/sathyam/media/media_files/WFRvK4eKykrtjU9pbAv0.jpg)
ചണ്ഡീഗഡ്: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനിൽക്കെ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിക്ക് (ജെജെപി) വൻ തിരിച്ചടിയായി 10 എംഎൽഎമാരിൽ നാല് പേരും പാർട്ടി വിട്ടു.
എം.എൽ.എമാരായ ഈശ്വർ സിംഗ്, രാംകരൻ കാല, ദേവേന്ദ്ര ബബ്ലി എന്നിവർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഇന്ന് രാജിവെച്ചു. അനൂപ് ധനക് ഇന്നലെ രാജിവച്ചിരുന്നു. രാജിവച്ചവര്‍ ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കും ചേക്കേറിയേക്കും.
ഹിസാറിലെ ഉക്‌ലാനയിൽ നിന്നുള്ള എംഎൽഎയായ അനൂപ് ധനക് ബിജെപി-ജെജെപി സഖ്യ സർക്കാരിൽ മന്ത്രിയായിരുന്നു. അദ്ദേഹം ബിജെപിയിൽ ചേരാനാണ് സാധ്യത.
ഫത്തേഹാബാദിലെ തൊഹാന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദേവേന്ദ്ര ബബ്ലിയും, കൈതാൽ ജില്ലയിലെ ഗുഹ്‌ല ചിക്കയിൽ നിന്നുള്ള എം.എൽ.എ ഈശ്വർ സിംഗും കുരുക്ഷേത്രയിലെ ഷഹബാദില്‍ നിന്നുള്ള രാംകരന്‍ കലയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
കാലയുടെയും സിങ്ങിൻ്റെയും മക്കൾ ഇതിനകം കോൺഗ്രസിൽ ചേർന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കുമാരി സെൽജയ്‌ക്കുവേണ്ടി ബബ്ലി പ്രചാരണം നടത്തിയിരുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മറ്റ് രണ്ട് എംഎൽഎമാരായ രാംനിവാസ് സുർജഖേര, ജോഗി റാം സിഹാഗ് എന്നിവരെ അയോഗ്യരാക്കണമെന്ന് ജെജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവർ ബിജെപിക്ക് അനുകൂലമായി പ്രചാരണം നടത്തിയിരുന്നു.
നർനൗണ്ടിൽ നിന്നുള്ള മറ്റൊരു എംഎൽഎയായ രാംകുമാർ ഗൗരം കുറച്ചുകാലമായി പാർട്ടിയുമായി എതിര്‍പ്പിലാണ്. അതായത്, സംസ്ഥാന അസംബ്ലിയിൽ പാർട്ടിക്ക് മൂന്ന് വിശ്വസ്തർ (ദുഷ്യന്ത് ചൗട്ടാല, അമ്മ നൈന ചൗട്ടാല, അമർജിത് ധണ്ഡ) മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് അര്‍ത്ഥം.
ഹരിയാനയിൽ ഒക്ടോബർ ഒന്നിന് വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ അറിയിച്ചിരുന്നു. ഒക്ടോബർ നാലിന് വോട്ടെണ്ണും.