/sathyam/media/media_files/a9lPQfP83WE0ivb0oaIC.jpg)
india west indies
ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിനു വ്യാഴാഴ്ച (ജൂലൈ 27) തുടക്കമാവും. ബാര്‍ബഡോസാണ് ആദ്യ മത്സരത്തിനു വേദിയാവുക. വിജയത്തോടെ തന്നെ പരമ്പരയ്ക്കു തുടക്കം കുറിക്കാനാവും ഇരുടീമും ശ്രമിക്കുക. ഏകദിന ലോകകപ്പും മുന്നില്‍ നില്‍ക്കെ ഏറെ ശ്രദ്ധയോടെയാകും ഇന്ത്യ പരമ്പരയെ സമീപിക്കുക.
ഓപ്പണിംഗില്‍ ഇന്ത്യ പരീക്ഷണത്തിന് മുതിര്‍ന്നേക്കില്ല. നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്നിംഗ് ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പരില്‍ വിരാട് കോഹ്‌ലി ഇറങ്ങും. നാലാം നമ്പുരില്‍ സൂര്യകുമാറിനെ ഇന്ത്യ വീണ്ടും പരീക്ഷിച്ചേക്കും. എന്നാല്‍ ടി20യിലെ ഫോം താരത്തിന് ഏകദിനത്തിലേക്ക് പകര്‍ത്താനാവുന്നില്ല എന്നത് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
അഞ്ചാം നമ്പറിലെത്തുക മലയാളി താരം സഞ്ജു സാംസണായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും സഞ്ജുവായിരിക്കും. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഇറങ്ങിയേക്കും. മൂന്നാം ഓള്‍റൗണ്ടറായി ശര്‍ദ്ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്കായിരിക്കും നറുക്കുവീഴുക.
മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജായിരിക്കും പേസ് ബോളിങിനു ചുക്കാന്‍ പിടിക്കുക. സിറാജിന്റെ പേസ് ബൗളിങിലെ പങ്കാളി ഉമ്രാന്‍ മാലിക്കായിരിക്കും. കുല്‍ദീപ് യാദവായിരിക്കും ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.
ഇന്ത്യന്‍ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍/ ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.