ദുബൈ: യു.എ.ഇ യിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദ വേദിയുടെ ഒന്നാഘോഷം പൊന്നോണം 2024 വൈവിധ്യമാർന്ന പരിപാടികളോടെ അജ്മാൻ ഹാബിറ്റാറ്റ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു.
ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ,പ്രമുഖ മാധ്യമ പ്രവർത്തകൻ ബാലകൃഷ്ണൻ പെരിയ, സ്കൈ ബൂം എക്വിപ്മെൻ്റ് മാനേജിംഗ് ഡയക്ടർ മഹേഷ് മട്ടക്ക്, എന്നിവർ മുഖ്യാതിഥികൾ ആയ ചടങ്ങിൽ പെരിയ സൗഹൃദ വേദി പ്രസിഡണ്ട് ഹരീഷ് മേപ്പാട് അദ്ധ്യക്ഷം വഹിച്ചു. സൗഹൃദ വേദി രക്ഷാധികാരി സുരേന്ദ്രൻ കെ.ആർ, സൗഹൃദ വേദി സെക്രട്ടറി ഹരീഷ് പെരിയ, ട്രഷറർ അഖിലേഷ് മാരാംകാവ് എന്നിവർ സന്നിഹിതതയിരുന്നു.
ചടങ്ങിൽ വെച്ച് പെരിയ സൗഹൃദ വേദിയുടെ ബിസിനസ്സ് എക്സ് ലൻസ് അവാർഡ് സൗഹൃദ വേദി കുടുംബാംഗം പ്രദീപ് ഗന്ധമൂലക്ക്' സമ്മാനിച്ചു. കുട്ടികൃഷ്ണൻ പെരിയ , ദിവൃ കുട്ടികൃഷ്ണൻ എന്നിവർ അവതാരകരായിരുന്നു. അംഗങ്ങൾക്കിടയിൽ ' വിവിധ ഗ്രൂപ്പുകളിലായി നടത്തിയ പായസ മത്സരവും പൂക്കള മൽസരവും ഏറെ ശ്രദ്ധേയമായി. പായസ മൽസരത്തിൽ വെജിറ്റബിൽ പായസം, അവിയൽ പായസം, ഡ്രൈ ഫ്രൂട്ട് പായസം, പുളിങ്കുരു പായസം, കറ്റാർ വാഴ പായസം , ഔഷധ പായസം എന്നിങ്ങനെ വിവിധ തരം പായസങ്ങൾ മത്സരത്തിനു കൊഴുപ്പേകി. മത്സരത്തിൽ ഒന്നാം സ്ഥാനം സ്നേഹ കുട്ടികൃഷ്ണനും രണ്ടാം സ്ഥാനം അനൂപ് കൃഷ്ണനും മൂന്നാം സ്ഥാനങ്ങൾ അനീഷ് മാരാംങ്കാവ് , ശ്രീരാഗ് എന്നിവർക്കായിരുന്നു.
പൂക്കള മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ടീം റോയൽസ് ടീം ബ്ലാസ്റ്റേർസ് , ടീം വാരിയേർസ് എന്നിവർ നേടി. പെരിയ സൗഹൃദ വേദി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.