കോട്ടയം: ക്രിസ്മസിനു നാട്ടിലെത്താന്‍ ടിക്കറ്റിനായി വലയുന്ന ചെന്നൈ മലയാളികള്‍ക്ക് ഇക്കുറിയും നിരാശയോ. ക്രിസ്മസ് ദിവസങ്ങളിലെ തിരക്കു കുറയ്ക്കാന്‍ അധിക സര്‍വീസ് റെയില്‍വേ പ്രഖ്യാപിക്കാത്തതാണു യാത്രക്കാരെ നിരാശപ്പെടുത്തുന്നത്.
ഇക്കുറി അധിക സര്‍വീസിനു പകരം ചെന്നൈയില്‍ നിന്നു കൊല്ലത്തേക്കും തിരിച്ചുമുള്ള സ്‌പെഷല്‍ ട്രെയിനിലാണ് (06113/06114) കൂടുതല്‍ എ.സി കോച്ചുകള്‍ ഏര്‍പ്പെടുത്തിയത്. ഒരു സെക്കന്‍ഡ് എസി, 5 തേഡ് എ.സി കോച്ചുകളാണു കൂടുതലായി അനുവദിച്ചത്.
നിലവിലുള്ള 10 ജനറല്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കിയാണു കൂടുതല്‍ എ.സി കോച്ചുകള്‍ ഉള്‍പ്പെടുത്തിയത്. 8 സ്ലീപ്പര്‍ കോച്ചുകളുമുണ്ട്. ചെന്നൈ-കൊല്ലം ട്രെയിനില്‍ 21 മുതല്‍ സൗകര്യം ലഭ്യമാണ്. തേഡ് എസിയിലും സെക്കന്‍ഡ് എസിയിലും നിലവില്‍ ടിക്കറ്റുകള്‍ ലഭ്യം.
/sathyam/media/media_files/2024/11/03/buUnscHBrU2DU0fCpajJ.jpg)
സ്ലീപ്പറില്‍ ടിക്കറ്റ് നില വെയ്റ്റ് ലിസ്റ്റ് 60നു മുകളിലാണ്. ശനിയാഴ്ചകളില്‍ സെന്‍ട്രലില്‍ നിന്നു രാത്രി 11.20നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 2.30നു കൊല്ലത്തെത്തും. പെരമ്പൂര്‍, ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട് വഴിയാണു സര്‍വീസ്. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.
ശബരിമല സീസണോട് അനുബന്ധിച്ചു പ്രഖ്യാപിച്ച ട്രെയിനുകളിലെല്ലാം ടിക്കറ്റ് ബുക്കിങ് നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. കൂടുതല്‍ സര്‍വീസ് അനുവദിച്ചില്ലെങ്കില്‍ വന്‍ തുക നല്‍കി സ്വകാര്യ ബസുകളില്‍ നാട്ടില്‍ എത്തേണ്ട അവസ്ഥ ഉണ്ടാകും.
അതേസമയം, ചങ്ങനാശേരിയിലേക്കു വീണ്ടും എസ്.ഇ.ടി.സി. കോവിഡിനെ തുടര്‍ന്നു നിര്‍ത്തിവച്ച, ചങ്ങനാശേരിയിലേക്കുള്ള എസ്.ഇ.ടി.സി ബസ് സര്‍വീസാണു പുനരാരംഭിക്കുന്നത്. 20 മുതല്‍ വൈകിട്ട് 4നു കിലാമ്പാക്കത്ത് നിന്നാണ് അള്‍ട്രാ ഡീലക്‌സ് ബസ് പുറപ്പെടുക.
/sathyam/media/media_files/yZFFyepEtTeeHtuRgfvn.jpg)
ഗുഡുവാഞ്ചേരി, എസ്.ആര്‍.എം യൂണിവേഴ്‌സിറ്റി, മറൈമലൈ നഗര്‍ ബസ് സ്‌റ്റോപ്, മഹീന്ദ്ര സിറ്റി എന്നിവിടങ്ങളിലും സ്‌റ്റോപ്പുണ്ട്. തിണ്ടിവനം, തേനി, കമ്പം, കുമളി, വണ്ടിപ്പെരിയാര്‍, കോട്ടയം വഴി പിറ്റേന്നു രാവിലെ 8.45നു ചങ്ങനാശേരിയിലെത്തും.
24 വരെയുള്ള സര്‍വീസാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. 775 രൂപയാണു നിരക്ക്. മടക്കസര്‍വീസ് വൈകിട്ട് 3ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.30ന് ചെന്നൈയിലെത്തുന്ന തരത്തിലാണു സര്‍വീസ്. www.tnstc.in എന്ന വെബ്‌സൈറ്റിലൂടെ ബുക്കിങ്ങും നടത്താം.
എന്നാല്‍, കെ.എസ്.ആര്‍.ടി.സിയാകട്ടേ ചെന്നൈയിലേക്ക് സര്‍വീസ് നടത്താന്‍ മടിക്കുകയാണ്. ശബരിമല സീസണോട് അനുബന്ധിച്ച് കൂടുതല്‍ സര്‍വീസ് നടത്തുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സിക്ക് സ്‌പെഷല്‍ സര്‍വീസ് നടത്താന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. സംസ്ഥാനത്തുള്ള കണ്ടക്ടര്‍ ക്ഷാമവും സര്‍വീസുകളെ ബാധിക്കുന്നുണ്ട്.