Advertisment

കേരളത്തിൽ എം.ഡി.എസ്. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

സർവീസ് വിഭാഗക്കാർ ജനറൽ മെറിറ്റ് സീറ്റിലേക്കും അപേക്ഷിക്കുന്ന പക്ഷം, സർവീസ് വിഭാഗം അപേക്ഷാ ഫീസ് കൂടാതെ, ജനറൽ വിഭാഗം ഫീസായ 1000 രൂപ/500 രൂപ കൂടി അടയ്ക്കണം.

New Update
retyuioiuytr

മാസ്റ്റർ ഓഫ് ഡെന്റൽ സർജറി (എം.ഡി.എസ്.) കോഴ്സിന്, കേരളത്തിലെ സർക്കാർ ഡെന്റൽ കോളേജുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകൾ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ മുഴുവൻ സീറ്റുകൾ എന്നിവയിലെ 2024-ലെ പ്രവേശനത്തിന് കേരള പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു.

Advertisment

യോഗ്യത

അംഗീകൃത ബി.ഡി.എസ്. ബിരുദം വേണം. ഫൈനൽ ബി.ഡി.എസ്. പരീക്ഷ, ഫുൾ രജിസ്‌ട്രേഷനുള്ള അർഹതയോടെ ജയിച്ചശേഷം കേരള സ്റ്റേറ്റ് ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷൻ നേടിയിരിക്കണം. ഒരു വർഷത്തെ കംപൽസറി റൊട്ടേറ്റിങ് റെസിഡന്റ്‌ ഇന്റേൺഷിപ്പ് (സി.ആർ.ആർ.ഐ.), അംഗീകൃത ഡെന്റൽ കോളേജിൽനിന്ന്‌ 2024 ജൂൺ 30-നകം പൂർത്തിയാക്കിയിരിക്കണം. 1988-ലോ മുമ്പോ ബി.ഡി.എസ്. പൂർത്തിയാക്കി കേരളാ സ്റ്റേറ്റ് ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷൻ ലഭിച്ചവരെ ഒരു വർഷ സി.ആർ.ആർ.ഐ.- യിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. അസൽ രജിസ്‌ട്രേഷൻ രേഖ പ്രവേശനവേളയിൽ എല്ലാവരും ഹാജരാക്കേണ്ടതുണ്ട്.

അപേക്ഷാർഥി കേരള ഒറിജിൻ ഉള്ള ഭാരതീയനായിരിക്കണം. പി.ഐ.ഒ./ഒ.സി.ഐ. വിഭാഗക്കാർക്കും അപേക്ഷിക്കാം. സംവരണ ആനുകൂല്യങ്ങൾക്ക് അവർക്ക് അർഹതയുണ്ടാകില്ല. കേരളത്തിലെ ഡെന്റൽ കോളേജുകളിൽ പഠിച്ച കേരളീയരല്ലാത്ത രക്ഷിതാക്കളുടെ മക്കൾക്കും അപേക്ഷിക്കാം. പക്ഷേ, അവർക്ക് കമ്യൂണൽ/സ്പെഷ്യൽ/ ഭിന്നശേഷി സംവരണങ്ങൾക്ക് അർഹതയുണ്ടാകില്ല.

ജനറൽ ക്വാട്ടയിലും സർവീസ് ക്വാട്ടയിലും സീറ്റുകളുണ്ട്. ജനറൽക്വാട്ട വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയില്ല. മെഡിക്കൽ എജുക്കേഷൻ സർവീസ് ക്വാട്ടക്കാർക്ക് 49-ഉം ഹെൽത്ത് സർവീസ് ക്വാട്ട, ഇൻഷുറൻസ് മെഡിക്കൽ സർവീസ് ക്വാട്ട എന്നിവയിൽ 47-ഉം വയസ്സായിരിക്കും 31.12.2024-ലെ ഉയർന്ന പ്രായപരിധി.

നീറ്റ് എം.ഡി.എസ്.

സർവീസ് ക്വാട്ട വിഭാഗം അപേക്ഷകർ ഉൾപ്പെടെയുള്ളവർ ന്യൂഡൽഹി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ നീറ്റ് എം.ഡി.എസ്. 2024-ൽ കാറ്റഗറി അനുസരിച്ച് നിശ്ചിത കട്ട് ഓഫ് വാങ്ങി പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം - ജനറൽ/സർവീസ് - അമ്പതാം പെർസന്റൈൽ, ജനറൽ ഭിന്നശേഷി - നാൽപ്പത്തഞ്ചാം പെർസന്റൈൽ, പട്ടിക/എസ്.ഇ.ബി.സി. വിഭാഗക്കാർ - നാൽപതാം പെർസന്റൈൽ.

നീറ്റ് എം.ഡി.എസ്. 2024 റാങ്ക്, കേരള എം.ഡി.എസ്. 2024 പ്രോസ്പെക്ടസ് പ്രകാരമുള്ള പ്രവേശനയോഗ്യത എന്നിവ പരിഗണിച്ചു തയ്യാറാക്കുന്ന കേരള എം.ഡി.എസ്. പ്രവേശന റാങ്ക് പട്ടിക, കാറ്റഗറി പട്ടിക എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം.

അപേക്ഷ

അപേക്ഷ ജൂലായ് എട്ടിന് രാത്രി 11.59 വരെ www.cee.kerala.gov.in വഴി നൽകാം. അപേക്ഷാ ഫീസ്, ജനറൽ/ എസ്.ഇ.ബി.സി./സർവീസ് വിഭാഗം അപേക്ഷകർക്ക് 1000 രൂപ. പട്ടിക വിഭാഗക്കാർക്ക് 500 രൂപ. അപേക്ഷാ കൺഫർമേഷൻ പേജ് പ്രിന്റ് ഔട്ട് എടുത്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കാം. എവിടേക്കും അയക്കേണ്ടതില്ല. സർവീസ് വിഭാഗക്കാർ ജനറൽ മെറിറ്റ് സീറ്റിലേക്കും അപേക്ഷിക്കുന്ന പക്ഷം, സർവീസ് വിഭാഗം അപേക്ഷാ ഫീസ് കൂടാതെ, ജനറൽ വിഭാഗം ഫീസായ 1000 രൂപ/500 രൂപ കൂടി അടയ്ക്കണം.

സർവീസ് വിഭാഗം അപേക്ഷകർ ഓൺലൈൻ ആയി പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അപേക്ഷിച്ച ശേഷം, അപേക്ഷാ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും (സേവന വിവരങ്ങൾ ഉൾപ്പെടെ), എട്ടിനകം ലഭിക്കത്തക്കവിധം അവരുടെ കൺട്രോളിങ് ഓഫീസർക്കും അയച്ചു കൊടുക്കണം. സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ എൻ.ആർ.ഐ./ മൈനോറിറ്റി (ക്രിസ്ത്യൻ/മുസ്‌ലിം) സീറ്റുകളിൽ പരിഗണിക്കപ്പെടേണ്ടവർ ബാധകമായ രേഖകൾ (വെബ് സൈറ്റിലെ നോട്ടിഫിക്കേഷൻ/പ്രോസ്പെക്ടസ് പ്രകാരം) അപേക്ഷാ സമർപ്പണ വേളയിൽ അപ് ലോഡ് ചെയ്യണം. സർവീസ് വിഭാഗം ഉൾപ്പെടെയുള്ള സീറ്റുകളിലെ അലോട്‌മെന്റുകൾ കേന്ദ്രീകൃത അലോട്‌മെന്റ് പ്രക്രിയ വഴി പ്രവേശനപരീക്ഷാ കമ്മിഷണർ, പ്രോസ്പെക്ടസ് വ്യവസ്ഥകൾ പ്രകാരം നടത്തും.

Advertisment