/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം: സെക്രട്ടറി സ്ഥാനം പിടിക്കാൻ സിപിഐയിൽ പോര് മുറുകുമ്പോൾ നേതാക്കളെ മറുകണ്ടം ചാടിക്കലും തകൃതി. മൂന്നാം ടേം സെക്രട്ടറി പദത്തിൽ തുടരാൻ കിണഞ്ഞു പരിശ്രമിക്കുന്ന കാനം രാജേന്ദ്രന് ആദ്യമായി അടി പതറിയ കോട്ടയം ജില്ലയിൽ നിന്നാണ് ആദ്യ കാലുമാറ്റ വാർത്ത.
കാനത്തിന്റെ വിശ്വസ്തനെ മത്സത്തിലൂടെ അട്ടിമറിച്ച് ജില്ലാ സെക്രട്ടറിയായ വി.ബി. ബിനു കാനം പക്ഷത്തേക്ക് കൂറ് മാറിയത് സിപിഐയിൽ വൻ ചർച്ച ആയിരിക്കുകയാണ്.
കോട്ടയത്തെ തിരിച്ചടിക്ക് പകരം വീട്ടാൻ കെ.ഇ.ഇസ്മയിൽ വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളായ എറണാകുളവും പാലക്കാടും മത്സരത്തിലൂടെ പിടിച്ചെടുത്ത കാനം പക്ഷം സംസ്ഥാന സമ്മേളനത്തിലും മേൽക്കൈ നേടുമെന്ന പ്രതീതി വന്നതോടെയാണ് വി.ബി. ബിനു മറുകണ്ടം ചാടിയത്.
മധ്യസ്ഥർ വഴി കാനം വിഭാഗത്തിലെ നേതാക്കളുമായി ചർച്ച നടത്തിയ ബിനു ജില്ലാ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. കാനത്തിന്റെ വിശ്വാസം നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഈ നിർദ്ദേശം മുന്നോട്ടു വെച്ചത്.
ഇസ്മയിലിനെ തള്ളിപ്പറഞ്ഞ് ബിനു സ്വന്തം പക്ഷത്തേക്ക് വരുമെന്ന് കാനം പക്ഷം ഉറപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കാനം രാജേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ബിനു, ജില്ലാ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കാം എന്ന നിലപാട് ആവർത്തിച്ചു.
ബിനുവിന്റെ പിന്തുണ ഉറപ്പാക്കിയതിനാൽ ജില്ലാ സെക്രട്ടറി പദം തൽക്കാലം ഒഴിയേണ്ടന്നാണ് കാനത്തിന്റെ നിർദ്ദേശം. തട്ടകത്തിൽ ഏറ്റ തിരിച്ചടിയിൽ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കാനായതിന്റെ ആശ്വാസത്തിലാണ് കാനം പക്ഷം.
ഓഗസ്റ്റ് ആദ്യവാരം നടന്ന ജില്ലാ സമ്മേളനത്തിൽ കാനം പക്ഷത്തെ വി.കെ. സന്തോഷ് കുമാറിനെ 8 വോട്ടിന് തോൽപ്പിച്ചാണ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായ വി.ബി. ബിനു കോട്ടയം ജില്ലാ സെക്രട്ടറിയായത്.
കെ. പ്രകാശ് ബാബുവിന്റെ വരവോടെ ഇസ്മയിൽ പക്ഷത്തിന് മേൽക്കൈ ലഭിച്ച കൊല്ലം ജില്ലയിലും എതിർപക്ഷ നേതാക്കളെ ചാടിച്ച് കൊണ്ടുവരികയായിരുന്നു കാനം പക്ഷത്തിന്റെ തന്ത്രo. ഒരു കാലത്ത് ഇസ്മയിലിന്റെ ചാവേറായിരുന്ന പി.എസ്. സുപാലിനെ ജില്ലാ സെക്രട്ടറി പദം നൽകിയാണ് കാനം കൊല്ലം ജില്ല പിടിച്ചത്.
എഐവൈഎഫ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടപ്പോൾ മുതലാണ് പഴയ വൈരം മറന്ന് സുപാലിനെ ഒപ്പം നിർത്താൻ കാനം പക്ഷം ശ്രമം തുടങ്ങിയത്. പതിവിന് വിപരീതമായി സസ്പെൻഷന് ശേഷം സംസ്ഥാന കൗൺസിലിലേക്ക് തന്നെ തിരിച്ചെടുത്ത സുപാലിന് നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ സീറ്റും നൽകി.
സംഘടനാ നിലപാടുകളിൽ കാനത്തിന് അനുകൂലമായ സമീപനം സ്വീകരിക്കും എന്ന ഉറപ്പിലായിരുന്നു സീറ്റ് നൽകിയത്. ആ വാക്ക് പാലിച്ചാണ് ജില്ലാ സമ്മേളനത്തിൽ സുപാൽ കാനം പക്ഷത്തേക്ക് ചാഞ്ഞത്.
ഇതോടെ കൊല്ലത്ത് നിന്നുള്ള 91 സംസ്ഥാന സമ്മേളന പ്രതിനിധികളിൽ കാനം വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമായി. ഈ ആത്മവിശ്വാസത്തിലാണ് കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനുവിനെയും അടർത്തി എടുത്തത്.
സെക്രട്ടറി പദം പിടിക്കാൻ ഗ്രൂപ്പ് വടം വലി മുറുകിയതോട സി പി ഐ യിൽ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള വിഭാഗീയതയാണ് ഉടലെടുത്തിരിക്കുന്നത്. കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവർ ഒരു വശത്തും കാനത്തെ എതിർക്കുന്നവർ എല്ലാം മറുവശത്തും എന്ന നിലയിലാണ് സിപിഐയിലെ പുതിയ ചേരിതിരിവ്.
നേരത്തെ ഇസ്മയിൽ പക്ഷമായും ദിവാകരൻ പക്ഷമായും പ്രകാശ് ബാബു പക്ഷമായും വിഘടിച്ചു നിന്നവർ കാനം എന്ന പൊതു ശത്രുവിനെ നേരിടാൻ ഒറ്റക്കെട്ടായി നിൽക്കുകയാണ്. ഒക്ടോബർ 1 മുതൽ നാല് വരെ തിരുവനന്തപുരത്താണ് ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള സിപിഐയുടെ സംസ്ഥാന സമ്മേളനം.