ലോകകപ്പിൽ മുത്തമിടാൻ ഇനി നാല് ടീമുകൾ മാത്രം; സെമി ഫൈനൽ പോരാട്ടങ്ങൾക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി! ആദ്യ സെമിയിൽ അർജന്റീനയും ക്രൊയേഷ്യയും മുഖാമുഖം; രണ്ടാം സെമിയിൽ ഫ്രാൻസും മൊറോക്കോയും; സെമിയിലും അട്ടിമറി പ്രതീക്ഷിച്ച് ലോകം; ജീവന്മരണ പോരാട്ടങ്ങൾക്ക് ദോഹയിലേക്ക് കണ്ണുംനട്ട് ലോകം

New Update

publive-image

Advertisment

ദോഹ: ലോകകപ്പിൽ മുത്തമിടാൻ ഇനി നാല് ടീമുകൾ മാത്രം. സെമി ഫൈനൽ പോരാട്ടങ്ങൾ ഡിസംബര്‍ 14ന് പുലര്‍ച്ചെ 12.30ന് ആരംഭിക്കും. ക്രിസ്റ്റ്യാനൊ റൊണാൾഡോയുടേയും നെയ്‌മറുടേയും ഹാരി കേനിന്റെയുമെല്ലാം കണ്ണീർ വീണ ക്വാർട്ടർ മത്സരങ്ങൾക്കൊടുവിൽ ലോകകിരീടം തേടിയുള്ള പോരാട്ട വേദിയിൽ ഇനി അവശേഷിക്കുന്നത് നാലേ നാല് ടീമുകൾ.

മുൻ ചാമ്പ്യൻമാരായ ലയണൽ മെസിയുടെ അർജന്റീന, ലോകകിരീടം നിലനിറുത്താനെത്തിയ എംബാപ്പെയുടെ ഫ്രാൻസ്, നിലവിലെ റണ്ണറപ്പായ ലൂക്ക മൊഡ്രിച്ചിന്റെ ക്രൊയേഷ്യ, പിന്നെ കറുത്ത കുതിരകളായ മോറോക്കൻ മായാജാലക്കാർ. ഫൈനൽ ടിക്കറ്റിനായി ഈ നാല് ടീമുകൾ ഏറ്റുമുട്ടുന്ന സെമി ഫൈനൽ പോര് ബുധനാഴ്ച തുടങ്ങുകയാണ്.


ലുസെയിൽ സ്റ്റേഡിയത്തിൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിലാണ് ഒന്നാം സെമി ഫൈനനൽ. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 12.30 നാണ് കിക്കോഫ്. ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള രണ്ടാം സെമി വ്യാഴാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 12.30 മുതലാണ്. അൽബൈത്ത് സ്റ്റേഡിയമാണ് പോരാട്ട വേദി.


മൊറോക്കോയാണ് സെമിയിലെ സർപ്രൈസ് എൻട്രി. റൊണാൾഡോയും ബ്രൂണോയും ബെർണാഡോയും ജാവോ ഫെലിക്സുമെല്ലാം അണിനിരന്ന പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് മൊറോക്കോ സെമിയിലേക്ക് ടിക്കറ്റടുത്തത്. കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ച് 42-ാം മിനിട്ടിൽ ഗോൾ നേടിയ ശേഷം കരുത്തുറ്റ പോർച്ചുഗൽ ആക്രമണ നിരയെ ബാക്കി നിമിഷമത്രയും പിടിച്ചുകട്ടിയ മൊറോക്കൻ സംഘം സെമിയിൽ ഫ്രാൻസിന് വലിയ വെല്ലുവിളിയാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

മിനിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രാൻസ് സെമിയിലെത്തിയത്. അവസാന നിമിഷം കിട്ടിയ പെനാൽറ്റി നഷ്ടമാക്കി ഹാരി കേൻ ഇംഗ്ലണ്ടിന്റെ ദുരന്ത നായകനായി.


ട്വിസ്റ്റുകളുടെ പെരുമഴകണ്ട ആക്ഷൻ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട ക്വാർട്ടറിൽ നെതർലൻഡ്സിനെ വീഴ്ത്തിയാണ് അർജന്റീനയുടെ സെമി പ്രവേശനം. ആറാം ലോകകിരീടം തേടിയെത്തിയ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ക്രൊയേഷ്യ അവസാന നാലിൽ ഒന്നായത്.


ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ലോകകപ്പ് ഫുട്ബാളിന്റെ സെമിഫൈനലിൽ എത്തുന്നത്. ലോകകപ്പ് സെമിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യവും മൊറോക്കോ തന്നെ. ക്രൊയേഷ്യ മൂന്നാം ലോകകപ്പ് സെമി. കഴിഞ്ഞ തവണ റണ്ണറപ്പായി. അർജന്റീനയുടെ ആറാം ലോകകപ്പ് സെമിയാണ് ഇത്തവണത്തേത്. 1978ലും 1986ലും ചാമ്പ്യൻമാരായി. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഏഴാം തവണയാണ് ലോകകപ്പ് സെമിയിൽ എത്തുന്നത്. 1998ലും 2018ലും ചാമ്പ്യൻമാരായി.

Advertisment