/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരിൽ ഉൽഘാടനം കഴിഞ്ഞിട്ട് ഈ ഡിസംബറിൽ അഞ്ചുവർഷം പൂർത്തിയാകും. ഓരോ വർഷവും ഏകദേശം നൂറ്റി അമ്പത് കോടി രൂപ നഷ്ട്ത്തിലാണെന്ന് ഈ സ്വകാര്യ എയർപോർട്ടിന്റെ അവകാശികൾ പറയുന്നു. അധികൃതർ അത് ശെരിവെക്കുന്നുമുണ്ട്.
അടുത്തിടെ ശൂന്യമായ മറ്റൊരു വിമാനത്താവളമാണ് അയൽനാടായ ശ്രീലങ്കയിലെ “മാറ്റാലാ രാജപാക്‌സാ” ഇന്റർനാഷണൽ എയർപോർട്ട്. ഒന്നര വർഷംകൊണ്ട് കണക്കാക്കിയ നഷ്ടം എല്‍കെആര്‍ 20 ബില്യൺ ഏകദേശം 886
കോടി രൂപ. ശ്രീലങ്കയിലെ ഈ വിമാനത്താവളം വിദേശകമ്പനികൾക്ക് വാടകക്ക് കൊടുക്കാനോ വില്പനക്കോ തയ്യാറായിരിക്കുകയാണ്.
1985-ൽ എന്റെ അമേരിക്കൻ സന്ദർശനത്തിടെ ഞാൻ കണ്ട അതിശയിപ്പിക്കുന്ന ഒരു പത്ര പരസ്യമായിരുന്നു “എയർപോർട്ട് ഫോർ സെയിൽ”. കൂടെയുണ്ടായിരുന്ന അമേരിക്കൻ സൂഹൃത്ത് മധു നായർ വിൽപ്പനക്കുവെച്ച എയർപോർട്ടിന് മുമ്പിൽ കാർ നിർത്തിക്കൊണ്ടുപറഞ്ഞു. “ഇവിടെ അധികവും സ്വകാര്യ വിമാനത്താവളങ്ങളാണ്,
ഇത്തരം പരസ്യങ്ങൾ സർവ സാധാരണമാണ്.” പക്ഷെ ഇവിടങ്ങളിലെ എയർപോർട്ട് വില്പനപരസ്യങ്ങൾ യാത്രക്കാർ ഇല്ലാത്തത് കൊണ്ടോ ശൂന്യമായതുകൊണ്ടോ അല്ല, മറിച്ച് അതൊരു കച്ചവട തന്ത്രം മാത്രമാണ്.
എയർ സർവീസ് എഗ്രിമെന്‍റ്:
ലോകത്തിലെ 116 രാജ്യങ്ങളുമായി ഇന്ത്യ പോയിന്റ് ഓഫ് കാൾ (പിഒസി) കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിൽ കണ്ണൂർ
ഉൾപ്പെട്ടിട്ടില്ലന്ന് മാത്രമല്ല അടുത്തകാലത്തൊന്നും ഉൾപ്പെടുത്താനാവില്ലന്നും വ്യോമയാന മന്ത്രി അസന്നിഗ്ദ്ധമായി ഇയ്യിടെ വ്യക്തമാക്കുകയും ചെയ്തു. നോൺ-മെട്രോ സിറ്റികളെ പിഓസിയിൽ നിന്നും ഒഴിവാക്കിയത് മനപൂർവ്വമല്ല, കാരണം കൂടുതൽ വിദേശ വിമാനകമ്പനികളെ പിഒസിയിൽ ഉൾപ്പെടുത്തിയാൽ ഇന്ത്യയിലെ വിമാനകമ്പനികൾ പാപ്പരാവുക സ്വാഭാവികം മാത്രം.
മുമ്പത്തെ സർക്കാർ ദുബായിലെ ഡെസിഗ്നേറ്റഡ് കാരൃർ ആയ എമിറേറ്റീസിന് മാത്രം ഇന്ത്യയിൽ ഒൻപതു പോയിന്റ് ഓഫ് കാൾ കൊടുത്തിട്ടുണ്ട്. അവരാവട്ടെ ആഴ്ചയിൽ 170 സർവീസുകളും നടത്തുന്നു. എന്നാൽ പകരം ഇന്ത്യൻ വിമാനങ്ങൾക്കു കരാർ പ്രകാരം ദുബായ് മാത്രമേ ഉപയോഗിക്കാൻ കഴിയുന്നുള്ളൂ, കാരണം അവിടെ മറ്റൊരു എയർപോർട്ട് ഇല്ല. അതേസമയം മറ്റൊരു ഉപയകക്ഷി കരാർ പ്രകാരം യു.എ.ഇയിലെ മറ്റു എയർപോർട്ടുകളിൽ
നിന്നും ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ഇത്തിഹാദ്, എയർഅറേബ്യാ, ഫ്‌ളൈദുബായ് വിമാനങ്ങൾ
സർവീസുകൾ നടത്തുണ്ടെങ്കിലും ഇന്ത്യൻ കമ്പനികളുടെ റേസിപ്രോക്കൽ സർവീസുകൾ വളരെ പരിമിതമാണ്.
അതതു രജ്യങ്ങൾ തമ്മിലുള്ള ഉപയകക്ഷി കരാർ പ്രകാരം ഇന്ത്യയിലെ ഏതൊരു എയർപോർട്ടിൽ നിന്നും ഇന്ത്യൻ
വിമാനങ്ങൾക്ക് 116 വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ നടത്താൻ അനുമതിയുണ്ട്, പകരം വിദേശ വിമാനങ്ങൾക്ക് ഇന്ത്യയിലെ നിശ്ചിത വിമാനത്താവളങ്ങളിലേക്കു മാത്രമേ സർവീസുകൾ നടത്താൻ അനുമതിയുള്ളൂ. കാരണം ഇന്ത്യൻ വ്യോമമേഖലയിലെ അസംതൃപതമായ അസന്തുലിതാവസ്ഥ പരിഹരിക്കണമെങ്കിൽ വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ നിയന്ത്രിക്കുക അനിവാര്യമാണ്.
ഈ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യയിലെ വിമാനകമ്പനികൾ പാപ്പരാവുമെന്നതിൽ സംശയമില്ല. ഈസ്റ് വെസ്റ്റ് എയർലൈൻ മുതൽ അവസാനം പാപ്പരായ ഗോഫസ്റ്റ് വരെയുള്ള വിമാനകമ്പനികൾവരെ ഇതിന്റെ ഉദാഹരങ്ങളാണ്. വർഷങ്ങളോളം അതിഗംഭീരമായി സ്വദേശത്തും വിദേശത്തും സർവീസ് നടത്തിയ ജെറ്റ്
എയർവേഴ്സ് പൊട്ടിത്തകർന്നതിന്റെ കാരണവും മറ്റൊന്നല്ല. അതിനാൽ ടാറ്റ ഏറ്റെടുത്ത എയർ ഇന്ത്യക്ക് ഈ ഗതി വരാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നതിന്റെ തെളിവാണ് ഉപയകക്ഷി കരാറിൽ മാറ്റം വരുത്താൻ ഇന്ത്യ തയ്യാറാവാത്തത്.
എന്നാൽ കണ്ണൂരിനെ വേണമെങ്കിൽ “ആസിയൻ” (ASEAN - Association of Southeast Asian Nations) കരാറിൽ ഉൾപ്പെടുത്തി തായ്‌ലൻഡ്, സിംഗപ്പൂർ, ഇൻഡോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാവുന്നതാണ്. ഇവിടെ പിഒസി പ്രശനമാവുന്നില്ല, കാരണം ഇന്ത്യ ആസിയാൻ രാജ്യങ്ങളുമായി ഓപ്പൺ സ്കൈ പോളിസിയിൽ ഒപ്പുവെച്ചിട്ടുണ്ട്.
സേവ് കണ്ണൂർ എയർപോർട്ട് :
വടക്കൻ മലബാറുകാരുടെ സ്വപ്ന സാക്ഷാത്കാരമായി പിറവിയെടുത്ത കണ്ണൂർ എയർപോർട്ടിന് നല്ല തുടക്കമായിരുന്നു. ആദ്യ മാസങ്ങളിൽ ഒരു ലക്ഷം യാത്രക്കാർ ഉപയോഗിച്ച ഈ വിമാനത്താവളം ആഴ്‌ചയിൽ 438 സർവീസുകൾ വരെ നടത്തി. ഇന്ത്യയുടെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ഗോഫസ്റ് പാപ്പരായതോടെ കണ്ണൂരിന്റെ താളം തെറ്റി. പിഒസിയുടെ കാരണം പറഞ്ഞുകൊണ്ട് വിദേശ വിമാനകമ്പനികൾക്ക് അനുമതിയും കൊടുക്കുന്നില്ല. 2018-ൽ വിമാനത്താവളം ഉൽഘാടനം ചെയ്യുമ്പോൾ വ്യോമയാന മന്ത്രി പറഞ്ഞിരുന്നത് മൂന്നു വർഷത്തിനുളളിൽ വിദേശവിമാനകമ്പനികൾ കണ്ണൂരിൽ സർവീസ് നടത്തുമെന്നായിരുന്നു. കാത്തിരിപ്പിന്റെ അഞ്ചു വർഷം കഴിയാറായിട്ടും മന്ത്രിയുടെ വാക്കുകൾ ജലരേഖയായി മാറുന്ന അവസ്ഥയിലാണ്.
അക്ഷമരായ യാത്രക്കാരും മുതൽമുടക്കിയ ഉടമസ്ഥരും അവരുടെ അസ്വസ്ഥത ഇപ്പോൾ പ്രകടപ്പിച്ചു തുടങ്ങിയിരിക്കുന്നു. “സേവ് കണ്ണൂർ എയർപോർട്ട് ബഹുജന കൺവെൻഷൻ” ജൂലൈ രണ്ടാം തിയ്യതി നടത്താൻ പോകുന്നു. കണ്ണൂർ വിമാനത്താവളത്തോട് അധികൃതരും രാക്ഷ്ട്രീയക്കാരും കാണിക്കുന്ന കടുത്ത അവഗണ ബഹുജന കൺവെൻഷനിലൂടെ അധികാരികളിൽ എത്തിക്കുകയാണ് അവരുടെ ലക്ഷ്യം.
കരിപ്പൂരിന് അന്ത്യശാസനം കിട്ടി
കേരളത്തിലെ മറ്റൊരു എയർപോർട്ടായ കരിപ്പൂരിനോട് കഴിഞ്ഞ 38 വർഷമായി അധികൃതരും രാക്ഷ്ട്രീയക്കാരും കാണിക്കുന്ന അവഗണനയുടെ ചിത്രം ലോകത്തിൽ ഒരു എയർപോർട്ടിനും ഉണ്ടായിട്ടുണ്ടാവില്ല. അത്രമേൽ ഹീനവും അന്യായവുമായ രീതിയിലാണ് മാറിമാറി വരുന്ന സർക്കാരുകൾ കരിപ്പൂരിനോട് ചെയ്‍ത പാതകം. ഏറ്റവുമൊടുവിൽ റെസയുടെ നീളം വർദ്ധിപ്പിക്കാനായി കേവലം പതിനാല് ഏക്കർ ഭൂമി പോലും വാങ്ങിക്കൊടുക്കാൻ കേരള സർക്കാർ തയ്യാറാവുന്നില്ല. അടുത്ത രണ്ടര മാസത്തിനുള്ളിൽ പതിനാല് ഏക്കർ ഭൂമി കൈമാറിയില്ലെങ്കിൽ നിലവിലുള്ള റെസയുടെ നീളം വെട്ടിമുറിക്കുമെന്നു വ്യോമയാന അധികൃതർ അന്ത്യശാസനം നൽകിയിരിക്കുകയാണ്.
(കരിപ്പൂർ എയപോർട്ട്)
കണ്ണൂർ രക്ഷപ്പെടണമെങ്കിൽ:
സ്വകാര്യ മേഖലിയിൽ പണിത കണ്ണൂർ എയർപോർട്ടിന്റെ ഓഹരി ഉടമകൾ കടുത്ത നിരാശയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളമായ കൊച്ചിയുടെ മാതൃകയിൽ പണിതതാണെങ്കിലും അഞ്ചു വർഷമായിട്ടും യാതൊരു ലാഭ വിഹിതവും അവർക്കു ലഭിക്കുന്നില്ല. ഇങ്ങനെ പോയാൽ ഇനിയങ്ങോട്ട് ഒന്നും കിട്ടില്ലെന്നും അവർ കരുതുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിഹിതം (35%) കൊടുത്ത കൊച്ചി വിമാനത്താവളത്തിന്റെ മാതൃക കൈവരിക്കാൻ കണ്ണൂർ ഓഹരി ഉടമകൾക്കാവുമോ? 39 ശതമാനം ഓഹരി വിഹിതമുള്ള കേരള സർക്കാരാണെങ്കിൽ വായ്പയെടുത്ത പണത്തിന്റെ പലിശകൊടുക്കാനാവാതെ നട്ടം തിരിയുകയാണ്.
വ്യോമയാന മന്ത്രാലയത്തിന്റെ പിഒസി കടമ്പ കടക്കാൻ ഇനിയും വർഷങ്ങളെടുക്കും. കാരണം ഇന്ത്യൻ വ്യോമയാനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കലാണ് സർക്കാരിന്റെ ആദ്യ പരിഗണന. ഇനി അഥവാ കണ്ണൂരിന് പിഒസി കൊടുക്കുകയാണെങ്കിൽ ഇതേ ആവശ്യം ഉന്നയിച്ച മറ്റു സംസ്ഥാനങ്ങൾ വെറുതെയിരിക്കില്ല. ഇതൊരു രാക്ഷ്ട്രീയ തീരുമാനത്തേക്കാളുപരി ഇന്ത്യൻ വിമാന കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുള്ള തിടുക്കത്തിലാണ് സർക്കാർ.
ഇങ്ങനെ പോയാൽ കണ്ണൂർ എത്രകാലം കണ്ണുനീർ കുടിക്കണം. സമരവും, ജനകീയ കൺവെൻഷനുമെല്ലാം താൽക്കാലികം മാത്രം. അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ സമര മുറകൾ സഹായിക്കുമോ ? കണ്ണൂർ വിമാനത്താവളത്തെ കരകയറ്റണമെങ്കിൽ അവിടേക്കു കൂടുതൽ വിമാനങ്ങളുടെ പോക്കുവരവുണ്ടാവണം.
ടാറ്റയും എയർഇന്ത്യയും മുന്നിട്ടിറങ്ങണം:
ഒരിക്കലും വരില്ലെന്നുറപ്പുള്ള വിദേശ വിമാനക്കമ്പനികളെ തൽക്കാലം മറക്കാം. പകരം നിലവിലുള്ള ഉപയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിലെക്കും ഇതര നാടുകളിലേക്കും ഇന്ത്യൻ വിമാനകമ്പനികൾക്ക് ധാരാളം സർവീസുകൾ നടത്താനുള്ള സ്ലോട്ടുകൾ ഒഴിഞ്ഞു കിടപ്പുണ്ട്. അവ വേണ്ടുവോളം പ്രാവർത്തികമാക്കാൻ ഇന്ത്യൻ വിമാനക്കമ്പനിക്കാവണം. ആരുടേയും പിഒസി ഇതിനാവശ്യമില്ല.
എയർ ഇന്ത്യക്കും, എയർ ഇന്ത്യ എക്പ്രസ്സിനും ഇത് സാധ്യമാവണം. ടാറ്റയുടെ കൈകളിൽ ഈ രണ്ടു വിമാനങ്ങളും ഭദ്രമാണ്. അവരുടെ പക്കൽ കോഡ് “ഇ” ഇനത്തിലുള്ള വിമാനങ്ങളുണ്ട്, ഇല്ലെങ്കിൽ അവർക്കു വാടകക്കെടുക്കാം. അതോടൊപ്പം ഇൻഡിഗോ, സ്‌പൈസ് ജെറ്റ് മുതലായ മറ്റു വിമാന കമ്പനികളും അവരവരുടെ സ്ലോട്ടുകൾ ഉപയോഗിക്കണം. അങ്ങനെ കണ്ണൂർ വിമാനത്താവളത്തെ തനി ഇന്ത്യൻ വിമാനങ്ങളുടെ ഹബ്ബാക്കി മാറ്റിയെടുക്കാം.
അമേരിക്കയിലെ അമേരിക്കൻ എയർലൈൻസും, യുണൈറ്റഡ് എയർലൈൻസും ചെയ്യുന്ന പോലെ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ. ഇന്ത്യൻ വിമാന കമ്പനികൾ മാത്രം കണ്ണൂരിൽ നിന്നും പറക്കുകയാണെങ്കിൽ സർക്കാർ വിചാരിച്ചാൽ ടിക്കറ്റ് വില ഒരു റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രിക്കാനും. അതോടെ ടിക്കറ്റ് നിരക്കുകൾ ഗണ്യമായി കുറക്കുകയും ചെയ്യാം.
എന്തുകൊണ്ട് ഇത്തരം ഒരു ചിന്തയിലേക്ക് കണ്ണൂരുകാർ പോകുന്നില്ല. കൺവെൻഷനും സമര മുറകളും മാറ്റിവെച്ചുകൊണ്ട് പ്രായോഗികമായ പുത്തൻ ആശയങ്ങളിലേക്ക് നിങ്ങൾ വരണം. എല്ലാ കാലവും അധികാരികളുടെ കാൽക്കൽവീണ് കേണപേക്ഷിക്കാതെ ഇന്ത്യൻ വിമാനങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരു എയർപോർട്ടായി കണ്ണൂർ മാറട്ടെ.