കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിന്റെ ജയം. 29-ാം മിനിറ്റില്‍ ബോര്‍ജ ഹെരേരയാണ് ഗോള്‍ നേടിയത്.
പ്ലേ ഓഫ് പോരാട്ടം മാര്‍ച്ച് മൂന്നിന് നടക്കും. പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സ്, നാലാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിയെ പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ നേരിടും. മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനും, ആറാം സ്ഥാനക്കാരായ ഒഡീഷ എഫ്‌സിയും മാര്‍ച്ച് നാലിന് നടക്കുന്ന രണ്ടാം പ്ലേ ഓഫില്‍ ഏറ്റുമുട്ടും.
ആദ്യ പ്ലേ ഓഫ് മത്സരത്തിലെ വിജയികള്‍ മാര്‍ച്ച് ഏഴിന് നടക്കുന്ന ആദ്യപാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ മുംബൈ സിറ്റിയെയും നേരിടും. രണ്ടാം പാദ സെമി മാര്‍ച്ച് 12ന് നടക്കും.
രണ്ടാം പ്ലേ ഓഫിലെ വിജയികള്‍ മാര്‍ച്ച് ഒമ്പതിന് നടക്കുന്ന ആദ്യപാദ സെമി ഫൈനലില്‍ ഹൈദരാബാദിനെ നേരിടും. മാര്‍ച്ച് 13ന് ഇതിന്റെ രണ്ടാം പാദം നടക്കും. മാര്‍ച്ച് 18നാണ് ഫൈനല്‍.