കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞൈടുപ്പില്‍ പ്രചാരണം അവസാന ഘട്ടത്തിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനായി കെ മുരളീധരന്‍ എംപി ഞായറാഴ്ച മീനടത്ത് പ്രസംഗിക്കും. ഈ മാസം 30-ാം തിയതി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പങ്കെടുക്കുന്ന പൊതുയോഗവും ഉണ്ടാകും. പൊതുയോഗത്തിന്റെ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. സെപ്റ്റംബര്‍ ഒന്നിന് എകെ ആന്റണി അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവിടങ്ങളില്‍ വൈകുന്നേരം പ്രസംഗിക്കും.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പര്യടനം ഞായറാഴ്ച അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലായി നടക്കും. 30-ാം തിയതി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പുതുപ്പള്ളിയിലെത്തും. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചു. കുടുംബയോഗങ്ങള്‍ അവധിദിവസങ്ങളിലും തുടരും.
എന്‍ഡിഎയ്ക്കായി പ്രകാശ് ജാവേദ്ക്കര്‍, കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ അവസാനഘട്ടത്തില്‍ പ്രചാരണത്തിനെത്തും. തിരുവോണം, ശ്രീനാരായണഗുരു ജയന്തി, അയ്യങ്കാളി ജയന്തി എന്നീ ദിവസങ്ങളില്‍ നിശബ്ദപ്രചാരണം ആയിരിക്കും. ബാക്കി ദിവസങ്ങളില്‍ തീവ്രമായ പ്രചാരണമാണ് മുന്നണികള്‍ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് പ്രചാരണത്തിന്റെ കലാശം.
കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ പൊതുപ്രചാരണ പരിപാടികള്‍ നടത്തിയിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള കുര്‍ബാനകളിലും പ്രാര്‍ത്ഥനകളും പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു പൊതുപ്രചാരണ പരിപാടികള്‍ ഒഴിവാക്കിയത്.