തെരഞ്ഞെടുപ്പായാൽ മതസാമുദായിക വിഭാഗങ്ങളെ പാട്ടിലാക്കുന്ന കേരള ആചാരം രാഷ്ട്രീയത്തിലെ കാലഹരണപ്പെട്ട ടൂൾ ? അരമനകളും സമുദായ പ്രമാണിമാരുടെ തിണ്ണകളും നിരങ്ങാതെ ഡൽഹിയിലും പഞ്ചാബിലും ആ ആദ്മി നടത്തിയ മുന്നേറ്റം കണ്ടിട്ടും പഠിക്കാതെ കേരള നേതാക്കൾ. ബിഷപ്പുമാരും സമുദായ നേതാക്കളും പറഞ്ഞാൽ ഇക്കാലത്തും ജനം വോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നവർ മലയാളികളെക്കൊണ്ടും ചൂലെടുപ്പിക്കുമോ ?

author-image
nidheesh kumar
New Update

publive-image

തിരുവനനന്തപുരം : രാഷ്ട്രീയപാര്‍ട്ടികള്‍ ലോകസഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പിലേക്ക് കടന്നതോടെ മതസമുദായിക വിഭാഗങ്ങളുടെ പിന്തുണയാര്‍ജിക്കാനുളള നീക്കങ്ങളും തകൃതിയായി.

Advertisment

സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിനായി കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് പശ്ചാത്തലമുളള 'വെറ്ററന്‍' നേതാക്കളെ കളത്തിലിറക്കി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ബിജെപി നീക്കവും ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രി ബിഷപ്പുമാരുമായി നടത്തിയ ചർച്ചയും രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗം തന്നെ.

അരമനകളില്‍ എത്തി മതമേലധ്യക്ഷന്മാരെയും സമുദായ നേതാക്കളെയും നേരില്‍ കണ്ടും അവരെ വിരുന്നിന് ക്ഷണിച്ചും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയും ബി.ജെ.പി തെരഞ്ഞെടുപ്പ് വേദിയില്‍ നിറയുമ്പോള്‍ ബദല്‍ നീക്കങ്ങളിലാണ് സി.പി.എമ്മും കോണ്‍ഗ്രസും.


ക്രൈസ്തവരും മുസ്‌ളിങ്ങളും അടങ്ങുന്ന ന്യൂനപക്ഷങ്ങള്‍ ഹിന്ദുത്വ ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയുമായി ബന്ധമുണ്ടാക്കിയാല്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാണ് സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും സമാന്തരനീക്കങ്ങള്‍.


ഇതിനായി സംഘ് പരിവാര്‍ സംഘടനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന പ്രചരണപരിപാടികളും ഒരുങ്ങുന്നുണ്ട്. ചുരുക്കത്തില്‍ നമ്മുടെ പൊതുരാഷ്ട്രീയം ഇപ്പോഴും മത സാമുദായിക കക്ഷികള്‍ക്ക് ചുറ്റും കുറ്റിയിലെന്ന പോലെ ചുറ്റിത്തിരിയുകയാണ്.

കാലഹരണപ്പെട്ട ടൂൾ !

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അരമനകളും പെരുന്നയിലും കണിച്ചുകുളങ്ങരയിലുമുളള സമുദായ നേതാക്കളുടെ ആസ്ഥാനങ്ങളിലും കയറിയിറങ്ങുന്ന ശീലം ഉപേക്ഷിക്കാന്‍ ഈ ഡിജിറ്റല്‍ യുഗത്തിലും നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ക്ക് ആര്‍ക്കും തന്നെ കഴിയുന്നില്ല എന്നതാണ് ലജ്ജാകരം.

പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ജനങ്ങളെ മതങ്ങളും ജാതികളും ഉപജാതികളുമായി തിരിച്ച് പിന്തുണ ഉറപ്പാക്കുന്ന പഴയ തന്ത്രം തന്നെ പയറ്റുകയാണ്. പുരോഗമനാശയങ്ങളുടെ വക്താക്കളെന്ന് അവകാശപ്പെടുന്നവരും 'പഴയ ടൂളുകളുമായി ' അരമനകളും സമുദായ ആസ്ഥാനങ്ങളിലും ചുറ്റിത്തിരിയുന്നുണ്ട്.

publive-image


ആഴത്തില്‍ ചിന്തിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഈ പാര്‍ട്ടികളൊന്നും തന്നെ പുതിയ കാലത്തിന്റെ രാഷ്ട്രീയം കൈയ്യാളാന്‍ അറച്ചുനില്‍ക്കുകയാണ്. സംസ്ഥാനങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ ഏറ്റവും ചെറുപ്പമുളള ആം ആദ്മി പാര്‍ട്ടി ചുരുങ്ങിയ കാലം കൊണ്ടുണ്ടാക്കിയ നേട്ടങ്ങളൊന്നും ഇവരുടെ കണ്ണുതുറപ്പിക്കുന്നത് പോലുമില്ല എന്നതാണ് അതിശയകരം.


ഏത് സമുദായങ്ങളുടെയും മതങ്ങളുടെയും പിന്തുണ ഉണ്ടായിട്ടാണ് ആം ആദ്മി ഡല്‍ഹിയിലും പഞ്ചാബിലും ഭരണത്തിലെത്തിയത് എന്ന് പരിശോധിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് കാലമാകുമ്പോഴുളള അരമനകയറ്റവും സമുദായനേതാക്കളെ കണ്ട് വണങ്ങലും സമുദായങ്ങളെ പാട്ടിലാക്കാനുളള രാഷ്ട്രീയനീക്കങ്ങളും കേരളത്തിലെ നേതാക്കൾക്ക് ഒഴിവാക്കാമായിരുന്നു.

ആം ആദ്മി എന്ന പാഠം

ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ്, അത് പരിഹരിക്കാനുളള പരിപാടികള്‍ അവതരിപ്പിച്ചും വിശ്വാസം ആര്‍ജിച്ചുമാണ് ആം ആദ്മി വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ തൂത്തെറിഞ്ഞത്. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ജനപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നുമുളള ആം ആദ്മിയുടെ പ്രഖ്യാപനം അവരെ ഗോവയിലേക്കും ഹിമാചലിലേക്കും പടരാന്‍ സഹായിച്ചിട്ടുണ്ട് എന്നതും വ്യക്തമാണ്.

ആം ആദ്മി നഗരപാര്‍ട്ടിയാണെന്നെല്ലാം സൈദ്ധാന്തികമായി നിരീക്ഷിച്ച് വിലകുറച്ച് കാണുന്ന പുരോഗമന പാര്‍ട്ടികളെല്ലാം അവരുടെ ജനപ്രീതിയുടെ കാരണമെന്താണെന്ന് വിശകലനം ചെയ്യാന്‍ മുതിര്‍ന്നിട്ടില്ല. അഴിമതിയുടെ കൂത്തരങ്ങായി മാറ്റിയ ഷീലാ ദീക്ഷിത്തിന്റെ ഭരണത്തിന് ബദല്‍ മാതൃകയുമായി വന്നാണ് ആം ആദ്മി രാജ്യതലസ്ഥാനത്ത് ഭരണമുറപ്പിച്ചത്.

publive-image


വെളളവും വൈദ്യുതിയും സൗജന്യമായി എത്തിച്ചും വികസനം ഇന്ദ്രപ്രസ്ഥത്തിന്റെ രാജവീഥികള്‍ക്ക് പുറത്തേക്കുകൂടി കൊണ്ടുചെന്നും വോട്ടുചെയ്ത ജനങ്ങളുടെ വിശ്വാസം അവര്‍ കാത്തു. ഇങ്ങനെ നേടിയ വിശ്വാസ്യതയുടെ കരുത്തിലാണ് അയല്‍ സംസ്ഥാനമായ പഞ്ചാബിലും എഎപി ഭരണം പിടിച്ചത്.


തമ്മിലടിയും കുതികാല്‍വെട്ടും മുഖമുദ്രയാക്കിയ ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങ് ഭരണത്തില്‍ സഹികെട്ട പഞ്ചാബിലെ ജനത ആം ആ്ദമിയില്‍ വിശ്വാസം അർപ്പിച്ചു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ബി.ജെ.പിയിലേക്കുളള കളം മാറലും നവജ്യോത് സിദ്ദുവിന്റെ രാഷ്ട്രീയ പക്വതയില്ലാത്ത നീക്കങ്ങളുമാണ് പഞ്ചാബില്‍ ഭരണത്തില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന്റെ കുഴി തോണ്ടിയത്. ക്യാപ്റ്റനെ മുന്‍നിര്‍ത്തിയുളള ബി.ജെ.പിയുടെ മാനേജ്‌മെന്റ് രാഷ്ട്രീയത്തോടും പഞ്ചാബികള്‍ വിശ്വാസം കാട്ടിയില്ല.

publive-image

വോട്ട് ഈ കൊട്ടാരങ്ങങ്ങളിലോ ?

ഡല്‍ഹി ഭരണത്തിന്റെ അനുഭവത്തില്‍ അവര്‍ ആം ആദ്മിയില്‍ വിശ്വാസം അര്‍പ്പിച്ചപ്പോള്‍ ഭഗവന്ത് സിങ്ങ് മാനിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ വന്നു. ആം ആദ്മിയുടെ ഡല്‍ഹി, പഞ്ചാബ് ജൈത്രയാത്രയില്‍ ഒന്നും അവര്‍ മത സാമുദായിക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കുന്ന പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ മാര്‍ഗം സ്വീകരിച്ചിട്ടില്ല എന്ന് വ്യക്തമാണ്.


എന്നിട്ടും സി.പി.എം, സി.പി.ഐ പോലുളള പുരോഗമനാശയങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ക്കും ജനാധിപത്യപാർട്ടിയായ കോണ്‍ഗ്രസിനും ഒന്നും ആം ആദ്മിയുടെ വിജയം പാഠമാകുന്നില്ല. നവ ലിബറല്‍ നയങ്ങളുടെ ഭാഗമായി നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ റദ്ദാക്കിയ വിപ്‌ളവകരമായ നടപടിയുമായാണ് പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.


ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പെന്‍ഷന്‍ പിന്‍വലിക്കുന്നതിനെപ്പറ്റി പഠിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിലക്കയറ്റവും കാര്‍ഷിക-തൊഴില്‍ പ്രതിസന്ധി തുടങ്ങി നാനാതരം ബുദ്ധിമുട്ടുകള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും കണ്ടറിഞ്ഞ് അവ നടപ്പാക്കാന്‍ ഇച്ഛാശക്തിയോട് പ്രവര്‍ത്തിക്കുക എന്നതാണ് പുതിയകാലം രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് ആവശ്യപ്പെടുന്നത്.

അതിനോട് ഒരു പരിധിവരെയെങ്കിലും നീതിപുലര്‍ത്താനായി എന്നതാണ് ആം ആദ്മിക്ക് ഗുണകരമായത്. അല്ലാതെ വോട്ട് ചെയ്യുന്ന ജനങ്ങളെ വിവിധ മതത്തിന്റെയും സമുദായത്തിന്റെയും കളളികളിലാക്കി തിരിച്ച് പാട്ടിലാക്കാന്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുന്ന പഴയ രാഷ്ട്രീയമല്ല. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനാകാതെ കാലത്തെ പിന്നോട്ട് നടത്തുന്ന നീക്കങ്ങളെയെല്ലാം ജനങ്ങള്‍ തൂത്തെറിയുമ്പേഴേ പഴയടൂളുമായി വേട്ടയ്ക്കിറങ്ങിയിരിക്കുന്ന പാര്‍ട്ടികള്‍ പഠിക്കൂ.

കോൺഗ്രസ് തുടങ്ങിവച്ചത് ..

രാജ്യത്ത് മത സാമുദായിക പാര്‍ട്ടികളുടെ പിന്തുണയാര്‍ജിച്ച് തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്ന തന്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ കോണ്‍ഗ്രസാണ്. ദേശിയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും കോണ്‍ഗ്രസിനെ എതിര്‍ത്തവരും പിന്നെ അതേ മാര്‍ഗം പിന്തുടര്‍ന്നപ്പോള്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മതസാമുദായിക വിഭാഗങ്ങളെ പാട്ടിലാക്കുന്നത് ആചാരമായി മാറി.


കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഭരണത്തിലുണ്ടായിരുന്ന ഇടതുപക്ഷവും ഒളിഞ്ഞും തെളിഞ്ഞും അതേപാതയില്‍ സഞ്ചരിച്ചു. അതിനെല്ലാം അതാത് കാലങ്ങളില്‍ സൈദ്ധാന്തിക ഭാഷ്യങ്ങള്‍ ചമയ്ക്കാന്‍ പറ്റിയ നേതാക്കന്മാര്‍ ഉണ്ടായിരുന്നത് കൊണ്ട് കോണ്‍ഗ്രസിന്റെ നീക്കങ്ങളെപ്പോലെ അതത്ര വികൃതമായില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കാളായി ബി.ജെ.പി അവതരിച്ചതോടെ കാര്യങ്ങള്‍ക്ക് മറയില്ലാതായി.


publive-image

2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ അധികാരത്തില്‍ എത്തിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ പയറ്റിയ തന്ത്രങ്ങള്‍ സോഷ്യല്‍ എഞ്ചിനീയറിങ്ങ് എന്നപോരില്‍ മഹത്വവല്‍ക്കരിക്കപ്പെട്ടു. സമ്മര്‍ദ്ദ ഗ്രൂപ്പുകളായി തെരഞ്ഞെടുപ്പ് കാലത്ത് രംഗത്ത് വരുന്ന മതസാമുദായിക വിഭാഗങ്ങളെയെല്ലാം തൃപ്തിപ്പെടുത്തുന്നവിധം വേണ്ടതെല്ലാം കൊടുത്ത് പാട്ടിലാക്കുന്ന തന്ത്രമാണ് സോഷ്യല്‍ എഞ്ചിനീയറിങ്ങ്.

തിരിച്ചടിക്കും, ജനം ! 

രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നതൊന്നും തന്ത്രം പകര്‍ത്തുന്നതിന് തടസമല്ലാതിരുന്ന കേരളത്തിലെ ഇടതുപക്ഷം പ്രതിസന്ധികാല ക്ഷേമരാഷ്ട്രീയത്തിനൊപ്പം സോഷ്യൽ എഞ്ചിനീയറിങ്ങ് സൂ്ക്ഷ്മതലത്തില്‍ തന്നെ നടപ്പാക്കി.


ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ ജെ.ബി.കോശി കമ്മീഷനെ നിയോഗിച്ചതും മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാര്‍ക്കുളള സംവരണത്തില്‍ ക്രൈസ്തവരെ കൂടി പരിഗണിച്ചതും നാടാര്‍ വിഭാഗത്തിലെ സംവരണാവശ്യം നിറവേറ്റിയതുമെല്ലാം ഇടത് സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമായിരുന്നു.


ഈ ഇടപെടലുകളിലെ വിജയാനുഭവങ്ങളാണ് ജനങ്ങളെ പൊതുവായി കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന ശരിയായ രാഷ്ട്രീയം മറക്കാന്‍ പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ ജനങ്ങളുടെ ഭാഗത്ത് നിന്നുളള ശക്തമായ തിരിച്ചടികൊണ്ടുമാത്രമേ അരമനകളുടെയും സമുദായ പ്രമാണിമാരുടെ തിണ്ണനിരങ്ങുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന് അറുതിവരുത്താനാകൂ.

Advertisment