Advertisment

കവിത ജനിക്കുന്നതെങ്ങനെ ? ഒരു പൂ വിരിയുന്നതെങ്ങനെ എന്ന പഴയ ആ ചോദ്യം പോലെത്തന്നെയാണ് ഒരു കവിത ജനിക്കുന്നതെങ്ങനെ എന്ന ചോദ്യവും (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കഥ, കവിത -പറയാനും കേള്‍ക്കാനും ആസ്വദിക്കാനും എല്ലാവര്‍ക്കും ഇഷ്ടം. എഴുതാൻ അതിലേറെ താല്‍പ്പര്യം. അക്ഷരങ്ങള്‍ നേരെ ചൊവ്വേ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ ഒരു കഥയൊ കവിതയോ എഴുതാനുള്ള ത്വര എല്ലാവരിലും ഉണ്ടാവണമെന്നില്ല.എന്നാല്‍ ചിലരില്‍ അദമ്യമായ ഒരാഗ്രഹമായി അത് വളരാന്‍ തുടങ്ങും.

ചില ആളുകളില്‍ നന്നേ ചെറുപ്പം തൊട്ടേ എഴുതാനുള്ള ആവേശം മൊട്ടിടുകയും പയ്യെപ്പതിയെ പൂത്തുലയുകയും ചെയ്യും. വേറെചിലരില്‍ അത് ആവേശത്തോടെ കടന്നുവരുമെങ്കിലും പാതി വഴിയില്‍ എല്ലാം കരിഞ്ഞുണങ്ങിപ്പോകുകയും അവർ നിരാശയുടെ പടുകുഴിയില്‍ വീഴുകയും ചെയ്യും.

ചിലരാവട്ടെ,ഏറെ വൈകിയായിരിക്കും എഴുത്തിലേക്ക് പ്രവേശിക്കുകയും എഴുതിത്തുടങ്ങുകയും ചെയ്യുക. അത്തരക്കാരും വലിയ അദ്ഭുതങ്ങള്‍ കാണിച്ചുകൊണ്ട് മുന്നേറുന്നതു കാണാം. എന്തായാലും എഴുതാനാവുക, എഴുതുന്നത് ആസ്വാദ്യകരമാവുക എന്നതാണ് പ്രധാനം.

എങ്ങനെയാണ് ഒരു നല്ല കവിത എഴുതുക എന്ന് ആർക്കും ആരെയും പരിശീലിപ്പിക്കാനാവില്ല. അതിനുള്ള ഒരു സൂത്രവും ഇതുവരെ ആരും കണ്ടെത്തിയിട്ടുമില്ല. ഒരു പൂ വിരിയുന്നതെങ്ങനെ എന്ന പഴയ ആ ചോദ്യം പോലെത്തന്നെയാണ് ഒരു കവിത ജനിക്കുന്നതെങ്ങനെ എന്ന ചോദ്യവും.

പ്രണയം പോലെ തീവ്രവും മനോഹരവും മധുരോദാരവുമാണ് കവിത. അത്തരമൊരനുഭവം ആസ്വാദകന് സമ്മാനിക്കാനാവുക എന്നതാണ് കവിയുടെ ധര്‍മ്മവും കർമവും. പ്രണയികളുടെ ആനന്ദവും നോവും അനുഭൂതിയും അതിലുമെത്രയോ മടങ്ങായി ഒരു കവിയില്‍, കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നതു കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല.

അത്തരമൊരു കവിത എഴുതാന്‍ നിരന്തരമായ പരിശ്രമവും പരന്ന വായനയും നിറഞ്ഞ ഭാവനയും അനിവാര്യമാണ്. ഇവ മൂന്നും ചേരുംപടി ചേർന്നാൽ തീര്‍ച്ചയായും ഒരു മികച്ച കവിത പിറന്നേക്കാം. ഇത്തരം പരിശ്രമങ്ങളൊന്നുമില്ലെങ്കിലും കവിത ജനിക്കും. പക്ഷെ, അതൊരു ചാപിള്ളയോ പാതി വെന്ത വറേറാ ആയിരിക്കുമെന്നു മാത്രം.

കവിത എങ്ങനെ എഴുതണമെന്നും എഴുതരുതെന്നും എപ്പോള്‍ എഴുതണമെന്നും അവനവനു തന്നെ തീരുമാനിക്കാന്‍ കഴിയുന്ന അവസ്ഥയെ കവിത വിരിയും നേരം എന്നു പറയാം. അതിനുള്ള മുന്നൊരുക്കങ്ങളാണ് വായനയും നിരീക്ഷണങ്ങളും. അതു തുടരുക, സമയമാവുമ്പോള്‍ മനസ്സില്‍ നിന്നും കവിത തെളിനീരുറവപോലെ ഒഴുകി വരും.

-അബു ഇരിങ്ങാട്ടിരി

Advertisment