Advertisment

ആറു മണിക്കൂർ തുടർച്ചയായി അൻപതിലധികം കലാപരിപാടികൾ; വർണ്ണവിസ്മയമൊരുക്കി മെയ്ഡ്സ്റ്റോൺ മലയാളികളുടെ ഓണാഘോഷം

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

Advertisment

മെയ്ഡ്സ്റ്റോൺ: കാത്തിരിപ്പിന്റെ നീണ്ട പതിനെട്ടു മാസങ്ങൾക്കുശേഷം ഒത്തുചേരലിന്റെ അവിസ്മരണീയ മുഹൂർത്തമൊരുക്കി മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ. കോവിഡ് അകറ്റി നിർത്തിയ ആഘോഷങ്ങൾ തിരികെയെത്തിയപ്പോൾ ആഹ്ലാദാരവങ്ങൾ കൊടുമുടിയേറിയ അസുലഭ ദിനമായി എംഎംഎയുടെ 'പൊന്നോണം -21'. കാണികൾക്ക് ദൃശ്യ ശ്രാവ്യ വിസ്മയമൊരുക്കി ആറുമണിക്കൂർ ഇടതടവില്ലാതെ അരങ്ങേറിയ അൻപതിലധികം വരുന്ന കലാപരിപാടികളിൽ പങ്കെടുത്തത് എംഎംഎയുടെ 110 കലാകാരന്മാരും കലാകാരികളും.

publive-image

2021 ആഗസ്റ്റ് 28 ശനിയാഴ്ച രാവിലെ പതിനൊന്നു മണിയ്ക്ക് എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ച 'ഫാമിലി ഫോട്ടോഷൂട്ട്', അത്തപ്പൂക്കളം എന്നിവയ്ക്ക് ശേഷം വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ തിരുവോണ സദ്യയിൽ മുതിർന്നവരും കുട്ടികളും അതീവതാല്പര്യത്തോടെ പങ്കു ചേർന്നു. തുടർന്ന് താലപ്പൊലിയേന്തിയ ബാലികമാരുടെയും ആർപ്പുവിളിയുമായെത്തിയ യുവാക്കളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലിയെത്തിയപ്പോൾ സദസ്സ് കരഘോഷം മുഴക്കി. മഹാബലിയുടെ ഓണസന്ദേശത്തിനു ശേഷം സ്റ്റേജിൽ 'മലയാളി മങ്ക', 'കേരളം പുരുഷൻ മത്സരങ്ങൾ അരങ്ങേറി. തുടർന്ന് നടന്ന പൊതുയോഗത്തിൽ മുഖ്യാതിഥിയായി എത്തിയ ലണ്ടൻ ന്യൂഹാം കൗൺസിലർ സുഗതൻ തെക്കേപ്പുര ഓണാഘോഷ പരിപാടികളുടെ ഔദ്യോകിയ ഉദ്‌ഘാടനം നിലവിളക്കു തെളിച്ചു നിർവഹിച്ചു. ചടങ്ങിൽ എംഎംഎ യുടെ പ്രസിഡന്റ് രാജി കുര്യൻ അധ്യക്ഷത വഹിച്ചു. അബിനെർ നോബിൾ ഓണസന്ദേശം നൽകി.

publive-image

വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച കലാപരിപാടികൾ ഇടതടവില്ലാതെ ആറു മണിക്കൂർ നീണ്ടു നിന്നു. കുട്ടികളും മുതിർന്നവരുമടക്കം എംഎയുടെ 110 കലാകാരന്മാരും കലാകാരികളുമാണ് അൻപതിലധികം വന്ന സ്റ്റേജ് ഇനങ്ങളിൽ പങ്കെടുത്തത്. തിരുവാതിര, മോഹിനിയാട്ടം, ക്‌ളാസിക്കൽ ഡാൻസ്, ഫോക് ഡാൻസ്, ബോളിവുഡ് ഡാൻസ്, ഗ്രൂപ്പ് സോങ്, സോളോ, വയലിൻ, കീബോർഡ്‌ പെർഫോമൻസ്, ഡബ്‌സ്മാഷ്, സ്കിറ്റ് തുടങ്ങിയ പരിപാടികളാണ് ഓണാഘോഷത്തോടനുബന്ധിച്ച് സ്റ്റേജിൽ അവതരിപ്പിച്ചത്. കലാപരിപാടികളുടെ അവസാനം എംഎംഎ മെൻസ് ക്ലബും എംഎംഎ മൈത്രിയും അണിയിച്ചൊരുക്കിയ കപ്പിൾ ഡാൻസ് ആരവത്തോടെയാണ് സദസ് ഏറ്റെടുത്തത്.

publive-image

ഓണാഘോഷപരിപാടികൾക്ക് ശോഭയേകുവാൻ എത്തിയ മറ്റു കലാകാരന്മാരും കലാകാരികളും 'പൊന്നോണം - 21' ന് മാറ്റു കൂട്ടി. അവതാരകയായെത്തിയത് കലാകാരിയും ചാനൽ അവതാരകയുമായ ലണ്ടനിൽ നിന്നുള്ള സീന അജീഷ് ആണ്. ചെണ്ടയിൽ വിസ്മയം തീർക്കുന്ന യുകെയിൽ നിന്നുള്ള ആർട്ടിസ്റ്റ് മധുസൂദന മാരാർ, സോഷ്യൽ മീഡിയയിലെ നവ തരംഗം ഗായകൻ സോണി സേവ്യർ, യുകെയിലെ വാനമ്പാടി ടെസ്സ ജോൺ എന്നിവർ ആസ്വാദകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. കളർ മീഡിയ ലണ്ടൻ, മേഘ വോയ്‌സ് സൗത്താംപ്ടൺ എന്നിവരാണ് ആസ്വാദകർക്ക് നവ്യാനുഭവമായ വീഡിയോ വാൾ, ലൈറ്റ് ആൻഡ് സൗണ്ട് എന്നിവ നിയന്ത്രിച്ചത്.

publive-image

ഓണാഘോഷങ്ങളുടെ ഭാഗമായി എംഎംഎ ഏർപ്പെടുത്തിയ 'എൻഎച്എസ് സർവീസ് അവാർഡ്' ന് അർഹരായ ജോസ് കുര്യൻ, ബിന്ദു ജോൺസൺ, ലിൻസി കുര്യൻ, സെൽബി തോമസ്, ജൂബി കുര്യൻ, ജിൻസി ബിനു എന്നിവർക്ക് എംഎംഎയ്ക്കു വേണ്ടി ഡോക്ടർ അജീഷ് സുന്ദരേശൻ അവാർഡുകൾ നൽകി ആദരിച്ചു. എൻഎച്എസിൽ 20 വർഷം സർവീസ് പൂർത്തിയാക്കിയ മെയ്ഡ്സ്റ്റോണിൽ നിന്നുള്ള പ്രൊഫഷണൽസിനാണ് അവാർഡുകൾ നൽകിയത്. കൂടാതെ ജിസിഎസ്‌സിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫിയ ജേക്കബിനും അവാർഡ് നൽകുകയുണ്ടായി. കൂടാതെ ഓണത്തോടനുബന്ധിച്ചു കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധ സ്പോർട്സ് ഇനങ്ങളിൽ വിജയികളായവർക്കും, റാഫിൾ ഡ്രോയിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ നൽകി.

പ്രോഗ്രാം കോ-ഓർഡിനേറ്റർ ബൈജു ഡാനിയേൽ, മൈത്രി കോ-ഓർഡിനേറ്റർ ലിൻസി കുര്യൻ, യൂത്ത് കോ-ഓർഡിനേറ്റർ സ്നേഹ ബേബി, കമ്മറ്റി അംഗങ്ങളായ ആന്റണി സേവ്യർ, ഷാജി ജെയിംസ് എന്നിവർ ഓണാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. 'എംഎംഎ പൊന്നോണം -21' വലിയ വിജയമാക്കി തീർക്കുവാൻ സഹകരിച്ച ഓരോ അംഗങ്ങളോടും കലാപരിപാടികൾ അവതരിപ്പിച്ചവരോടും ഉള്ള നിസീമമായ നന്ദി കമ്മറ്റിക്കുവേണ്ടി അറിയിക്കുന്നതായി പ്രസിഡന്റ് രാജി കുര്യൻ പറഞ്ഞു.

Advertisment