കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ അഞ്ചാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ 3-2 നാണ് മഞ്ഞപ്പട തോല്‍പിച്ചത്.
14-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി വലയിലെത്തിച്ച് സുനില്‍ ഛേത്രി ബെംഗളൂരുവിനെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ 25-ാം മിനിറ്റില്‍ മാര്‍ക്കോ ലെസ്‌കോവിച്ച് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി.
43-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസും, 70-ാം മിനിറ്റില്‍ അപൊസ്‌തോലസ് ജിയാനുവും നേടിയ ഗോളുകളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചു. എന്നാല്‍ 81-ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസ് നേടിയ ഗോളിലൂടെ ബെംഗളൂരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മഞ്ഞപ്പടയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ തോറ്റു മടങ്ങാനായിരുന്നു വിധി.
ഈ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാമതെത്തി. ബെംഗളൂരു ഒമ്പതാമതാണ്.