Advertisment

രാഹുൽ ഗാന്ധി പക്വതയില്ലാത്ത നേതാവാണ് - നിയമത്തെ നിയമം കൊണ്ട് നേരിടാതെ തെരുവിൽ പ്രക്ഷോഭം നടത്തിയിട്ടെന്തു കാര്യം? - പ്രതികരണത്തിൽ തിരുമേനി

author-image
ജൂലി
New Update

publive-image

Advertisment

രാഹുൽ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവാണ്. നെഹ്റുവിന്റേയും ഇന്ദിരാജിയുടേയും രാജീവ്ജിയുടേയും പാരമ്പര്യം പേറുന്ന രാഹുൽ കുറേക്കൂടി പക്വത കാണിക്കണം. പ്രധാനമന്ത്രിയാകാൻ താൻ യോഗ്യനല്ല എന്ന് കൂടുതൽ കൂടുതൽ തെളിയിക്കുകയാണ് അദ്ദേഹം.

സൂറത്തിൽ ചെയ്ത പ്രസംഗം എന്താണ്?

ലളിത് മോദി , നീരവ് മോദി , നരേന്ദ്ര മോദി തുടങ്ങി എല്ലാ മോദി മാരും കള്ളൻമാർ ആയത് എങ്ങിനെ എന്ന് പരിഹാസ രൂപത്തിൽ പറയുമ്പോൾ അത് ഒരു സമുദായത്തെ അധി:ക്ഷേപിക്കൽ തന്നെയാണ്. മാനനഷ്ടത്തിന് ഈ വിഭാഗത്തിൽ പെട്ട മറ്റൊരു ബി.ജെ.പി നേതാവ് കൊടുത്ത കേസിലാണ് രാഹുലിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. ഒരു ജനപ്രതിനിധി രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ടാൽ അയോഗ്യനാകും എന്നതാണ് നിലവിലെ നിയമം. എന്നാൽ രാഹുലിനെ ശിക്ഷിച്ച കോടതി തന്നെ വിധി ഒരു മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. അതായത് മേൽ കോടതിയെ സമീപിക്കാൻ ഒരു മാസം സമയമുണ്ട്. ഈ ഒരു മാസത്തിനുള്ളിൽ സ്റ്റേ സമ്പാദിച്ചാൽ മതി. എന്നാൽ അതിന് മുതിരാതെ പ്രശ്നം തെരുവിലേക്ക്

വലിച്ചിഴയ്ക്കുകയാണോ വേണ്ടത് ?

ആർജവമുള്ള ഒരു നേതാവ് രാജ്യത്തെ നിയമ വ്യവസ്ഥയെ അംഗീകരിക്കുകയല്ലേ വേണ്ടത്?

അതിന് പകരം ശിക്ഷ വിധിച്ചതിന് ഉത്തരവാദികൾ നരേന്ദ്രേ മോദിയും അമിത് ഷായും ആണെന്ന് പറഞ്ഞ് കോൺഗ്രസ് നാട് നീളെ പ്രക്ഷോഭം നടത്തുമ്പോൾ രാഹുൽ ഗാന്ധിയും കോൺഗ്രസും ഇന്ത്യയിലെ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്ന് പറയേണ്ടിവരില്ലേ?

ഈ കേസിൽ ഒരിക്കലും ശിക്ഷിക്കപ്പെടുമായിരുന്നില്ല. വിധി ഈ രീതിയിൽ ഉണ്ടാവാൻ കാരണം കോൺഗ്രസ് നേതാക്കൾ തന്നെയാണ്. കേസ് നടത്തിയവർ കേസിനെ ഗൗരവമായി കണ്ടില്ല. പല പ്രാവശ്യം സമൻസ് അയച്ചിട്ടും രാഹുൽ ഹാജരായില്ല. ഖേദം പ്രകടിപ്പിക്കാൻ കോടതി പല പ്രാവശ്യം രാഹുലിനോട് ആവശ്യപ്പെട്ടതാണ്. രാഷ്ട്രീയമായി പ്രസംഗിച്ചപ്പോൾ ഉണ്ടായ ഒരു നാവ് പിഴയാണെന്നും അതിൽ ഖേദിക്കുന്നു എന്നും കോടതിയിൽ പറയാൻ രാഹുലിനെ അദ്ദേഹത്തിന്റെ ദുരഭിമാനം സമ്മതിച്ചില്ല. എന്നാൽ പരാതിക്കാരൻ കൃത്യമായ തെളിവ് ഹാജരാക്കുകയും ചെയ്തു. ശിക്ഷവിധിച്ചിട്ട് പരാതി നൽകിയവനേയും നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറ്റം പറഞ്ഞിട്ട് എന്തു കാര്യം?

മോദിയല്ലല്ലോ കോടതിയല്ലേ വിധിച്ചത്? ശിക്ഷാവിധിയിൽ കേന്ദ്ര സർക്കാരിന്റെ സ്വാധീനം ഉണ്ട് എന്ന് പറയുമ്പോൾ കോൺഗ്രസ് ഇന്ത്യയിലെ നിയമ വ്യവസ്ഥയെ തള്ളി പറയുകയല്ലേ ചെയ്യുന്നത്. മുമ്പൊരിക്കൽ രാഹുൽ ഗാന്ധി മോദിക്കെതിരെ ഒരു പരാമർശം നടത്തി. ചൗക്കിദാർ ചോർ ഹെ അതായത് കാവൽക്കാരൻ കള്ളനാണ് എന്നതായിരുന്നു അത്. അന്ന് ഈ കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി രാഹുലിന് മുന്നറിയിപ്പ് നൽകിയതാണ്. രാഹുലിനെ പോലെയുള്ള മുതിർന്ന നേതാക്കൾ ഇത്തരം പക്വതയില്ലാത്ത പരാമർശങ്ങൾ നടത്തി വ്യക്തികളെ അധിക്ഷേപിക്കാൻ പാടില്ല എന്നാണ് കോടതി പറഞ്ഞത്. ആവർത്തിച്ചാൽ കോടതിക്ക് നടപടിയിലേക്ക് പോകേണ്ടിവരും എന്ന മുന്നറിയിപ്പും നൽകി. അതിനേക്കാൾ ഗുരുതരമായ ജാതി അധിക്ഷേപമല്ലേ ഇവിടെ നടത്തിയിട്ടുള്ളത് രാഹുൽ ?

എന്നിട്ടും ഖേദം പ്രകടിപ്പിച്ച് കേസിൽ നിന്നും രക്ഷപെടാൻ കോടതി അവസരം നൽകി. അതും ഉപയോഗിക്കാതെ എന്നെ ശിക്ഷിക്കാൻ കോടതി ആര്? എന്ന ചോദ്യത്തോടെ രാഹുലും കോൺഗ്രസും നിയമ വ്യവസ്ഥയെ വെല്ല് വിളിച്ച് ഈ വിഷയം തെരുവിൽ എത്തിച്ചിരിക്കുകയാണ്.

യു പി എ സർക്കാരിന്റെ കാലത്താണ് . ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന ഈ ബിൽ പാർലമെന്റിൽ കൊണ്ടുവന്നത്. അന്ന് രാഹുൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ആയിരുന്നു. ശിക്ഷിച്ചാലും ശിക്ഷ നടപ്പാക്കാൻ മൂന്ന് മാസം ഇളവ് നൽകുന്ന ഭേദഗതി വന്നപ്പോൾ എ.ഐ.സി.സി. ഓഫീസിൽ വച്ച് ഈ ഭേദഗതി വേണ്ട, ശിക്ഷിച്ചാൽ വിധി ഉടൻ നടപ്പാക്കണം എന്ന് പറഞ്ഞ് രാഹുൽ അന്ന് ആ ഭേദഗതി വരുത്തിയ പേപ്പർ വലിച്ച് കീറിക്കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.

ഇനി മറ്റൊരുവിഷയം. ലോക് സഭയിൽ അദാനി വിഷയം ഉയർത്തിക്കൊണ്ടു വന്ന് നടത്തിയ രാഹുലിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഔദ്യോഗിക രേഖയിൽ നിന്നും നീക്കും എന്ന് സ്പീക്കർ റൂളിങ്ങ് നൽകിയപ്പോൾ രാഹുലും കോൺഗ്രസും പ്രതിഷേധിച്ച് ബഹളമുണ്ടാക്കി. അദാനിയും മോദിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന പരാമർശമാണ് നീക്കിയത്. അന്ന് സ്പീക്കർ രാഹുലിനോട് തെളിവുണ്ടോ എന്ന് ചോദിച്ചു. മോദിയും അദാനിയും ഒരു ചടങ്ങിൽ ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോയാണ് രാഹുൽ ഉയർത്തിക്കാട്ടിയത്. പ്രധാനമന്ത്രിയാകാൻ കച്ചകെട്ടിയിരിക്കുന്ന ഒരു നേതാവ് ഇത്രയും ബാലിശമായ ഒരു കാര്യം പാർലമെന്റിൽ ചെയ്യാമോ?

ഇനി കേരളത്തിൽ വന്നാലോ അഡ്വ മാത്യു കുഴൽ നാടൻ ശിവശങ്കറിന്റെ റിമാൻഡ്റിപ്പോർട്ട് കൈയ്യിൽ വച്ച് മുഖ്യമന്ത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചപ്പോൾ അതും രേഖയിൽ നിന്ന് നീക്കിയില്ലേ? കോൺഗ്രസ് എന്ത് ചെയ്തു? ഉത്തരവാദിത്വമുള്ള ദേശീയപാർട്ടി എന്ന നിലക്ക് നിയമത്തെ നിയമം കൊണ്ട് നേരിടുകയാണ കോൺഗ്രസ് ചെയ്യേണ്ടത്. അല്ലാതെ പ്രവർത്തകരെ തെരുവിലേക്ക് വലിച്ചിഴച്ച് മർദ്ദനം വാങ്ങി കൊടുക്കുകയല്ല വേണ്ടത്. അല്ലെങ്കിൽ ജുഡീഷ്യറിയെ സ്വാധീനിച്ചതിന് തെളിവ് വേണം. അല്ലാതെ മാപ്പ് പറയാൻ ഞാൻ സവർക്കറല്ല ഗാന്ധിയാണ് എന്ന് പറഞ്ഞതുകൊണ്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല.

Advertisment