വെട്ടിമാറ്റിയാലും മുറിഞ്ഞു പോകാത്ത രാഷ്ട്രീയ പ്രഖ്യാപനമാണ് എമ്പുരാന്‍ സിനിമയെന്ന് കെ.കെ രമ എം.എല്‍.എ. 'കള്ളക്കേസുകള്‍ സൃഷ്ടിച്ച് നിശബ്ദരാക്കാമെന്നു ഭരണകൂടം വ്യാമോഹിക്കുന്നതിനുമെത്രയോ മേലെയാണ് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയവും സംസ്‌കാരവും. കൈകളെ മാത്രമേ വിലങ്ങണിയിക്കാന്‍ അവര്‍ക്ക് സാധിക്കു ആശയങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല'. സിനിമയിലെ ഡയലോഗ് ആവര്‍ത്തിച്ച് ഫേസ്ബുക്ക് കുറിപ്പ്

വെട്ടിമാറ്റിയാലും മുറിഞ്ഞു പോകാത്ത രാഷ്ട്രീയ പ്രഖ്യാപനമാണ് എമ്പുരാന്‍ സിനിമയെന്ന് കെ.കെ രമ എം.എല്‍.എ.

New Update
k-k-rema.1.1727059

കോട്ടയം: വെട്ടിമാറ്റിയാലും മുറിഞ്ഞു പോകാത്ത രാഷ്ട്രീയ പ്രഖ്യാപനമാണ് എമ്പുരാന്‍ സിനിമയെന്ന് കെ.കെ രമ എം.എല്‍.എ. ജനാധിപത്യ മതേതര മൂല്യം മനസില്‍ സൂക്ഷിക്കുന്ന എല്ലാവരും ഈ സിനിമ കാണണം. റീ സെന്‍സറിങില്‍ വെട്ടി മാറ്റപ്പെട്ടു എന്നു പറയപ്പെടുന്ന രംഗത്ത് അവര്‍ കൃത്യമായി പറയും പോലെ തങ്ങളുടെ കയ്യിലുള്ള അന്വേഷണ ഏജന്‍സികളെ കൊണ്ട് കള്ളക്കേസുകള്‍ സൃഷ്ടിച്ച് നിശബ്ദരാക്കാമെന്നു ഭരണകൂടം വ്യാമോഹിക്കുന്നതിനുമെത്രയോ മേലെയാണ് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയവും സംസ്‌കാരവും. കൈകളെ മാത്രമേ വിലങ്ങണിയിക്കാന്‍ അവര്‍ക്ക് സാധിക്കു ആശയങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല.

Advertisment

സെന്‍സര്‍ ചെയ്യപ്പെടുന്നതിനു മുന്‍പ് തന്നെ എമ്പുരാന്‍ കണ്ടു. കണ്ടിറങ്ങുമ്പോള്‍ കൂടെപ്പോന്നത് രണ്ടു സ്ത്രീകളാണ്. ഒന്നാമതായി നിഖാത് ഖാന്‍ അവതരിപ്പിച്ച 'മാസി എന്ന സുഭദ്രാ ബെന്‍'. തന്റെ വീട്ടില്‍ അഭയം തേടിയെത്തുന്ന മസൂദിനോട് അവര്‍ പറയുന്നു.


 'നിങ്ങളീ കണ്ടത് മതമോ വിശ്വാസമോ അല്ല. ഇതൊരു രാഷ്ട്രീയക്കളി മാത്രമാണ്. ഒരു കച്ചവടം മാത്രം. അതിന് ഹിന്ദുവെന്നോ മുസല്‍മാനെന്നോ, ആണെന്നോ പെണ്ണെന്നോ ഇല്ല. വെടിമരുന്നിലേക്ക് തീപ്പൊരി എറിയും പോലെയാണ് രാഷ്ട്രീയം മതവുമായി കൈകോര്‍ക്കുന്നത് '.


സിനിമയിലെ അക്രമകാരികളുടെ തോക്ക് ആദ്യം ഉന്നം വയ്ക്കുന്നത് അവരുടെ നെറ്റിയാണ്. രണ്ടാമത്തേത് മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രമാണ്. എന്തൊരു ഊര്‍ജ്ജമാണ് അവരുടെ വാക്കുകളില്‍. പിറകില്‍ നിന്ന് പിടിച്ചു വലിക്കുന്ന വൈകാരികതകളോടും കൂടി ഏറ്റുമുട്ടിയാണ് പൊതുരംഗത്ത് ഓരോ സ്ത്രീയും നിലയുറപ്പിക്കുന്നതെന്നും ഒരു പോപ്പുലര്‍ സിനിമയുടെ പതിവു കാഴ്ചകള്‍ക്കപ്പുറം മനസ്സില്‍ തൊട്ട ഈ രണ്ടു കഥാപാത്രങ്ങളാണ്, അവരെ ഭാവന ചെയ്ത എഴുത്തും സാക്ഷാത്കരിച്ച അഭിനേതാക്കളുമാണ് എമ്പുരാനെ എന്റെ പ്രിയപ്പെട്ട ചിത്രമാക്കുന്നതെന്നും കെ.കെ. രമ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.

റീ സെന്‍സറിംഗ് കഴിഞ്ഞ് എമ്പുരാന്‍ വീണ്ടും പ്രദര്‍ശനം തുടങ്ങിയിരിക്കുന്നു. എല്ലാ അതിരുകളും ലംഘിച്ച് സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ക്ക് സിനിമ
വീണ്ടും സെന്‍സറിംഗിന് സമര്‍പ്പിക്കേണ്ടി വന്നത്. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്.

സംഘപരിവാര്‍ കടന്നാക്രമണം തുടങ്ങിയ സന്ദര്‍ഭം മുതലാണ് കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനതയും ഈ സിനിമയ്ക്കൊപ്പം നിലയുറപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് വരിനിന്നു വോട്ട് ചെയ്യുന്നതുപോലെയാണ് മലയാളികള്‍ ആ സിനിമ കാണാന്‍ വേണ്ടി ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്‍പില്‍ വരിനിന്നത്. ഇപ്പോഴും ടിക്കറ്റുകള്‍ക്കായി കാത്തുനില്‍ക്കുന്നത്. കേവലം ഒരു ചലച്ചിത്രാസ്വാദനം മാത്രമായല്ല, ഒരു രാഷ്ട്രീയ ദൗത്യമായാണ് ആ സിനിമ കാണല്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തത്. ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളും അണികളും ഈ സംഘപരിവാര്‍ കടന്നാക്രമണങ്ങളെ നിസ്സംശയം പ്രതിരോധിച്ചു.

പക്ഷേ ജനത ഒറ്റമനസ്സായി നടത്തിയ ഈ സാംസ്‌കാരിക പ്രതിരോധത്തെ വിശ്വാസത്തിലെടുക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിക്കേണ്ടതായിരുന്നു. രാഷ്ട്രീയമായ എതിര്‍പ്പുകളെയും തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് ചെയ്യുന്നവരെയും കയ്യിലുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കിയും മീഡിയയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയും കൈകാര്യം ചെയ്യുന്ന ഫാസിസ്റ്റ് വാഴ്ചക്കാലത്ത് എല്ലാവര്‍ക്കും പിടിച്ചുനില്‍ക്കുക എളുപ്പമല്ല. പ്രത്യേകിച്ച് കോടിക്കണക്കിന് രൂപയുടെ മുതല്‍മുടക്കുള്ള സിനിമ പോലൊരു വ്യവസായത്തില്‍.

എത്ര സെന്‍സര്‍ ചെയ്താലും ആ സിനിമയില്‍ സംഘപരിവാറിനെ പ്രകോപിപ്പിച്ച പഴയകാല ചരിത്രം എവിടെയും മാഞ്ഞു പോവില്ല. ഗുജറാത്ത് കലാപവും നരോദ് പാട്യയിലെ കൂട്ടക്കൊലയുമൊക്കെ ചരിത്രമാണ്. നാള്‍വഴി കണക്കുള്ള യാഥാര്‍ത്ഥ്യങ്ങളാണ്. കലാപകാലത്ത് കയ്യുംകെട്ടി നോക്കി നില്‍ക്കുകയും അതിനു കൂട്ടുനില്‍ക്കുകയും ചെയ്ത ഭരണകൂടവും ആ കലാപത്തില്‍ നിന്നും ലാഭമുണ്ടാക്കി വളര്‍ന്നുവന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളും യാഥാര്‍ഥ്യമാണ്. സിനിമയിലെ ദൃശ്യങ്ങള്‍ വെട്ടിമാറ്റും പോലെ എളുപ്പമല്ല ചരിത്രം വെട്ടിമാറ്റാന്‍.

സെന്‍സര്‍ ചെയ്യപ്പെടുന്നതിനു മുന്‍പ് തന്നെ എമ്പുരാന്‍ കണ്ടു. കണ്ടിറങ്ങുമ്പോള്‍ കൂടെപ്പോന്നത് രണ്ടു സ്ത്രീകളാണ്.

ഒന്നാമതായി നിഖാത് ഖാന്‍ അവതരിപ്പിച്ച 'മാസി എന്ന സുഭദ്രാ ബെന്‍'. തന്റെ വീട്ടില്‍ അഭയം തേടിയെത്തുന്ന മസൂദിനോട് അവര്‍ പറയുന്നു. 'നിങ്ങളീ കണ്ടത് മതമോ വിശ്വാസമോ അല്ല. ഇതൊരു രാഷ്ട്രീയക്കളി മാത്രമാണ്. ഒരു കച്ചവടം മാത്രം. അതിന് ഹിന്ദുവെന്നോ മുസല്‍മാനെന്നോ, ആണെന്നോ പെണ്ണെന്നോ ഇല്ല. വെടിമരുന്നിലേക്ക് തീപ്പൊരി എറിയും പോലെയാണ് രാഷ്ട്രീയം മതവുമായി കൈകോര്‍ക്കുന്നത് '.

സിനിമയിലെ അക്രമകാരികളുടെ തോക്ക് ആദ്യം ഉന്നം വയ്ക്കുന്നത് അവരുടെ നെറ്റിയാണ്.

ഹിന്ദുമതത്തില്‍ ജനിക്കുകയും അതില്‍ തന്നെ വിശ്വസിക്കുകയും ചെയ്യുന്ന മഹാഭൂരിഭാഗം വരുന്ന മതേതര വിശ്വാസികളായ, ആ മൂല്യങ്ങള്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായ ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതിനിധിയാണ് സുഭദ്ര. ഇപ്പോഴും ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ട്, ഗുജറാത്തിലെ കലാപത്തിന്റെ ഇരകളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പൊരുതിയ ടീസ്റ്റ സെതല്‍വാദ് തുടങ്ങി ഗുജറാത്തില്‍ നിന്ന് തന്നെ കണ്ടെത്താവുന്ന നിരവധി ഉദാഹരണങ്ങളുടെ പ്രതീകം.

രണ്ടാമത്തേത് മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രമാണ്. എന്തൊരു ഊര്‍ജ്ജമാണ് അവരുടെ വാക്കുകളില്‍. പിറകില്‍ നിന്ന് പിടിച്ചു വലിക്കുന്ന വൈകാരികതകളോടും കൂടി ഏറ്റുമുട്ടിയാണ് പൊതുരംഗത്ത് ഓരോ സ്ത്രീയും നിലയുറപ്പിക്കുന്നത്. സഹോദരന്റെ ഫോണ്‍വിളിയില്‍ അടങ്ങിയ ഭീഷണിയുടെ സ്വരമാണ് പിന്നീടുള്ള പ്രിയദര്‍ശിനിയെ നിര്‍മിക്കുന്നത്.

റീ സെന്‍സറിംഗില്‍ വെട്ടി മാറ്റപ്പെട്ടു എന്നു പറയപ്പെടുന്ന രംഗത്ത് അവര്‍ കൃത്യമായി പറയും പോലെ 'തങ്ങളുടെ കയ്യിലുള്ള അന്വേഷണ ഏജന്‍സികളെ കൊണ്ട് കള്ളക്കേസുകള്‍ സൃഷ്ടിച്ച് നിശബ്ദരാക്കാമെന്ന് ഭരണകൂടം വ്യാമോഹിക്കുന്നതിനുമെത്രയോ മേലെയാണ് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയവും സംസ്‌കാരവും. കൈകളെ മാത്രമേ വിലങ്ങണിയിക്കാന്‍ അവര്‍ക്ക് സാധിക്കു ആശയങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല'..

ഒരു പോപ്പുലര്‍ സിനിമയുടെ പതിവു കാഴ്ചകള്‍ക്കപ്പുറം മനസ്സില്‍ തൊട്ട ഈ രണ്ടു കഥാപാത്രങ്ങളാണ്, അവരെ ഭാവന ചെയ്ത എഴുത്തും സാക്ഷാത്കരിച്ച അഭിനേതാക്കളുമാണ് എമ്പുരാനെ എന്റെ പ്രിയപ്പെട്ട ചിത്രമാക്കുന്നത്.

വെട്ടിമാറ്റിയാലും മുറിഞ്ഞു പോകാത്ത രാഷ്ട്രീയ പ്രഖ്യാപനമാണ് ഈ സിനിമ. ജനാധിപത്യ/ മതേതര മൂല്യം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവരും ഈ സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നു.

സ്നേഹപൂര്‍വ്വം,
കെ.കെ രമ

 

Advertisment