ഒടുവില്‍ മെസി അത് നേടി; ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ലോകത്തിന്റെ നെറുകയില്‍ അര്‍ജന്റീന ! ലുസൈലില്‍ കണ്ണീരണിഞ്ഞ് ഫ്രാന്‍സ്‌

New Update

publive-image

ദോഹ: പെനാല്‍റ്റി ഷൂട്ടൗട്ട് വിധി നിര്‍ണയിച്ച കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2ന് തകര്‍ത്ത് അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് കിരീടം സ്വന്തമാക്കി. കരിയറിലെ മിക്ക നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും, ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടാനാകാത്തതിന്റെ ദുഃഖം ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ലയണല്‍ മെസി മാറ്റിയെടുത്തു.

Advertisment

അര്‍ജന്റീനയ്ക്ക് വേണ്ടി ഷൂട്ടൗട്ടിനെത്തിയ മെസി, ഡിബാല, പരെഡെസ്, മൊണ്ട്യെല്‍ എന്നീ നാലു പേരും പന്ത് വലയിലെത്തിച്ചു. കൊലോ മൂവാനി, ചൗമേനി, കോമന്‍, എംബാപ്പെ എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി ഷൂട്ടൗട്ടിനെത്തിയത്. ഇതില്‍ കോമനും, ചൗമേനിക്കും പന്ത് വലയിലെത്തിക്കാന്‍ സാധിക്കാത്തതാണ് ഫ്രാന്‍സിന് തിരിച്ചടിയായത്.

റെഗുലര്‍ ടൈമില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. എന്നാല്‍ എക്‌സ്ട്രാ ടൈമിലും മത്സരം സമനിലയില്‍ കലാശിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമാകുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ 108–ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ ഗോളിന്, 118–ാം മിനിറ്റിലാണ് പെനാല്‍റ്റി വലയിലെത്തിച്ച കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് മറുപടി നൽകിയത്

അര്‍ജന്റീന ഏറെക്കുറെ വിജയമുറപ്പിച്ചെന്ന് തോന്നിച്ച മത്സരത്തില്‍ കിലിയന്‍ എംബാപ്പെ നേടിയ ഇരട്ടഗോളിലൂടെയാണ് ഫ്രാന്‍സ് മത്സരത്തിലേക്ക് തിരികെയെത്തിയത്. 80, 81 മിനിറ്റുകളിലാണ് എംബാപ്പെ ഗോളുകള്‍ നേടിയത്. ഇതിൽ ആദ്യ ഗോൾ പെനൽറ്റിയിൽനിന്നായിരുന്നു.

ബോക്‌സിനുള്ളില്‍ വെച്ച് കോലോ മുവാനിയെ ഒട്ടമെന്‍ഡി വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. പിന്നാലെ തുറം നല്‍കിയ പാസ് തകര്‍പ്പനായി വലയിലെത്തിച്ച്‌ എംബാപ്പെ ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.

അക്രമണ ഫുട്‌ബോളിന്റെ വിശ്വരൂപം അര്‍ജന്റീന പുറത്തെടുത്ത മത്സരത്തില്‍ 23-ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണ് ആദ്യ ഗോള്‍ നേടിയത്. ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത മെസ്സി അനായാസം വലയിലെത്തിച്ചു.

Advertisment