/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം: സര്‍ക്കാരിന്‍റെ പുതിയ മാധ്യമ ബില്ലാണ് കൗതുകം. അതിനിടയാക്കിയ 'രാഷട്രീയ' സാഹചര്യങ്ങളും വിചിത്രം തന്നെ. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) തിരുത്തി മാധ്യമങ്ങളില്‍ അപമാനകരവും തേജോവധം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതുമായ ഉള്ളടക്കം, ചിത്രം എന്നിവ പ്രസിദ്ധീകരിക്കുന്നത് തടയുന്നതിനായിട്ടാണ് പുതിയ മാധ്യമ ബില്‍ മന്ത്രിസഭ പരിഗണിച്ചത്.
പരിഗണനയ്ക്ക് വന്നപ്പോള്‍ തന്നെ പന്തികേടുതോന്നി മാറ്റി. അതിനുശേഷം ബില്ലിനു പിന്നാലെ സര്‍ക്കാരിന്‍റെ 'ചേതോവികാരം' അന്വേഷിച്ചപ്പോഴാണ് ആ ബില്ലിന്‍റെ 'ഗുട്ടന്‍സ്' പിടികിട്ടിയത്. അതുപ്രകാരം എത്രയും പെട്ടെന്ന് ബില്ല് അവതരിപ്പിച്ചില്ലെങ്കില്‍ ചില ഫോട്ടോകളും ഉള്ളടക്കങ്ങളും ഉടനെ പുറത്തുവരികയും ചില തല്‍പ്പര കക്ഷികള്‍ അപമാനിതരാകുകയും ചെയ്യും എന്ന പിന്നാമ്പുറം വെളിപ്പെടുകയായിരുന്നു.
ഉന്നത പദവി അലങ്കരിച്ച പ്രമുഖ സിപിഎം നേതാവ് ജനങ്ങളുടെ നികുതിപ്പണം ചിലവാക്കി സുഖിച്ചു രസിച്ചുകൊണ്ടിരിക്കുന്ന കാലത്തെ ചില വികൃത ചിത്രങ്ങള്‍ ഒരു വിവാദത്തിനു സാമ്പിളായി പുറത്തുവിട്ടപ്പോഴാണ് വിവാദ മാധ്യമ ബില്‍ സര്‍ക്കാരിന്‍റെ തലയിലുദിച്ചത്.
സാമ്പിളിനുശേഷം ഒര്‍ജിനല്‍ വെടിക്കെട്ട് ചിത്രങ്ങള്‍ പുഥത്തുവരുന്നത് തടയാന്‍ പുതിയ മാധ്യമ ബില്ലിനു കഴിയുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചു. അതുടന്‍ പുറത്തുവരുമെന്ന് വിവാദ വനിത വെളിപ്പെടുത്തുകയും ചെയ്തു. വരാനിരിക്കുന്ന ചിത്രങ്ങളുടെ സ്വഭാവം എന്തായിരിക്കുമെന്ന് വിവാദ വനിതയുടെ വെളിപ്പെടുത്തലുകളിലൂടെ ഇതിനോടകം ജനത്തിന് സാമാന്യ ധാരണയുമുണ്ട്.
പുറത്തുവരാതിരിക്കണമെങ്കില്‍ അത് നിയമം മൂലം തടയുകയേ മാര്‍ഗമുള്ളു എന്നാണ് സര്‍ക്കാര്‍ ചിന്തിച്ചത്. അതിനു വിവാദ വനിതയെ തടയുക എളുപ്പമല്ല. അങ്ങനെ വന്നാല്‍ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരുമോ എന്ന് ഭയം. എന്നാല്‍ പിന്നെ മാധ്യമങ്ങളോടാകാം എന്നായി.
അതിനുവേണ്ടിയാണ് മറ്റുള്ളവര്‍ക്ക് അപമാനകരമായി മാറാവുന്ന ചിത്രങ്ങളും ഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ഐപിസി 292 -ാം വകുപ്പ് ഭേദഗതി ചെയ്ത് 292 (എ) എന്ന ഉപവകുപ്പ് സൃഷ്ടിക്കാന്‍ ബില്ലൊരുങ്ങിയത്.
അവിടെയും മാധ്യമങ്ങള്‍ക്ക് രക്ഷയായത് 'ഉര്‍വ്വശീ ശാപം ഉപകാരമെ'ന്നതുപോലെ ഗവര്‍ണറാണ്. രാജ്ഭവനില്‍ നടന്ന പത്രസമ്മേളനത്തില്‍ നിന്ന് ചില സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളുടെ പ്രതിനിധികളെ ഗവര്‍ണര്‍ പുറത്താക്കി. ഇത് ഉയര്‍ത്തിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തിരിഞ്ഞു.
അപ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന നടപടിയെന്നൊക്കെ ഭരണകക്ഷി നേതാക്കള്‍ ഗര്‍ണര്‍ക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങി. രണ്ട് മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളെയാണ് ഗവര്‍ണര്‍ പുറത്താക്കിയത്. മുമ്പ് മറ്റൊരവസരത്തില്‍ മൊത്തം മാധ്യമ പ്രവര്‍ത്തകരോടും കൈചൂണ്ടി മറ്റൊരു പ്രയോഗത്തിലൂടെ 'ഇറങ്ങി പോടാ...' എന്ന് മുഖ്യന്‍ പറഞ്ഞ അനുഭവവും മലയാളി മാധ്യമങ്ങള്‍ക്ക് മുമ്പിലുണ്ട്.
എന്തായാലും ഇത്തരം ചിത്രങ്ങളും ഉള്ളടക്കങ്ങളും ഭാവിയില്‍ പുറത്താകാതിരിക്കണമെങ്കില്‍ അതിലകപ്പെട്ട നേതാക്കളോട് മാന്യമായി ജീവിക്കണം എന്ന് സര്‍ക്കാരോ പാര്‍ട്ടിയോ ഉപദേശിക്കേണ്ടതിനു പകരം മാധ്യമങ്ങള്‍ക്ക് 'വിലക്ക്' നല്‍കി പ്രതിരോധിക്കാനാണ് നീക്കം.
നേതാക്കള്‍ ഈ പണി തുടര്‍ന്നോട്ടെ, അവര്‍ എത്ര പറഞ്ഞാലും നന്നാകില്ല, മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിക്കരുതെന്നാണ് പുതിയ മാധ്യമബില്ലിന്‍റെ യഥാര്‍ഥ ഉള്ളടക്കമത്രെ !