/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം: പുതുമുഖ മന്ത്രി എം.ബി. രാജേഷിന് മുൻപ് കേന്ദ്രകമ്മിറ്റി അംഗം കൈകാര്യം ചെയ്ത തദ്ദേശഭരണവും എക്സൈസും നൽകിയത് മുഖ്യമന്ത്രിയുടെ മരുമകൻ പി.എ. മുഹമ്മദ് റിയാസിന് പ്രധാന വകുപ്പുകൾ നൽകിയെന്ന വിമർശനം ഒഴിവാക്കാനോ ? ഇടതുമുന്നണിയിലെ പുതിയ ചർച്ചകൾ ആ വഴിക്കാണ് നീങ്ങുന്നത്.
ആദ്യമായി എം.എൽ.എയായി മന്ത്രിസഭയിലേക്ക് വന്ന മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പിനൊപ്പം ഗ്ളാമർ വകുപ്പായ ടൂറിസവും നൽകിയത് സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ അടക്കം പറച്ചിലിനും രഹസ്യ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
ആദ്യമായി എം.എൽ.എയായ എം.ബി.രാജേഷിന് മുതിർന്ന നേതാക്കൾ മാത്രം കൈകാര്യം ചെയ്തിരുന്ന തദ്ദേശഭരണവും എക്സൈസും നൽകിയ മുഖ്യമന്ത്രി ആ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ്.
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മന്ത്രിയായ മുഹമ്മദ് റിയാസും സംഘടനയുടെ മുൻ പ്രസിഡന്റായ എം.ബി.രാജേഷും തമ്മിലുളള സമാനതകളും വിമർശകരുടെ വായടപ്പിക്കാൻ മുഖ്യമന്ത്രിക്ക് തുണയായി.
പൊതുമരാമത്ത് വകുപ്പിനൊപ്പം മുഹമ്മദ് റിയാസിന് ടൂറിസം കൂടി കൊടുത്തത് മരുമകനോടുളള പ്രത്യേക പരിഗണനയാണെന്നായിരുന്നു പാർട്ടിയിലും പുറത്തുമുളള അടക്കം പറച്ചിൽ.
പുതിയ മന്ത്രിയെ തീരുമാനിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തന്നെ എം.ബി.രാജേഷിന് തദ്ദേശ ഭരണ-എക്സൈസ് വകുപ്പുകൾ നൽകാൻ ധാരണയായിരുന്നു.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് മന്ത്രിയുടെ പേരിനൊപ്പം വകുപ്പും നിർദ്ദേശിച്ചത്. വകുപ്പ് വിഭജനം മുഖ്യമന്ത്രിയുടെ വിവേചന അധികാരത്തിൽപ്പെട്ട വിഷയമാണെങ്കിലും എതിർപ്പൊന്നും പറയാതെ മുഖ്യമന്ത്രി അത് അംഗീകരിക്കുകയായിരുന്നു . മുൻകൂട്ടി തയ്യാറാക്കിയ അജണ്ട പ്രകാരമായിരുന്നു മാസ്റ്ററുടെ ഈ വകുപ്പ് നിര്ദേശിക്കൽ എന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.
സ്പീക്കർ സ്ഥാനത്ത് നിന്നാണ് മന്ത്രിയാകുന്നതെങ്കിലും മന്ത്രിസഭയിൽ പുതുമുഖമായ എം.ബി.രാജേഷിന് പ്രധാന വകുപ്പുകൾ നൽകുന്നത് നേതാക്കളെ അതിശയിപ്പിച്ചിരുന്നു. എന്നാൽ സെക്രട്ടറിയുടെ നിർദ്ദേശം സർവ്വാത്മനാ അംഗീകരിച്ച മുഖ്യമന്ത്രിയുടെ മനസിൽ ഇങ്ങനൊരു മറുപടി ഇരിപ്പുണ്ടെന്ന് ആരും മനസിലാക്കിയില്ല.
മന്ത്രിസഭാ രൂപീകരണ സമയത്ത് മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസവും നൽകിയപ്പോൾ നെറ്റിചുളിച്ചവരുടെ മിണ്ടാട്ടം മുട്ടിക്കുന്നതായി മുഖ്യമന്ത്രിയുടെ ഈ നീക്കം. മന്ത്രിസഭയിൽ നിന്ന് എം.വി.ഗോവിന്ദൻ പോയി എം.ബി.രാജേഷ് വന്നപ്പോൾ മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ ആര് എന്ന ചർച്ചയും സജീവമായിട്ടുണ്ട്.
രണ്ടാമനെ നിശ്ചയിക്കാൻ എന്ത് മാനദണ്ഡമാകും സ്വീകരിക്കുക എന്ന ചോദ്യവും സജീവമാണ് പാർട്ടിയിലെ സീനിയോറിറ്റിയാണ് പാർട്ടി ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ പരിഗണിക്കുന്ന മാനദണ്ഡം. അങ്ങനെയെങ്കിൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷ്ണനാണ് രണ്ടാം സ്ഥാനത്തിന് അനുയോജ്യൻ.
മന്ത്രി എന്ന നിലയിൽ പിണറായി വിജയനോളം പരിചയ സമ്പത്തുമുണ്ട് രാധാകൃഷ്ണന് . പിണറായി അദ്യമായി മന്ത്രിയായ 1996 ലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ കെ.രാധാകൃഷ്ണനും അംഗമായിരുന്നു. എന്നാൽ രണ്ടാമനായി കെ.രാധാകൃഷ്ണനെ പരിഗണിക്കാൻ മുഖ്യമന്ത്രി തയാറാകുമോ എന്നതാണ് ചോദ്യം.
സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഹമ്മദ് റിയാസ് ഉൾപ്പെടെ മൂന്ന് മന്ത്രിമാർക്കായി വിഭജിച്ച് നൽകിയപ്പോഴും കെ.രാധാകൃഷ്ണനെ പരിഗണിച്ചില്ല. പട്ടികജാതി-പട്ടിക വർഗ ക്ഷേമ വകുപ്പ് കഴിഞ്ഞാൽ താരതമ്യേന ചെറിയ വകുപ്പുകളായ ദേവസ്വവും പാർലമെന്ററി കാര്യവും മാത്രമാണ് രാധാകൃഷ്ണന്റെ പക്കലുളളത്.
അതുകൊണ്ടുതന്നെ രണ്ടാം സ്ഥാനത്തേക്ക് പി. രാജീവിനെയോ കെ.എൻ. ബാലഗോപാലിനെയോ പരിഗണിക്കാനുളള സാധ്യതയുണ്ട്. 12ന് സ്പീക്കർ തിരഞ്ഞെടുപ്പിനായി നിയമസഭ ചേരുമ്പോൾ സഭയിലെ ഇരിപ്പട വിന്യാസത്തിൽ നിന്ന് രണ്ടാമനാര് എന്നതിൽ സൂചന ലഭിക്കും.
ഒന്നാം പിണറായി സർക്കാരിലെ രണ്ടാമനായിരുന്ന ഇ.പി.ജയരാജൻ ബന്ധുനിയമവ വിവാദത്തിൽ രാജിവെച്ചപ്പോഴും പുതിയ രണ്ടാമനെ കണ്ടെത്തൽ ചർച്ചയായിരുന്നു.
അന്ന് നിയമസഭയിൽ മുഖ്യമന്ത്രിയുടെ തൊട്ടടുത്തുളള സീറ്റിൽ സി.പി.ഐ നിയമസഭാ കക്ഷി നേതാവ് ഇ.ചന്ദ്രശേഖരനെ ഇരുത്തിയാണ് ചർച്ചകൾക്ക് തടയിട്ടത്. ജയരാജൻ തിരിച്ചെത്തിയപ്പോൾ പഴയ സീറ്റ് മടക്കി നൽകുകയും ചെയ്തിരുന്നു. ഇത്തവണയും അതേ തന്ത്രം പയറ്റുമോയെന്ന് കാത്തിരുന്ന് കാണാം. അന്ന് പക്ഷെ മടങ്ങിയെത്താൻ ഒരു കരുത്തൻ പുറത്തുണ്ടായിരുന്നു . ഇന്നതില്ല .