Advertisment

ഉമ്മന്‍ ചാണ്ടിയുടെ മരണം മലയാളിയെ പഠിപ്പിച്ച പാഠം എന്ത് ? ജീവിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്തിട്ട് മരണശേഷമുള്ള ഈ പൊക്കിപ്പറച്ചിലുകളെന്തിന് ? കോയമ്പത്തൂര്‍ക്ക് സിഡി തേടി പോയവര്‍ ബാംഗ്ലൂര്‍ മുതല്‍ പുതുപ്പള്ളിവരെ ഓരോ മുക്കിലും മൂലയിലും ഓടി നടന്ന് ജനാഭിപ്രായം പുറംലോകത്തെ കാണിച്ചുകൊണ്ടിരുന്നു. കാലം കരുതിവച്ച നീതിയോടെ രാജാവിന് മടക്കം - ദാസനും വിജയനും

മരണശേഷം ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞുവച്ചത് തന്നെ ക്രൂശിച്ചവരോടുള്ള മധുര മറുപടിയായിരുന്നു.

New Update
oommen chandy-4

‘’ഉമ്മൻചാണ്ടിക്ക് ഡോക്ടറേറ്റ് നൽകുകയാണെങ്കിൽ മനുഷ്യത്വത്തിന്‌ ഡോക്ടറേറ്റ് നൽകണമെന്ന് ‘’ കേരളത്തിന്റെ മെഗാതാരം മമ്മുട്ടി തുറന്നടിച്ചു. ആ വാക്കുകൾ പലർക്കുമുള്ള ഒരു താക്കീത് ആണെന്ന് അവർക്കും മനസ്സിലായിക്കാണും. ‘’ഉമ്മൻ‌ചാണ്ടി സാർ നമ്മെ മരണത്തിൽ പോലും തോൽപ്പിച്ചുകളഞ്ഞു’’ : എന്ന് കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ മുതലാളി ഷാലിമാർ വാട്സാപ്പ് ഗ്രൂപ്പിൽ കുറിച്ചു.

Advertisment

തന്റെ പതിവ് കച്ചവട  തിരക്കുകൾ എല്ലാം മാറ്റിവെച്ചുകൊണ്ട് ടെലിവിഷനിൽ ലൈവ് സംപ്രേക്ഷണം കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു അച്ഛനും മകനും ആ ബസിന്റെ പിന്നാലെ കരഞ്ഞുകൊണ്ട് ഓടിയോടി അവസാനം ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ആ ബസിന്റെ വാതിൽ തുറന്നുകൊണ്ട് അദ്ദേഹത്തെയും മകനെയും അകത്തേക്ക് കയറ്റി നമ്മുടെ എല്ലാമെല്ലാമായ ഉമ്മൻചാണ്ടിയുടെ ചലനമറ്റ ശരീരം അവസാനമായി കണ്ടപ്പോൾ പൊട്ടിക്കരഞ്ഞപ്പോൾ മകനെ കെട്ടിപ്പിടിച്ചപ്പോൾ ഏവരും കരഞ്ഞുപോയി.

എന്നാലും ഇങ്ങനെയുണ്ടോ ഒരു ആരാധന, കാമരാജിനും അണ്ണാദുരൈക്കും എംജിആറിനും ജയലളിതയ്ക്കും ഇന്ദിരാജിക്കും രാജീവ്ജിക്കും വൈഎസ്ആറിനും കരുണാനിധിക്കും നയനാർക്കും ശിഹാബ് തങ്ങൾക്കും വളരെയേറെ മുകളിലായി ജനക്കൂട്ടം റോഡുവക്കുകളിൽ അണിനിരന്നപ്പോൾ അക്ഷരാർത്ഥത്തിൽ കേരളം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

ആരാധനയെക്കാൾ ഒരു മനുഷ്യസ്നേഹിക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. ഓരോ രാഷ്ട്രീയക്കാരനും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉന്നതന്മാരും ഒക്കെ പഠിച്ചിരിക്കേണ്ട ചില ബാലപാഠങ്ങൾ ജനങ്ങളിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടാണ് നമ്മുടെ കുഞ്ഞൂഞ്ഞ് ഓരോരോ ഗ്രാമങ്ങളും താണ്ടി താണ്ടി പുതുപ്പള്ളിയിലേക്ക് എത്തിയത്.

കേരളത്തിലെ മുൻ നിരയിലുള്ള മാതൃഭൂമി ചാനൽ ചരിത്രത്തിൽ ആദ്യമായി മിനിറ്റുകൾ മൗനം പാലിച്ചപ്പോൾ മൺമറഞ്ഞുപോയ ചാനലിന്റെ മുൻ തലവൻ വീരേന്ദ്രകുമാർ ചിലതെല്ലാം ചിന്തിച്ചുകാണും. മനോരമ പത്രം പതിവുപോലെ പത്രം ഇരട്ടിയിലധികം പ്രിന്റ് ചെയ്തുകൊണ്ട് കുഞ്ഞൂഞ്ഞിനോടുള്ള ‘സ്നേഹം’ പ്രകടിപ്പിച്ചു.

കോയമ്പത്തൂർക്ക് സിഡി തേടി പോയവരെല്ലാം ഇന്നിപ്പോൾ തലസ്ഥാനം മുതൽ പുതുപ്പള്ളിവരെ ഓരോരോ മുക്കിലും മുലകളിലും നിന്നുകൊണ്ട് ജനാഭിപ്രായങ്ങൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. സോളാർ കമ്മീഷൻ തലവനും സോളാർ മുതലാളിച്ചിയും ആ പരിസരത്തു കൂടിയൊന്നും അറിയാതെ സഞ്ചിരിച്ചുപോകല്ലേ എന്നായിരുന്നു ചിലരുടെയൊക്കെ പ്രാർത്ഥനകൾ. അത്രമാത്രം ജനങ്ങൾ വികാരാധീനമായാണ് കാണപ്പെട്ടത്.

ദേശാഭിമാനി എഡിറ്റർ മാപ്പ് എഴുതിയത് കൂടാതെ പത്രവും അഞ്ചോളം പേജുകൾ ആ പുതുപ്പള്ളിക്കാരനുവേണ്ടി മാറ്റി വെച്ചപ്പോൾ ഒരു കാര്യവും കൂടി പറയാതെ വയ്യ.

കേരളത്തിൽ ഒരാൾ മരിച്ചാൽ മരണശേഷമുള്ള പൊക്കി പറച്ചിലുകൾ നിരോധിക്കണം. ജീവിച്ചിരിക്കുമ്പോൾ ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്തിട്ട് മരണശേഷം ഏമ്പക്കം ഇടുന്നത് ആരായാലും നിർത്തിയെ പറ്റൂ.

ഓർത്തോഡോക്സ് ഗണത്തിൽ പെട്ട ഉമ്മൻ‌ചാണ്ടി ശരിക്കും ഒരു രാജാവായിരുന്നു എന്നുവേണം കരുതാൻ. അത്രമാത്രം കരുതൽ ഈ മനുഷ്യൻ സാധാരണ മനുഷ്യർക്കായി ചെയ്തിരുന്നു. ഇടത്തെ കൈ ചെയ്യുന്നത് വലത്തെ കൈ അറിയരുത് എന്ന ഖുർആൻ സൂക്തം പ്രാബല്യത്തിൽ ആക്കിയിരുന്നത് ആ നല്ല മനുഷ്യൻ ആയിരുന്നു.

റോഡുവക്കുകളിൽ ഉറക്കമിളച്ചുകൊണ്ട് നിന്നിരുന്ന ഓരോരുത്തരും അവരവർക്ക് ലഭിച്ച സഹായങ്ങൾ എണ്ണിയെണ്ണി പറഞ്ഞപ്പോൾ യഥാർത്ഥ ജനസമ്പർക്കത്തെ കേരളത്തിന് ബോധ്യപ്പെട്ടു. ഭരണകക്ഷിയിലെ മന്ത്രിമാർ വരെ ആ മനുഷ്യനോടൊപ്പം അകമ്പടിയായി സഞ്ചരിച്ചത്  അവർക്കും ജനകീയത ബോധ്യപ്പെട്ടതുകൊണ്ടാകാം.

പിസി ജോർജ്ജും പിസി ചാക്കോയും പിസി തോമസും ഉമ്മൻ ചാണ്ടിയെന്ന ആ മഹാമനസ്കനെ  പൊക്കി പൊക്കി വാനോളം പുകഴ്ത്തിയപ്പോൾ പിസി വിഷ്ണുനാഥ്‌ എന്ന ആ ചെറുപ്പക്കാരൻ പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവരെല്ലാം വിതുമ്പി.

കെ സുധാകരൻ പറഞ്ഞു ‘’ ഉമ്മൻചാണ്ടിയെ പോലെ ആകുവാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല ‘’ എന്ന്. കെസി വേണുഗോപാലിന്റെ സ്ലിപ്പ് ഓഫ് ദ ടാങ് അത് ആർക്കും പറ്റാവുന്ന അബദ്ധങ്ങൾ മാത്രമാണ്. രമേശും വിഡിയും ഷാഫിയും തിരുവഞ്ചൂരും പഴകുളം മധുവും ഏറെ പണിപ്പെട്ടുകൊണ്ടാണ് കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രി ആയശേഷം മൂന്നാം നാൾ കുടുംബസമേതം മമ്മുട്ടിയുടെ വീട്ടിലെത്തിയ ഉമ്മൻചാണ്ടിക്ക്  അവസാന യാത്രയയപ്പ് നൽകുവാൻ മമ്മുട്ടി അതിരാവിലെ തന്നെ കോട്ടയം റോഡുവക്കിൽ ജനങ്ങൾക്കിടയിലൂടെ എത്തിച്ചേർന്നത് മലയാളിയിൽ മനുഷ്യത്വത്തിന്റെ ആഴം മനസിലാക്കുവാൻ സാധിച്ചു. സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും അവരവരുടെ കടമകൾ ഭംഗിയായി നിർവഹിച്ചു.

ഉമ്മൻ‌ചാണ്ടി സാർ മുഖ്യമന്ത്രി അല്ലാതെ മരണപ്പെട്ടതുകൊണ്ടാണോ കേണൽ മോഹൻലാലും പത്മശ്രീ യൂസഫലി ഭായിയും എത്തിച്ചേരാൻ വൈകുന്നത് എന്ന് സോഷ്യൽമീഡിയ കമന്റുകൾ കാണുമ്പോൾ ജനങ്ങളുടെ പ്രതികരണങ്ങൾ നമ്മുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വിനായകൻ വെളിവില്ലാതെ ഇട്ട പോസ്റ്റിന് മറുപടി അർഹിക്കുന്നില്ല. നല്ല ഇടികിട്ടാതെ നോക്കേണ്ടത് അത്യവശ്യം.

ഏറെ അവശനായിരുന്ന നമ്മുടെ ഉമ്മൻ‌ചാണ്ടി അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ മരണപ്പെട്ടപ്പോൾ സഖാവിന്റെ തലശ്ശേരിയിലെ വീട്ടിൽ എത്താനും മറന്നില്ല. പക്ഷെ അതേ ഉമ്മൻ‌ചാണ്ടി കുടുംബത്തോട് പറഞ്ഞു, ‘’മരണപ്പെട്ടാൽ ഔദ്യോഗിക ബഹുമതികൾ വേണ്ട’’ എന്ന്. അതാണ് ആ മനുഷ്യൻ. എല്ലാം അറിയുന്ന എല്ലാം അറിഞ്ഞിരുന്ന ആ നല്ല മനുഷ്യൻ.

റെസ്റ്റ് ഇൻ പീസ്

ഐ എൻ ആർ ഐ

ഈ മ യൗ

ആ നല്ല മനുഷ്യന്റെ ആത്മാവിന് നിത്യശാന്തി നേരേണമേ എന്ന പ്രാർത്ഥനയോടെ സഖാവ് ദാസവനും      ഇനിയെങ്കിലും ഭരണകർത്താക്കൾ ലേശം നന്മയോടെ പ്രവർത്തിക്കേണമേ എന്ന പ്രാർത്ഥനയിൽ സഖാവ് വിജയനും

Advertisment