കാസര്‍കോഡ്: നീലേശ്വരത്ത് എംഡിഎംഎ പിടികൂടി. സംഭവത്തില്‍ പടന്നക്കാട് സ്വദേശി വിഷ്ണു (28) അറസ്റ്റിലായി. യുവാവിനെ നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 19 ഗ്രാം എംഡിഎംഎ യുവാവില്‍ നിന്നും കണ്ടെടുത്തു.
വില്‍പ്പനക്കായി ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് വാങ്ങിച്ച് യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ നീലേശ്വരത്ത് എത്തിയതായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ഉടന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും നീലേശ്വരം പോലീസും ചേര്‍ന്നാണ് പിടികൂടിയത്.
വിഷ്ണു നേരത്തെയും മയക്ക് മരുന്ന് കേസില്‍ പ്രതിയായിട്ടുണ്ട്. പൊലീസ് ബംഗളൂരുവില്‍ നിന്നും നീലേശ്വരം വരെ പ്രതിയെ ട്രെയിനില്‍ പിന്തുടരുകയായിരുന്നു. പ്രതി ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലടക്കം പൊലീസ് കാവല്‍ നിന്നിരുന്നു.