/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മേഖലകളെ കുറിച്ച് പഠിക്കാനും വ്യവസായ നിക്ഷേപം ആകർഷിക്കാനുമൊക്കെയായി മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളുമായി യുറോപ്യൻ പര്യടനത്തിനൊരുങ്ങുന്നത്.
അടുത്തമാസം ബ്രിട്ടൺ, ഫിൻലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് പദ്ധതി.
വിദേശ മാതൃകകൾ മുൻകാലങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിരങ്ങി നടന്നു പഠിച്ചു വന്നതൊന്നും നാട്ടിൽ പ്രാവർത്തികമാക്കാൻ ചെറുവിരലനക്കാത്തവരാണ് ഇപ്പോൾ വീണ്ടും വിദേശ 'ഉപരിപഠന സന്ദർശന യാത്രയ്ക്ക്' കോപ്പ് കൂട്ടുന്നത്.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മേഖലകളെ കുറിച്ച് പഠിക്കാനും വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിനുമാണ് യാത്രയെന്നാണ് ഔദ്യോഗിക വിശദീകരണം. ഓരോ രാജ്യത്തും ഓരോ പ്രതിനിധി സംഘമായിരിക്കും സന്ദർശിക്കുക.
സന്ദർശനാനുമതി തേടി സംസ്ഥാന പൊതുഭരണ വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഫിൻലൻഡ് സന്ദർശിക്കുന്നത്.
അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. ഫിൻലൻഡിലെ മൊബൈൽ ഫോൺ നിർമ്മാണ കേന്ദ്രങ്ങളിലും സംഘം സന്ദർശനം നടത്തും.
ഫിൻലൻഡിൽ പോകുന്ന സംഘത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും ഉണ്ടാകും. അവിടെ പോയി കണ്ടു പഠിച്ചാൽ പിന്നെ കേരളത്തിലെ വിദ്യാഭ്യാസ മേഖല ഉഷാറാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ പകുതിയിലേറെ പേർക്കും മാതൃഭാഷ അറിയില്ലെന്ന് കേന്ദ്ര ഏജൻസികൾ നടത്തിയ സർവ്വേയിൽ കണ്ടെത്തിയ വാർത്ത പുറത്തുവന്നത് ദിവസങ്ങൾക്ക് മുൻപാണ്.
സർവകലാശാലകളുടെ പ്രവർത്തനം പഠിക്കുക, വ്യവസായ നിക്ഷേപം ആകർഷിക്കുക തുടങ്ങിയവയാണ് ബ്രിട്ടൺ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത്.
ഈ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ വ്യവസായ മന്ത്രി പി.രാജീവ്, ആരോഗ്യമന്ത്രി വീണാ ജോർജ്, മന്ത്രി അബ്ദുറഹ്‌മാൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും.
വിദേശത്ത് കഠിനമായ ചൂടിൽ വർഷങ്ങൾ പണിയെടുത്തു സമ്പാദിച്ച പണം ഉപയോഗിച്ച് നാട്ടിൽ നിക്ഷേപം നടത്തിയ പാവം പ്രവാസികളെ സമരം നടത്തിയും കൊടി നാട്ടിയും കുത്തുപാള എടുപ്പിച്ച അണികളെ നിയന്ത്രിക്കാൻ സാധിക്കാത്തവരാണ് ഇപ്പോൾ വിദേശത്തെ നിക്ഷേപ സൗഹൃദം പഠിക്കാൻ യാത്ര നടത്തുന്നത്.
സ്വന്തം അണികൾ കാണിക്കുന്ന നെറികേട് അവസാനിപ്പിക്കാൻ കഴിഞ്ഞാൽ തന്നെ കേരളം 75 ശതമാനം നിക്ഷേപ സൗഹൃദം ആകും എന്നറിയുന്നവർ തന്നെയാണ് അത് ചെയ്യാതെ ഈ ഉലകം ചുറ്റലിനൊരുങ്ങുന്നത്.
മന്ത്രി മുഹമ്മദ് റിയാസിന്റെ പാരീസ് സന്ദർശനം ഒക്ടോബർ 19 നാണ്. ഫ്രഞ്ച് ട്രാവൽ മാർട്ട് സന്ദർശിക്കാനാണ് യാത്ര.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയരുന്നു. പ്രളയത്തെ ചെറുക്കാനുളള നെതർലാൻഡ് മാതൃക പഠിക്കാനായിരുന്നു ആ രാജ്യത്തേക്കുളള സന്ദർശനം.
നെതർലാൻഡ്സിലെ റൂം ഫോർ റിവർ സമ്പ്രദായം ഇവിടെയും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും അക്കാര്യത്തിൽ മുന്നോട്ടുപോയിട്ടില്ല. ചില നദികളിൽ ചെളിനീക്കിയത് മാത്രമാണ് ആകെയുണ്ടായ നടപടി. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലുളള പുതിയ പര്യടനം എന്ത് ഫലമുണ്ടാക്കുമെന്നാണ് ചോദ്യം.