ബ്രഹ്മപുരം യാദൃശ്ചികമോ, ബോധപൂര്‍വമോ ? മാര്‍ച്-2,2023. ബ്രഹ്മപുരത്തുനിന്നും ഒന്നിനു പുറകെ ഒന്നായി ഉയര്‍ന്നു പൊങ്ങുന്ന പുകച്ചുരുളുകള്‍ അംബരത്തോളോം ഉയര്‍ന്നു പൊങ്ങുകയാണോ. ഒരു ഹനുമാനോ അതോ ഒന്നില്‍ കൂടുതല്‍ ഹനുമാന്മാരാണോ 'ബ്രഹ്മപുരം ലങ്കക്കു' തീയിട്ടത്. ഇവിടെ അഭിനവ ഹനുമാന്‍ വേഷം കെട്ടിയാടുന്നത് വികസനത്തിന്‍റെ രാക്ഷസ വര്‍ഗമാണോ ?
ഏതു ചര്‍ച്ചക്കും ഏതു പഠനത്തിനും മുമ്പ് നമ്മുടെ കഴിഞ്ഞകാലങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. 'വാച്ചില' എന്ന വാക്ക് മധ്യ തിരുവിതാംക്കൂറിലുള്ളവര്‍ക്കെങ്കിലും സൂപരിചിതമായിരിക്കും. ഓരോ വീടുകളിലും അക്കാലത്ത് ഉണ്ടായിരുന്ന മാലിന്യ പ്ളാന്‍റു കളായിരുന്നു അവ. അടുക്കളയില്‍ നിന്നും സ്വല്‍പം മാറി കുറച്ചു സ്ഥലം വെറുതെ കിടക്കുമായിരുന്നു.
ആഹാരാവിശിഷ്ടങ്ങള്‍ ഉള്‍പ്പടയുള്ള മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള സ്ഥലമായിരുന്നു അത്. കാക്ക, പട്ടി, പൂച്ച തുടങ്ങിയ പക്ഷി മൃഗാദികള്‍ അവര്‍ക്കാവിശ്യമുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ കൊത്തി തിന്നുമായിരുന്ന പരിസര ശുചീകരണത്തില്‍ ഇവയുടെ പങ്കിനു നന്ദി പറഞ്ഞു കൊണ്ട് പ്രമുഖ കവികള്‍ കവിതകള്‍ വരെ എഴുതിയിട്ടുണ്ട്.
പിന്നീട് നഗരവല്‍ക്കരണത്തിനു പ്രാധാന്യം വര്‍ധിക്കുകയും നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും ജനസാന്ദ്രത കൂടുവാന്‍ അതു കാരണമാവുകയും ചെയ്തു. പ്ളാസ്റ്റിക് ഉള്‍പ്പെടയള്ള സംസ്കരിക്കാന്‍ പ്രയാസമുള്ള മാലിന്യങ്ങളുടെ (ലെഗസി വേസ്റ്റ്) അളവില്‍ ക്രമാതീതമായ വര്‍ദ്ധനവും ഉണ്ടായി.
ഇങ്ങനെ മാലിന്യം വര്‍ധിക്കുമ്പോഴുണ്ടായേക്കാവുന്ന അപകട സാധ്യതകളെ മുന്‍കൂട്ടി കാണുന്നതില്‍ ഉത്തരവാദത്തപ്പെട്ടവര്‍ പരാജയപ്പെടുകയും ചെയ്തു. അവരുടെ കഴിവില്ലായ്മക്കും, നിസ്സംഗതക്കും, കൃത്യവിലോപത്തിനും, ആര്‍ത്തിക്കും ജനങ്ങള്‍ കൊടുക്കേണ്ടി വന്ന പിഴയാണ് ബ്രഹ്മപുരവും അവിടുന്നയരുന്ന മാലിന്യ പുകയും.
പലരും വിശ്വസിക്കുന്നതു പോലെ ആരെങ്കിലും ബോധപൂര്‍വ്വമാണോ മാലിന്യ കൂമ്പാരത്തിന് തീയിട്ടത് ? ഇങ്ങനെ സംശയിക്കാന്‍ പല കാരണങ്ങളുമുണ്ട്. മുന്‍ കാലങ്ങളിലും അവിടെ മാലിന്യത്തിന് തീപിടിക്കാറുണ്ട് എന്നു പറയുമ്പോള്‍ ഇപ്പോഴത്തെ തീപിടുത്തത്തെ ഒരു സാധാരണ സംഭവമായി ലളിതവല്‍ക്കരിക്കാനുള്ള ശ്രമമായി മാത്രമേ ഈ വാദത്തെ കാണുവാന്‍ സാധിക്കുകയൊള്ളു.
ഇവിടെ ഒരു ചോദ്യം ഉയരുന്നു. മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള തിപിടുത്തങ്ങള്‍ തടയുവാന്‍ എന്തു മുന്‍കരുതലുകളാണ് നിലവിലെ കോര്‍പറേഷന്‍ ഭരണാധികാരികള്‍ എടുത്തിരുന്നത് ?
ഏതെങ്കിലും കോണ്‍ട്രാക്ടറെ, അത് നേതാവിന്‍റെ മരുമകനോ മറ്റാരെങ്കിലുമോ ആയിക്കൊള്ളട്ടെ, മാലിന്യ സംസ്ക്കരണത്തിന് ചുമതലപ്പെടുത്തിയതുകൊണ്ടു മാത്രം മേയറുടേയോ മറ്റ് ഉന്നതരുടേയോ ഉത്തരവാദിത്തം അവസാനിക്കുമോ.
ഒരു സാധാരണക്കാരന്‍ പൊതു സ്ഥലത്തു പുകവലിച്ചാല്‍പോലും ശിക്ഷിക്കാന്‍ നിയമമുള്ള ഈ രാജ്യത്ത് ഒരു നഗരത്തേയും പരിസര പ്രദേശങ്ങളേയും ബന്ദിയാക്കിയ സമൂഹിക വിരുദ്ധരെ ഇതുവരെ ഒന്ന് ചോദ്യം ചെയ്യുവാന്‍ പോലും നമ്മുടെ നിയമ വ്യവസ്ഥക്കു കഴിഞ്ഞില്ല എന്നത് ഓര്‍മയില്‍ സൂക്ഷിക്കേണ്ട കാര്യമാണ്. (ഹൈക്കൊടതിയുടെ ഇടപെടല്‍ വിസ്മരിച്ചു കൊണ്ടല്ല.)
വര്‍ഷങ്ങള്‍ക്കു മുന്‍പ് നഗരത്തില്‍ മാലിന്യം അടിഞ്ഞു കൂടി ജന ജീവിതം ദുസ്സഹമായ ഒരു സമയത്താണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുള്ള ആദ്യ ഇടപെടല്‍ ഉണ്ടായത്. എത്രയും പെട്ടന്ന് നഗര മാലിന്യം നീക്കി ബ്രഹ്മപുരത്ത് നിക്ഷേപിക്കണമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി മിനി ആന്‍റണിയോട് ആവശ്യപ്പെടുന്ന ഉത്തരവായിരുന്നു അത്. ആ അവസരമാണ് മാലിന്യ നിര്‍മാര്‍ജ്ജനം ഒരു അക്ഷയഖനിയാണെന്നു മനസ്സിലാക്കിയവര്‍ ചൂഷണം ചെയ്യുവാന്‍ തുടങ്ങിയത്.
പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചവര്‍ ഒരേ വിഭാഗമായിരുന്നു. എല്ലാ മാലിന്യവും ബ്രഹ്മപുരത്തേക്ക്; എല്ലാ മാലിന്യവും സുരക്ഷിതം എന്നതായിരുന്നു അവരുടെ പ്ര്വര്‍ത്തന മുദ്രാവാക്യം. കോര്‍പറേഷനും രാഷ്ട്രീയ നേതൃത്വവും അവരുടെ മുന്നില്‍ വണങ്ങി നിന്നു.
മിനി ആന്‍റണി മാറി, പല സെക്രട്ടറിമാരും മേയറുമാരും വന്നു. അപ്പോഴെല്ലാം ബ്രഹ്മപുരമെന്ന പൊന്നാപുരം കോട്ട അവരുടെ കയ്യില്‍ ഭ്രദ്രമായിരുന്നു. മാലിന്യ നീക്കത്തിന്‍റെ സമസ്ത മേഖലകളിലും ഇവരുടെ കൈകടത്തല്‍ കാണാം. അതിനു വേണ്ട വാഹനങ്ങള്‍ മേടിക്കുന്നതിലും, അവ കേടാകുന്നതിലും, പകരം വാടകക്ക് എടുക്കുന്നതിലും, വീണ്ടും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിലും കോടികള്‍ മറിയുന്നത് ഇവരുടെ കൈകളിലുടെ തന്നെയാണ്.
എന്തിന് ചില കൗണ്‍സിലര്‍മാരുടെ തിരഞ്ഞെടുപ്പ് ജയപരാജയങ്ങളെ നിയന്ത്രിക്കുന്നതു പോലും ഇവരൊക്കെതന്നെയാണ്. ഇവരെ കയ്യാമംവച്ച് തുറങ്കിലടക്കാനുള്ള ഇഛാശക്തി ആരെങ്കിലും പ്രകടിപ്പിക്കുമ്പോള്‍ മാത്രമേ ഫലപ്രദമായ എന്തെങ്കിലും കൊച്ചിയില്‍ നടക്കൂ.
ഏതു പരിഹാര മാര്‍ഗവും ആദ്യം പരിഗണിക്കേണ്ടത് ഇത്രയും മാലിന്യം എങ്ങനെ ബ്രഹ്മപുരത്ത് എത്തി എന്നതാണ് ? എത്ര നാളായി ഇത് അടിഞ്ഞു കൂടുവാന്‍ തുടങ്ങയിട്ട് ? ഏതൊക്കെ മേഖലകളില്‍ നിന്നാണ് ഈ മാലിന്യം എത്തുന്നത് ? പരസ്പരം പഴിചാരുന്നതോടൊപ്പം ഉത്തരവാദികളെ തള്ളിപ്പറയുവാന്‍ ഏതൊക്കെ കക്ഷികളും സംഘടനകളും തയ്യാറാവും ?
ആരോഗ്യ മേഖലയില്‍ നിന്നും ധാരാളം മുന്നറിയുപ്പുകള്‍ വന്നു കഴിഞ്ഞു. എതു ദുരന്തകാലത്തും ഉണ്ടാവുന്ന പ്രതികരണം. ഡയോക്സിന്‍ തുടങ്ങിയ മാരക വസ്തുക്കളുടെ സാന്നിദ്ധ്യം ജലത്തിലും അന്തരീക്ഷത്തിലും വ്യാപിക്കും. അതുണ്ടാക്കാന്‍ പോവുന്ന ഭവിഷ്യത്തുകള്‍ പ്രവചനാതീതമാണ്. കടമ്പ്രയാറും, ചിത്രപ്പുഴയും ഒരു കാളിന്ദിയായി മാറുവാന്‍ അധികനാള്‍ വേണ്ടി വരില്ല.
ബ്രഹ്മപുരത്തെ വിഷപ്പുകയെക്കുറിച്ച് മുന്‍ മന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണം ഒരേ സമയം കൗതുകകരവും പരിഹാസ്യവുമാണ്. (മാതൃഭൂമി, 13-3-2023.)
ഉറവിട മാലിന്യ സംസ്ക്കരണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ല എറണാകുളമാണ്. കാരണം എല്ലാവരും വരാന്‍ പോകുന്ന വേസ്റ്റ് ടു എനര്‍ജി ഭീമന്‍ പ്ളാന്‍റിന്‍റെ മായാ മോഹ വലയത്തിലായിരുന്നു. ചില ഉദ്യോഗസ്ഥരുടെ ചിന്ത എനിക്കറിയാം.
പുതിയ പ്ളാന്‍റ് വരുമ്പോള്‍ അതിന് ഉറവിട മാലിന്യ സംസ്ക്കരണം തടസ്സമാവും. ആവിശ്യത്തിന് മാലിന്യം കൊടുക്കാന്‍ കഴിയാതെ വന്നേക്കാം. അതു കൊണ്ട് ബദല്‍ സംവിധാനങ്ങള്‍ നിരുത്സാഹപ്പെടുത്തണം. ഈ ഭ്രാന്തന്‍ നടപടിയാണ് ബ്രഹ്മപുരത്തെ ഇപ്പോഴും ആളിക്കത്തിക്കുന്നത്.
അദ്ദേഹത്തിന്‍റെ ഈ കുറിപ്പ് പരിഹാസ്യമാവുന്നത് അദ്ദേഹത്തിന് ദുരന്ത സാധ്യതയെക്കുറിച്ച് അിറിയാമായിരുന്നു എന്നുള്ളള വെളിപ്പെടുത്തല്‍ ആണ്. അദ്ദേഹം സൂചിപ്പിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസില്‍ തന്നെയുണ്ടോ ?