/sathyam/media/media_files/kk1li90gtvaolOhcfyQj.jpg)
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തി. അൻവാറുൽ അസിം അനാറിന്റെ മൃതദേഹമാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഫോറൻസിക്, ഡിഎൻഎ പരിശോധനകൾക്കായി അയയ്ക്കും.
അവാമി ലീഗ് അംഗമായ അൻവാറുൽ അസിം അനാർ താമസിച്ചിരുന്ന കൊൽക്കത്തയിലെ ഹൗസിംഗ് കോംപ്ലക്സിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അൻവാറുൾ അസിമിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ബംഗ്ലാദേശ് പൊലീസിൻ്റെ ഡിറ്റക്ടീവ് ഡിപ്പാർട്ട്‌മെൻ്റ് മേധാവി ഹാരുൺ ഓർ റഷീദ് ഞായറാഴ്ച ഇന്ത്യയിലെത്തി. മൃതദേഹാവശിഷ്ട സാമ്പിളുകളുടെ ഫലം സ്ഥിരീകരിച്ചാൽ മാത്രമേ കേസിലെ എന്തെങ്കിലും പുരോഗതി സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
"പശ്ചിമ ബംഗാൾ സിഐഡിയുടെ സഹായത്തോടെ ഞങ്ങൾ ആ ഡ്യുപ്ലെക്‌സ് ഫ്ലാറ്റിൻ്റെ (കൊലപാതക സ്ഥലം) സീവേജ് ലൈനും സെപ്റ്റിക് ടാങ്കും തുറന്ന് അവിടെ സാമ്പിളുകൾ കണ്ടെത്തി. ഇത് ഫോറൻസിക്, ഡിഎൻഎ ടെസ്റ്റുകൾക്കായി അയയ്ക്കും, അതിനുശേഷം മാത്രമേ എന്തെങ്കിലും പറയാൻ കഴിയൂ," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബംഗ്ലാദേശ് എംപിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുംബൈയിൽ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരനായ ജിതൻ ഹവ്‌ലാദറിനെ അറസ്റ്റ് ചെയ്തിരുന്നു. സിലസ്തി റഹ്മാൻ എന്ന ബംഗ്ലാദേശി മോഡലാണ് അൻവാറുൾ അസിമിനെ 'ഹണി ട്രാപ്പ്' ചെയ്തതെന്നാണ് പ്രാഥമിക വിവരങ്ങൾ. സിലസ്തി റഹ്മാന് കൊലപാതകികളില്‍ ഒരാളുമായി പരിചയമുണ്ടെന്നും പൊലീസ് കരുതുന്നു.കൊലപാതകക്കേസിലെ മുഖ്യപ്രതി അക്തറുസ്സമാൻ കാഠ്മണ്ഡുവിൽ നിന്ന് ദുബായ് വഴി അമേരിക്കയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us