/sathyam/media/media_files/iQUJcd9yaYCeUIemSqmt.jpg)
പാട്‌ന: പന്ത്രണ്ടു കോടി ചെലവിട്ട് നിർമിച്ച പാലം ഉദ്ഘാടനത്തിന് മുൻപ് തകർന്നു വീണു. ബീഹാറിലെ അരാരിയയിലാണ് നിർമാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകര്‍ന്നുവീണത്. അരാരിയയിലെ കുർസ കാന്തയ്ക്കും സിക്റ്റിക്കും ഇടയിലുള്ള യാത്ര സുഗമമാക്കാൻ ബക്ര നദിക്ക് കുറുകെ 12 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്.
സർവീസ് റോഡുകൾ നിർമിക്കാത്തതിനാൽ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നില്ല. ഇതിനിടെയാണ് തകര്‍ന്നുവീണത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
"ബക്ര നദിക്ക് കുറുകെ പുതുതായി നിർമ്മിച്ച പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. വിഷയം പരിശോധിക്കാൻ ഉദ്യോഗസ്ഥർ അവിടെ എത്തിയിട്ടുണ്ട്''-അരാരിയ എസ്പി അമിത് രഞ്ജൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Bihar | A portion of a bridge over the Bakra River has collapsed in Araria pic.twitter.com/stjDO2Xkq3
— ANI (@ANI) June 18, 2024
തകർന്ന പാലം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലല്ല നിർമ്മിച്ചതെന്നും ബീഹാർ സർക്കാരിൻ്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലാണ് ഇതിൻ്റെ പണി നടന്നുകൊണ്ടിരിക്കുന്നതെന്നും സംഭവത്തോട് പ്രതികരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
അതിനിടെ, നിർമാണ കമ്പനി ഉടമയുടെ അനാസ്ഥ ആരോപിച്ച് ആർജെഡി എംഎൽഎ വിജയ് കുമാർ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു.
''നിർമ്മാണ കമ്പനി ഉടമയുടെ അശ്രദ്ധ മൂലമാണ് പാലം തകർന്നത്. ഭരണകൂടം അന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു"-വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ കുമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us