ചണ്ഡിഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പഞ്ചാബിൽ ഭരണകക്ഷിയായ എഎപിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഒരു എം.പിയും എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ജലന്ധര്‍ എം.പി സുശീൽ കുമാര്‍ റിങ്കു, ജലന്ധര്‍ വെസ്റ്റ് എം.എല്‍.എ ശീതള്‍ അംഗുരല്‍ എന്നിവരാണ് ബുധനാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്.
സംസ്ഥാനത്ത് എഎപിയുടെ ഏക സിറ്റിങ് എംപിയായ സുശീൽ കുമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹമുയർന്നിരുന്നു. ജലന്ധറില്‍നിന്ന് ഇത്തവണയും സുശില്‍ കുമാര്‍ റിങ്കു മത്സരിക്കുമെന്ന് എ.എ.പി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
2023ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുശീൽ കുമാർ പാർലമെന്റിലെത്തിയത്. എ.എ.പി പിന്തുണയ്ക്കാത്തതുകൊണ്ട് ജലന്ധറിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്ന് സുശീല്‍ കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം പറഞ്ഞു.