/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം : സൂറത്ത് കോടതിവിധിക്ക് ശേഷം ആദ്യമായി വയനാട്ടിലേക്ക് പോയ രാഹുല്‍ഗാന്ധിയ്ക്ക് അവിടെ ആവേശകരമായ സ്വീകരണം നല്‍കി കോണ്‍ഗ്രസും സഖ്യകക്ഷികളും കരുത്ത് തെളിയിച്ചെങ്കിലും പാര്‍ട്ടിക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള ഉത്തരംകൂടി അവശേഷിപ്പിച്ചുകൊണ്ടായിരുന്നു ആ സന്ദർശനം.
ആങ്ങളയും പെങ്ങളും ഒന്നിച്ചു ഒരേ വേദിയിൽ. അപ്പോൾ ഈ പാർട്ടി ജനങ്ങൾക്ക് നൽകുന്ന സന്ദേശം എന്താണ് ? കുടുംബവാഴ്ച വീണ്ടും വീണ്ടും അരക്കിട്ടുറപ്പിക്കുന്ന ഒരു പാർട്ടിയെ രാജ്യം ഭരിക്കാൻ ജനങ്ങൾ ക്ഷണിക്കുമോ ?
പാര്‍ട്ടിക്കെതിരെ ബി.ജെ.പി ഉന്നയിക്കുന്ന ആരോപണള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുന്നതിനു പകരം അവരുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നവിധമാണ് കോൺഗ്രസിന്റെ പോക്ക്. അടിമുടി വിവരക്കേടുകളും തന്ത്രമില്ലായ്മയും.
വെറുമൊരു മോഹം
മോദിയെ വെല്ലുവിളിച്ചു രാജ്യം ഭരിക്കാൻ നിൽക്കുന്ന പാർട്ടി ഇപ്പോഴും ലക്ഷ്യം വയ്ക്കുന്നത് 540 ൽ 120 -130 സീറ്റുകളിലാണ്. എങ്കിൽ പിന്നെ ഞങ്ങൾ ശക്തമായ പ്രതിപക്ഷം ആകാനാണ് ആഗ്രഹിക്കുന്നതെന്ന് അങ്ങ് തെളിച്ചു പറയുന്നതാകും കോൺഗ്രസിന് നല്ലത്. അതിനപ്പുറം ആഗ്രഹിക്കുന്നുവെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല, അതിനുള്ള തന്ത്രങ്ങളും ഒരുക്കങ്ങളും എവിടെ എന്നതിനും ഉത്തരം നൽകണം.
ആ തന്ത്രമില്ലായ്മ തന്നെയാണ് വയനാട്ടിൽ സഹോദരനും സഹോദരിയും ഒന്നിച്ചു വേദിയിൽ പ്രത്യക്ഷപ്പെട്ട സംഭവം. ദേശീയ തലത്തിൽ പോലും ഒരു ഇലക്ഷൻ സ്റ്റാറ്റർജിക്ക് രൂപം നൽകാൻ കോൺഗ്രസിന് കഴിയുന്നില്ല.
ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ പതിറ്റാണ്ടുകളായി കുടുംബാധിപത്യമാണ് നടക്കുന്നത് എന്നതാണ് ബി.ജെ.പി ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.
പാര്‍ട്ടി നെഹ്‌റു കുടുംബത്തില്‍ കിടന്ന് കറങ്ങുകയാണെന്നും കുടുംബവാഴ്ചയില്‍ നിന്നാണ് രാജ്യത്തെ മോചിപ്പിക്കേണ്ടതെന്നും മുദ്രാവാക്യം പോലെ ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യ എന്ന ആശയം അപകടത്തിലാണെന്ന് രാഹുല്‍ ഗാന്ധി പറയുമ്പോള്‍, കുടുംബമെന്ന ആശയമാണ് അപകടത്തിലായിരിക്കുന്നതെന്നാണ് അഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി.
ഭാരത് ജോടോ യാത്രയും മറ്റ് വിജയം കണ്ട രാഷ്ട്രീയ പ്രചരണ പരിപാടികളിലും കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ബി.ജെ.പി ഉയര്‍ത്തുന്ന ആക്ഷേപത്തെ ശക്തമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് പൂര്‍ണ അര്‍ത്ഥത്തില്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രശ്നം.
ചേട്ടനും ചേച്ചിക്കും സിന്ദാബാദ്
ആരോപിക്കപ്പെടുന്ന പ്രതിഛായയില്‍ നിന്ന് മോചിതരാകന്‍ കഴിയാതെ പ്രതിഛായയുടെ തടവുകാരായി മാറുന്നതാണ് പ്രവണത. വയനാട്ടിലെ സ്വീകരണപരിപാടിയിലും അതുതന്നെ സംഭവിച്ചു.
മോദി സമുദായത്തിനെതിരായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സൂറത്ത് കോടതിയില്‍ നിന്ന് ശിക്ഷ ഏറ്റുവാങ്ങിയ രാഹുലിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് സ്വന്തം സഹോദരി പ്രിയങ്ക ഗാന്ധിയേയാണ്. കുടുംബവാഴ്ചയെന്ന ബി.ജെ.പി വിമര്‍ശനം അവിടെ തന്നെ ശരിവെയ്ക്കപ്പെട്ടെന്ന് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
എ.ഐ.സി.സി. അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ അതേ നിലവാരത്തിലുളള മറ്റു ദേശീയ നേതാക്കളെയോ രാഹുലിനൊപ്പം വയനാട്ടിലെ പരിപാടിയില്‍ കളത്തിലിറക്കിയിരുന്നെങ്കില്‍ അത് കൂടുതല്‍ അര്‍ത്ഥ പൂര്‍ണമാകുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്ന നേതാക്കൾ കോൺഗ്രസിലുണ്ട്.
സംഘടനാ തെരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് എത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇപ്പോഴും സോണിയാ കുടുംബത്തിന്റെ നിഴലിലാണ്. അതില്‍ മാറ്റം വരുത്തി ഖാര്‍ഗെയെ പാര്‍ട്ടിയിലെ ഒന്നാമനായി ഉയര്‍ത്തിക്കാട്ടുകയാണ് കുടുംബവാഴ്ച എന്ന ആക്ഷേപത്തെ പ്രതിരോധിക്കാനുളള ഏറ്റവും മികച്ച തന്ത്രം.
എന്നാല്‍ ആ ആര്‍ത്ഥത്തിലുളള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നില്ല. അദ്ധ്യക്ഷനും മുകളിലുളള ഹൈക്കമാന്‍ഡായി സോണിയാ ഗാന്ധിയും കുടുംബവുമുണ്ട് എന്നത് ഏറെക്കുറെ പരസ്യമാണ്.
ഖാര്‍ഗേ വെറുമൊരു മൻമോഹൻ
ഖാര്‍ഗേയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്യവും തീരുമാനം എടുക്കാനുളള അധികാരവും നല്‍കുന്നില്ലെങ്കില്‍ കുടൂംബവാഴ്ചയെന്ന ബി.ജെ.പി ആരോപണം കോണ്‍ഗ്രസിനെ ചൂഴ്ന്ന് നില്‍ക്കും.
സോണിയാ കുടുംബം തന്നെ പാര്‍ട്ടിയിലെ അവസാനവാക്കായി നിലനിര്‍ത്തുക എന്നത് പാര്‍ട്ടി നേതൃത്വത്തിലെ ചിലരുടെ താല്‍പര്യമാണ്. സ്തുതിപാഠകരായ ഈ നേതാക്കള്‍ തന്നെയാണ് എ.ഐ.സി.സി അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരില്‍ ശശി തരൂരിനെ അകറ്റി നിര്‍ത്തുന്നത്.
കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമാകാനുളള മികവും ആശയവിനിമയ ശേഷിയുമുളള ശശി തരൂരിനെപോലുളള നേതാക്കളെ പ്രവര്‍ത്തക സമിതി അടക്കമുളള സംഘടനാ സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിലും തടസം നില്‍ക്കുന്നത് ഈ സ്തുതി പാഠകര്‍ തന്നെ.
പ്രസിഡണ്ട് ആക്കിയാൽ തരൂർ രാഹുലിനെ കടത്തിവെട്ടുമെന്ന് ഭയപ്പെടുന്നു എന്നത് അംഗീകരിക്കാം. പക്ഷെ പ്രവർത്തക സമിതിയിൽ പോലും ഉൾപ്പെടുത്തില്ലെന്ന് വാശിപിടിച്ചാൽ എന്ത് ചെയ്യും ? അതാർക്കുവേണ്ടിയാണ് ? കേരളത്തിൽ നിന്നും പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായ രണ്ടുപേർ തരൂരും രമേശ് ചെന്നിത്തലയും തന്നെ. അവർക്ക് വിലങ്ങുതടി കെ സി വേണുഗോപാൽ ആണെന്ന് ആക്ഷേപം പറഞ്ഞാൽ എന്താണ് തെറ്റ് ?
എല്ലാക്കാലത്തും കോണ്‍ഗ്രസിനെ കുടുംബവാഴ്ചയുടെ ആരൂഢത്തില്‍ ഉറപ്പിച്ച് നിര്‍ത്തണമെന്നത് അവരുടെ സ്വാര്‍ത്ഥ താല്‍പര്യമാണ്. അതാണ് വയനാട്ടിലെ സ്വീകരണ പരിപാടിയുടെ ആസൂത്രണത്തിലും ഉണ്ടായിട്ടുളളത്.
ട്രോളാകരുത് പ്രിയങ്ക
സൂറത്ത് കോടതി വിധിയെതുടര്‍ന്ന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യത കല്‍പ്പിച്ച് പുറത്താക്കിയ രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് പ്രിയങ്ക ഗാന്ധി നടത്തിയ പ്രതികരണങ്ങളില്‍ ചിലത് ട്രോളായി മാറിയിട്ടുണ്ട്.
വീട്ടില്‍ സാധനങ്ങള്‍ അടുക്കി വെയ്ക്കുമ്പോള്‍ ഇതൊന്നും ചെയ്ത് കൊടുക്കാന്‍ രാഹുലിന് ഭാര്യയില്ലല്ലോ എന്ന പ്രിയങ്കയുടെ പ്രസ്താവനയാണ് വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
കേരള മാട്രിമണി പോസ്റ്ററുമായിട്ടാണ് പഴയ കോണ്‍ഗ്രസ് നേതാവും വനിതാകമ്മീഷന്‍ മുന്‍ അംഗവുമായ ഷാഹിദാ കമാല്‍ ഫേസ് ബുക്കില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത്. പ്രിയങ്ക ഒരു ദേശീയ നേതാവാണ്. വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂഷ്മത വേണം. ഇതുപോലുള്ള വിഡ്ഢിത്തരങ്ങൾ വിളമ്പരുത് ? രാഹുൽ അവിവാഹിതനായി തുടരുന്നത് മറ്റുള്ളവരുടെ കുറ്റം കൊണ്ടല്ലല്ലോ ?
ബി.ജെ.പിയെന്ന സര്‍വ്വസന്നാഹങ്ങളുമുളള പാര്‍ട്ടിയെ എതിര്‍ക്കുമ്പോള്‍, അവരുടെ ആരോപണങ്ങളെ പ്രതിരോധിക്കുമ്പോള്‍ കാമ്പും കഴമ്പുമുളള രാഷ്ട്രീയ പ്രതികരണങ്ങളാണ് വേണ്ടത്.
അതിന് പകരം സഹതാപം ആകര്‍ഷിക്കുന്ന പ്രതികരണങ്ങളുണ്ടായാല്‍ അവ രാഷ്ട്രീയമായി ചര്‍ച്ചചെയ്യപ്പെടുന്നതിന് പകരം പരിഹസിക്കപ്പെടുമെന്നതാണ് ഇത് നല്‍കുന്ന രാഷ്ട്രീയ പാഠം.
മോദിയാണ് തന്ത്രം
മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെ കുടുംബവാഴ്ചയെന്ന ആരോപണത്തില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന ബി.ജെ.പി മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മര്യാദാ പുരുഷോത്തമന്‍ എന്ന പ്രതിഛായയിലേക്ക് വളര്‍ത്തിക്കൊണ്ടുവരികയാണ്.
മോദി എന്നത് വികസന മന്ത്രമായും വീടും കുടുംബവും മാറ്റിവെച്ച് രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമര്‍പ്പിത ജീവിതമാണെന്നും ബി.ജെ.പി പ്രചരിപ്പിക്കുന്നു. അഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി പ്രസിഡന്റെ് ജെ.പി.നദ്ദയും മുന്നില്‍ നിന്ന് ഈ പ്രചാരണം നയിക്കുമ്പോള്‍ അത് പാര്‍ട്ടിയുടെ പൊതുമുദ്രവാക്യമാക്കി മാറ്റാനും അവര്‍ക്ക് കഴിയുന്നുണ്ട്.
ഇതിനെ അതിജീവിച്ചുവേണം 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍. ഐക്യമില്ലാതെ വിഘടിച്ച് നിന്നിരുന്ന പ്രതിപക്ഷപാര്‍ട്ടികളെ ഒരുമിപ്പിക്കാനായി എന്നതാണ് സൂറത്ത് കോടതി വിധിയും അതിനെ തുടര്‍ന്നുണ്ടായ അയോഗ്യതയും കൊണ്ട് കോണ്‍ഗ്രസിനുണ്ടായ പ്രധാന നേട്ടം.
'പ്രതിപക്ഷനീക്കം' ഗംഭീരം
അതിനോട് പ്രതികരിച്ചു കൊണ്ട് പ്രതിപക്ഷ കക്ഷികളുടെ നേതൃത്വം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവന്നതും ശുഭദോര്‍ക്കമാണ്.
സൂറത്ത് കോടതി വിധിയും അയോഗ്യതയും ഉണ്ടായപ്പോള്‍ പോലും പ്രതികരിക്കാതിരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെയും വസതിയിലേക്ക് ക്ഷണിച്ചുകൊണ്ടുളള ഖാര്‍ഗേയുടെ ഇടപെടലാണ് ഇതിന്റെ ഉദാഹരണം.
മുന്‍പൊന്നും പ്രതിപക്ഷ ചര്‍ച്ചകളില്‍ സജീവമല്ലാതിരുന്ന രാഹുല്‍ ഗാന്ധിയും ചര്‍ച്ചകളില്‍ ഭാഗഭാക്കായതും നല്ല ലക്ഷണമാണ്.
സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് പ്രതിപക്ഷ കക്ഷികള്‍ക്കിടയിലുണ്ടായ ഐക്യം അണയാതെ കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന ബോധ്യം കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായത് ചില കാര്യങ്ങളിലെങ്കിലും പാര്‍ട്ടി ശരിയായ പാതയിലേക്കെത്തിയെന്നും വിളിച്ചുപറയുന്നുണ്ട്.