/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം: ശമ്പള കുടിശിക സംബന്ധിച്ച് മുഖ്യമന്ത്രി കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയത് സിംഗിൾ ഡ്യൂട്ടി തീരുമാനം സമ്മതിപ്പിക്കാനെന്ന വിലയിരുത്തൽ പുറത്തുവന്നതോടെ ചെയ്ത ജോലിക്ക് കൂലി നൽകാൻ ഇടതുസർക്കാർ തൊഴിലാളി വിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന 12 മണിക്കൂർ ജോലി ഉപാധിയാക്കിയെന്ന വിമർശനങ്ങൾ കൂടി ഉയരുകയാണ് .
തൊഴിലാളി വർഗ പാർട്ടിയുടെ മുഖ്യമന്ത്രിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നാണ് യൂണിയൻ തലത്തിൽ ഉയരുന്ന പ്രധാന വിമർശനം. മാത്രമല്ല കോർപ്പറേഷനിലെ സ്വന്തം യൂണിയന്റെ തകർച്ചയ്ക്കും ബി എം എസ് യൂണിയന്റെ വളർച്ചയ്ക്കും ഈ തീരുമാനം വളം വച്ചതായ ഗുരുതര ആരോപണവും ഉയരുന്നുണ്ട് .
ശമ്പളകുടിശിക നൽകിയിട്ടും കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ വിമർശനം തുടരുകയാണ്. സിഐടിയുവിന് കീഴിലുളള കെഎസ്ആർടിഇഎയിലെ അംഗങ്ങളാണ് വിമർശനങ്ങളുടെ മുൻപന്തിയിലുളളത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശിക തീർക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ തീരുമാനിച്ചതാണ് വിമർശനങ്ങൾക്ക് അടിസ്ഥാനം.
സിംഗിൾ ഡ്യൂട്ടി തീരുമാനിച്ചതോടെ കെ എസ് ആർ ടി ഇ എ നേതൃത്വം പ്രതിസന്ധിയിലായി. ആദ്യ ഘട്ടത്തിൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുളള തീരുമാനമാണ് മുഖ്യമന്ത്രി പങ്കെടുത്ത തിങ്കളാഴ്ചത്തെ ചർച്ചയിൽ ഉണ്ടായത്.
ഇതിന് തൊട്ടുപിന്നാലെ ശമ്പള കുടിശിക തീർക്കാൻ സർക്കാർ 100 കോടി അനുവദിച്ചതാണ് തൊഴിലാളികൾക്കിടയിൽ സംശയം പടരാൻ വഴിവെച്ചത്.12 മണിക്കൂർ തുടർച്ചയായുളള സിംഗിൾ ഡ്യൂട്ടിയും ആഴ്ചയിൽ ആറ് ദിവസവും ജോലിക്ക് ഹാജരാകരണമെന്നുമുളള നിർദ്ദേശവും നേരത്തെ ഉയർന്നപ്പോഴെല്ലാം സി ഐ ടി യു യൂണിയൻ നഖശിഖാന്തം എതിർത്തതാണ്.
ആ യൂണിയനെ കൊണ്ടുകൂടി സമ്മതിപ്പിച്ച് തീരുമാനം നടപ്പാക്കാനാണ് ശമ്പള പ്രതിസന്ധി രൂക്ഷം ആയപ്പോഴൊന്നും കാര്യമായി ഇടപെടാതിരുന്നു മുഖ്യമന്ത്രി നേരിട്ട് ഇടപെടാൻ കാരണമെന്ന് ഇടത് സംഘടനയിൽപ്പെട്ട തൊഴിലാളികൾ ആരോപിക്കുന്നു.
തൊഴിലാളി വിരുദ്ധ സമീപനത്തിന്റെ പേരിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെ വിമർശിക്കുന്ന സി.ഐ.ടി.യു നേതൃത്വം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈക്കൊണ്ട തീരുമാനത്തിൽ ഒന്നും മിണ്ടാനാവാത്ത സ്ഥിതിയിലാണ്.
സിംഗിൾ ഡ്യൂട്ടി എന്ന മാനേജ്മെന്റ് ആവശ്യത്തിന് കൂടി വഴങ്ങിക്കൊടുത്തതോടെ സി.ഐ.ടി.യുവിന് കീഴിലുളള കെ എസ് ആർ ടി ഇ എയിൽ നിന്ന് വൻകൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്നാണ് സംഘടനാ നേതൃത്വത്തിന്റെ ആശങ്ക. ഇപ്പോൾ തന്നെ അതിന്റെ സൂചനകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
സിംഗിൾ ഡ്യൂട്ടി നിർദ്ദേശം നടപ്പാക്കുമെന്ന് മാനേജ് മെൻറ് നിലപാടെടുത്തപ്പോൾ തന്നെ പാലോട് ഡിപ്പോയിലെ കെ എസ് ആർ ടി ഇ എ യൂണിറ്റ് അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചിരുന്നു. സമാനമായ പ്രതിഷേധങ്ങൾ പല ജില്ലകളിലും നടക്കുന്നുണ്ട്. ബി എം എസ് യൂണിയനാണ് ഇതിന്റെ നേട്ടം കൊയ്യുന്നത്.
ഇടത് യൂണിയനിൽ നിന്ന് കൊഴിഞ്ഞുപോകുന്നവർ ബി എം എസിലേക്കാണ് പോകുന്നത്.
കഴിഞ്ഞ വർഷം കെ എസ് ആർ ടി സിയിൽ നടന്ന റഫറണ്ടത്തിൽ കോർപ്പറേഷന്റെ ചരിത്രത്തിലാദ്യമായി ബി എം എസ് യൂണിയൻ അംഗീകാരം നേടിയിരുന്നു. കെ എസ് ആർ ടി ഇ എയുടെ വോട്ടുവിഹിതത്തിൽ വലിയ കുറവും ഉണ്ടായിരുന്നു. സിംഗിൾ ഡ്യൂട്ടി യഥാർത്ഥ്യമായതോടെ ഇനിയും ഇടത് യൂണിയൻ ശുഷ്കിക്കാനാണ് സാധ്യത.
കെഎസ്ആർടിസിക്ക് ഈ യൂണിയനുകളാണ് ശാപം. യൂണിയനുകളുടെ പിടിവാശിയാണ് സ്ഥാപനത്തെ രക്ഷിക്കാനുള്ള പല മുൻ ശ്രമങ്ങളും പരാജയപ്പെടുത്തിയത് . അതിനു വളംവച്ചു നൽകിയവരാണ് ഇടതു പാർട്ടികൾ .
ഫലത്തിൽ പിണറായി സർക്കാർ തന്ത്രപരമായി നടപ്പാക്കിയ ഈ സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തോടെ കെഎസ്ആർടിസിയിലെ ഇടതു യൂണിയൻ തകർച്ചയുടെ വക്കിലാണ്. പകരം അതിൻ്റെ നേട്ടം കൊയ്യുന്നത് ബിജെപിയുടെ ബിഎംഎസ് ആണെന്ന് പറയുമ്പോൾ പ്രത്യാഘാദങ്ങൾ ഗുരുതരമാണ്. ഇടതുസർക്കാർ നടപ്പാക്കിയത് തൊഴിലാളി വിരുദ്ധനയമെന്ന വിമർശനവുമായി ഇടത് യൂണിയൻ നേതാക്കളും പ്രവർത്തകരും രംഗത്ത് വന്നു കഴിഞ്ഞു .