ലണ്ടന്‍: സിനിമയിലെ അതിസാഹസിക സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നടനാണ് ടോം ക്രൂസ്. ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങളിലെ പ്രകടനമാണ് ടോം ക്രൂസിന് ആഗോളതലത്തില്‍ ആരാധകരെ നേടിക്കൊടുത്തത്.
ഇപ്പോഴിതാ നടനോടുള്ള ആദരസൂചകമായി പരമോന്നത ബഹുമതി നല്‍കി ആദരിച്ചിരിക്കുകയാണ് യു.എസ്. നേവി.
തന്റെ സിനിമകളിലൂടെ യു.എസ്. നാവിക വിഭാഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡി.പി.എസ്. ബഹുമതി നല്‍കി ടോം ക്രൂസിനെ നേവി ആദരിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റിന് പുറമേയുള്ള ഒരു വ്യക്തിക്ക് യു.എസ്. നേവി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഡി.പി.എസ്.
ലണ്ടനില്‍ നടന്ന ചടങ്ങില്‍ നേവി സെക്രട്ടറി കാര്‍ലോസ് ഡെല്‍ ടോറോ നടന് ബഹുമതി നല്‍കി ആദരിച്ചു. തലമുറകളെ നേവിയിലേക്ക് ആകര്‍ഷിക്കാന്‍ ടോം ക്രൂസിന്റെ സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കാര്‍ലോസ് ഡെല്‍ ടോറോ പറഞ്ഞു. തന്റെ സിനിമകളിലൂടെ ഒട്ടേറെപ്പേര്‍ക്ക് നാവികരാകാന്‍ പ്രചോദനമായതില്‍ സന്തോഷമുണ്ടെന്നും സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും ഇതിന് പിന്നിലുണ്ടെന്നും ടോം ക്രൂസ് പ്രതികരിച്ചു.
1986-ല്‍ റിലീസ് ചെയ്ത ടോപ് ഗണ്‍ സിനിമയില്‍ നേവല്‍ ഫൈറ്റര്‍ പൈലറ്റിന്റെ കഥാപാത്രമായി ടോം ക്രൂസ് എത്തിയിരുന്നു.
ഇതിന്റെ രണ്ടാംഭാഗമായ ടോപ് ഗണ്‍ മാവെറിക് 2022-ലാണ് റിലീസ് ചെയ്തത്. ഇരുചിത്രങ്ങളും വലിയ വിജയമാണ് ആഗോളതലത്തില്‍ നേടിയത്.