/sathyam/media/media_files/DFPYgV3KupVh3XxJYsVD.jpg)
ഇംഫാല്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിന് ഇംഫാല്‍ രൂപതയുടെ സഹായം തേടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. ചുരാചന്ദ്പൂർ ജില്ലയിലെ ക്യാമ്പുകളിലേക്കുളള സഹായത്തിനായാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇംഫാല്‍ രൂപതയ്ക്ക് കത്തെഴുതിയത്. കൃത്യസമയത്ത് സഹായം നൽകാൻ കഴിയാത്തതില്‍ മണിപ്പൂരിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും ദുരിതാശ്വാസ പ്രവർത്തകരുടെയും നിസ്സഹായതയും നാണക്കേടും പ്രതിഫലിപ്പിക്കുന്നതാണ് കത്ത് എന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
കലാപം ആരംഭിച്ചതു മുതലുള്ള ഇൻറർനെറ്റ് നിരോധനം മൂലം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഓർഡർ ചെയ്യുന്നതിനും പണം നൽകുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നിയന്ത്രണമില്ലാത്ത ഹൈവേകൾ ഡെലിവറികളെ തടസ്സപ്പെടുത്തുന്നുവെന്നും നിരവധി ദുരിതാശ്വാസ പ്രവർത്തകർ മാധ്യമത്തോട് പറഞ്ഞു.
ഇംഫാൽ രൂപതയിലെ ദുരിതാശ്വാസ പുനരധിവാസ സമിതി വികാരി ജനറലും കൺവീനറുമായ ഫാദർ വർഗീസ് വേലിക്കകത്തിനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ കത്തയച്ചത്. ഇതിൽ 100 ​​മുതൽ 500 വരെ സ്ട്രിപ്പുകളും 60 മുതൽ 150 വരെ കുപ്പിമരുന്നുകളും ഉള്‍പ്പെടെ 18 ഇനം മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളുമാണ് ആവശ്യപ്പെട്ടത്. ആന്റാസിഡ് ഡൈജെൻ, പാരസെറ്റമോൾ, ന്യൂറോബിയോൺ (വിറ്റാമിൻ കോമ്പിനേഷൻ), സിങ്ക് സൾഫേറ്റ് (ഡയറ്ററി സപ്ലിമെന്റ്), അസിത്രോമൈസിൻ (ആൻറിബയോട്ടിക്) തുടങ്ങിയ അടിസ്ഥാന മരുന്നുകളും ഇതില്‍ ഉൾപ്പെടുന്നു.
കത്ത് ലഭിച്ചതായി ഫാ. വർഗീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളെ സാധ്യമായ വിധത്തിൽ സഹായിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. 'ഇത് ചുരാചന്ദ്പൂർ മാത്രമല്ല, റോഡ് ഉപരോധവും വസ്തുക്കൾ നീക്കാൻ അനുവദിക്കാത്ത പ്രക്ഷോഭകരും പരിശോധനകളും കാരണം ചന്ദേൽ, തെങ്‌നൗപാൽ മലയോര ജില്ലകളിലേക്കും മരുന്നുകൾ വിതരണം ചെയ്യുന്നതിലും പ്രശ്‌നമുണ്ട്,' ഫാ. വർഗീസ് പറഞ്ഞു. മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ സുഗമമായ വിതരണത്തിനായി സർക്കാർ എങ്ങനെയെങ്കിലും ഈ തടസ്സങ്ങൾ നീക്കണമെന്ന് അദ്ദേഹം പറഞ്ഞു.