Advertisment

വർണനാതീതമായ ക്ഷേത്രാനുഭവം പകരുന്ന ഇടമായ 'അമൃത്സർ'; ആ ദൃശ്യ ഭംഗിയെ കൂടുതൽ അടുത്തറിയാം

author-image
admin
New Update

publive-image

Advertisment

അമൃത്സറിലെത്തുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഇടം.. സിക്കുകാർ ഏറ്റവും പുണ്യമായി കരുതപ്പെടുന്ന പ്രാർത്ഥനാഭൂമി. ശാന്തസുന്ദരമായ അമൃത്സരോവറിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ സുവർണക്ഷേത്രം. മനുഷ്യനിർമിതമായ ഒരു കുളം. അതിന് നടുവിൽ സുവർണ നിറത്തിൽ പണിതുയർത്തിയ ക്ഷേത്രം. വിശിഷ്ടമായ മാർബിളുകൾ പതിച്ച ചുമരുകളും നിലവും.

രത്‌നങ്ങൾ സ്ഥാപിച്ച് കൊത്തുപണികൾ നടത്തിയ മേൽക്കൂരകൾ. അതിപുരാതനമായ ചുമർചിത്രങ്ങൾ.. സ്വർണപാളികൾ കൊണ്ട് മെനഞ്ഞെടുത്ത താഴിക കുടം. അങ്ങനെ എത്രവർണിച്ചാലും മതിവരാത്ത കാഴ്ചകളാണ് ഇവിടെയെത്തുന്ന ഓരോ വിശ്വാസിയെയും കാത്തിരിക്കുന്നത്. ജാതിമതഭേദമന്യേ ഏതൊരാളേയും സ്വാഗതം ചെയ്യുന്ന ഈ ക്ഷേത്രം രാജ്യത്തെ സുപ്രധാന വിനോദസഞ്ചാരങ്ങളിൽ ഒന്നുകൂടിയാണ്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന നിർമിതിയായി ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ സുവർണക്ഷേത്രത്തിൽ പ്രതിദിനം ലക്ഷകണക്കിന് ആളുകൾ എത്താറുണ്ടെന്നാണ് കണക്ക്. രണ്ട് നിലകളിലായി മാർബിളിൽ തീർത്ത ഈ ഗുരുദ്വാര സിക്ക് മതക്കാരുടെ ആത്മീയ തലസ്ഥാനമായ പഞ്ചാബിലെ അമൃത്സറിലാണുള്ളത്.

ശ്രീ ഹർമന്ദിർ സാഹിബ് എന്നും അറിയപ്പെടുന്ന സുവർണ ക്ഷേത്രം 1574ൽ അഞ്ചാമത്തെ സിഖ് ഗുരുവായിരുന്ന ഗുരു അർജൻ ദേവ് ജിയുടെ കാലത്താണ് നിർമിക്കപ്പെട്ടത്. പല നൂറ്റാണ്ടുകളിലായി മാറി വന്ന സാമ്രാജ്യത്വ ശക്തികളാൽ പലതവണ ക്ഷേത്രം തകർക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാരാജാ രഞ്ജിത്ത് സിംഗ് ഈ ഗുരുദ്വാരയുടെ മുകഭാഗം 400 കിലോ സ്വർണപാളികൾ കൊണ്ട് മൂടുകയുണ്ടായി. ഇതിന് ശേഷമാണ് സുവർണക്ഷേത്രം എന്ന പേര് ലഭിച്ചത്. മാർബിളും കോപ്പറും കൊണ്ട് നിർമിച്ച ക്ഷേത്രത്തിൽ സ്വർണപാളികൾ പൂശിയിരിക്കുകയാണ്.

നാലാം സിക്കുഗുരുവായ ഗുരു രാംദാസാണ് 1577ൽ അമൃത്സർ നഗരം സ്ഥാപിച്ചത്. ഇവിടെ സ്ഥിതി ചെയ്യുന്ന അമൃതസരോവർ എന്ന തടാകത്തിന്റെ പേരിൽ നിന്നാണ് അമൃത്സർ എന്ന പേരുണ്ടാകുന്നത്. സുവർണ ക്ഷേത്രത്തിന് നാല് കവാടങ്ങളാണുള്ളത്. സിക്കുകാരുടെ പുണ്യ ഗ്രന്ഥമായ ആദി ഗ്രന്ഥ് ഇവിടെ സൂക്ഷിക്കാറുണ്ട്.

ദിവസേന ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം നടത്തുന്ന ക്ഷേത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ പാചകപ്പുരകളിൽ ഒന്നാവുകയാണ് സുവർണ ക്ഷേത്രപരിസരം. ഇവിടെയെത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മറ്റൊരുകാര്യം സുവർണ ക്ഷേത്രത്തിലെ രാത്രികാല കാഴ്ചയാണ്. വൈദ്യുത ദീപങ്ങളാൽ ക്ഷേത്രത്തിലെ സ്വർണ താഴിക കുടം രാത്രിയിൽ തിളങ്ങുന്നത് അതിമനോഹരമായ ദൃശ്യമാണ്.

ഈ കാഴ്ച കാണാൻ ആയിരക്കണക്കിന് വിശ്വാസികൾ ഇവിടെയെത്താറുണ്ട്.ഡൽഹിക്ക് സമാനമായി രണ്ട് അമൃത്സർ നഗരങ്ങളുണ്ട്. ഇതിൽ പഴയ അമൃത്സറിലാണ് സുവർണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമൃത്സറിന് 11 കിലോമീറ്റർ അകലെയുള്ള ഗുരു രാംദാസ്ജി അന്താരാഷ്‌ട്ര വിമാനത്താവളമാണ് സുവർണ ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഇവിടേയ്‌ക്ക് വിമാന സർവീസ് ഉണ്ട്. ട്രെയിൻ മാർഗവും അമൃതസറിലേക്ക് എത്താം. ഒക്ടോബർ, നവംബർ മാസങ്ങളാണ് അമൃത്സർ സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം. വേനൽക്കാലത്ത് കനത്ത ചൂടും ശീതകാലത്ത് കനത്ത തണുപ്പുമാണ് ഇവിടെ. രാവിലെ ആറുമണി മുതൽ അർദ്ധരാത്രി രണ്ട് മണിവരെ വിശ്വാസികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം. പ്രതിദിനം 20 മണിക്കൂർ നേരം ക്ഷേത്ര കവാടം വിശ്വാസികൾക്കായി തുറന്നുകിടക്കും. തീർത്ഥാടന കാലത്ത് ദശലക്ഷകണക്കിനാളുകളാണ് ഈ ഗുരുദ്വാരയിൽ എത്തിച്ചേരാറുള്ളത്.

Advertisment