രേലിയയ്ക്ക്. ഒരു സമനില.