ആദ്യം മനുഷ്യനെ സ്നേഹിക്കുക. മനുഷ്യനോടില്ലാത്ത സ്നേഹം മൃഗങ്ങളോട് കാണിക്കുന്നവര്‍ മൃഗതുല്യരാണ്. കടിയേറ്റ മനുഷ്യനോട് സഹതാപമില്ല, കടിച്ച നായയോട് സഹതാപവും - മൃഗസ്നേഹികള്‍ അവര്‍ക്ക് തുല്യരാകരുതേ ! - തിരുമേനി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

നായ്ക്കളെ സ്നേഹിക്കുന്നവർ വെറും നായകളാവരുത് - പത്ത് തെരുവ് നായ്ക്കൾ ഒന്നിച്ച് ചത്തപ്പോൾ ഇവിടെ ചിലർക്ക് കുരു പൊട്ടി. അതിൽ പെട്ട ഒരു വിദ്വാൻ പോലീസിൽ പരാതി കൊടുത്തിരിക്കുകയാണ്.

കുഴിച്ചിട്ട നായ്ക്കളെ മാന്തിയെടുത്ത് പോസ്റ്റ്മാർട്ടത്തിന് അയക്കുന്ന ജോലിത്തിരക്കിലാണ് ഇപ്പോൾ നമ്മുടെ പോലീസ്.

ഈ വിദ്വാൻ പരാതിയിൽ പറയുന്നത് ഇവയെല്ലാം വളർത്തു നായ്ക്കൾ ആണ് എന്നാണ്. അപ്പോൾ തെരുവ് നായ്ക്കളെ കൊല്ലാമോ ? നായ ചത്തു എന്നേ പറയാറുള്ളു. മനുഷ്യനാണെങ്കിൽ മരിച്ചു എന്ന് പറയും.

ഇതിൽ നിന്നും മനസ്സിലാവുന്നത് മനുഷ്യനും നായയും തമ്മിൽ വ്യത്യാസമുണ്ട് എന്നല്ലേ ? കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിലെ തെരുവുകൾ നായ്ക്കൾ കൈയ്യടിക്കിയിരിക്കുകയാണ്.

സ്ക്കൂളിൽ പോകുന്ന വിദ്യാർത്ഥികളെ തെരുവുനായ്ക്കൾ ആക്രമിച്ച് കടിച്ച് കീറുന്നു. വീടിന്റെ മുറ്റത്ത് കളിക്കുന്ന കുട്ടികളെ ആക്രമിക്കുന്നു. നടക്കാൻ പോകുന്ന വയോധികരെ ഓടിച്ചിട്ട് കടിക്കുന്നു, സൈക്കിളിലും സ്ക്കൂട്ടറിലും പോകുന്നവരെ ആക്രമിക്കുന്നു.
ഇതെല്ലാം നടക്കുന്നത് നമ്മുടെ കേരളത്തിലാണ്, നമ്മുടെ കൺമുമ്പിലാണ്.


ഇതെല്ലാം നിസംഗതയോടെ നോക്കിക്കാണുന്ന ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷവും. അതോടൊപ്പം ചേർന്ന് നിന്ന് കടിയേറ്റവനെ പരിഹസിക്കുന്ന മൃഗ സ്നേഹികളും.


ആദ്യം മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുവാൻ പഠിക്കുക. അതിന് ശേഷം മൃഗങ്ങളെ സ്നേഹിക്കുക. മനുഷ്യനോട് സ്നേഹമില്ലാതെ മൃഗങ്ങളെ മാത്രം സ്നേഹിക്കുന്നവർ മൃഗതുല്യരാണ്.

കടിയേറ്റ പാവം മനുഷ്യരോട് കരുണയില്ലാതെ കടിച്ച നായയെ ആരെങ്കിലും കൊല്ലുമ്പോൾ അതിന്റെ വേർപാടിൽ വിലപിക്കുന്നവർ വെറും നായക്ക് തുല്യരാണ്. ഒരു സാധുമൃഗമായ ആടിനെ കൊന്ന് തിന്നാം. ആട് ആരേയും ഉപദ്രവിക്കാറില്ല.

ഒരു ശല്യവും ചെയ്യാത്ത കോഴിയെ കൊന്ന് തിന്നാം. കാളയെ കൊന്ന് തിന്നാം. താറാവിനെ കൊന്ന് തിന്നാം. ആർക്കും പരാതിയില്ല. അത് നിയമ വിരുദ്ധമല്ല. എന്ത് കൊണ്ട് നായക്ക് ലഭിക്കുന്ന നീതി ഈ മൃഗങ്ങൾക്ക് ലഭിക്കുന്നില്ല? പരാതി നൽകാൻ ഒരു വിദ്വാനേയും കാണുന്നില്ലല്ലോ.


ആടിനേയും കോഴിയേയും എല്ലാം കൊന്ന് തിന്നിട്ട് ചാനലിൽ വന്നിരുന്ന് കപട ജന്തുസ്നേഹം കാണിക്കുന്ന ഇവർക്കെതിരെ വേണം കേസ് എടുക്കാൻ.


മനുഷ്യ ജീവന് അപകടകാരികളായ ജീവികളെ കൊല്ലാൻ ഇന്നാട്ടിൽ നിയമം വേണം.
ഇവിടെ മനുഷ്യനെ പേപ്പട്ടികൾ കടിച്ച് കീറുന്നു. കടിയേറ്റവനോട് സഹതാപമില്ല. കടിച്ച നായയോട് സഹതാപവും.

അങ്ങിനെയെങ്കിൽ ഇക്കൂട്ടർ നായകൾക്ക് തുല്യരാണ് എന്ന് പറയേണ്ടിവരും. ഒന്നുകിൽ ഒരു മൃഗങ്ങളേയും കൊല്ലാൻ പാടില്ല. കൊന്ന് തിന്നാൽ കേസ് എടുക്കണം. അല്ലെങ്കിൽ നായയുടെ മാംസം കൂടി ഭക്ഷ്യയോഗ്യമായി പ്രഖ്യാപിക്കണം. മൃഗ സ്നേഹികൾ വെറും നായകൾ ആവരുത്.

Advertisment