/sathyam/media/media_files/2026/02/01/untitled-2026-02-01-14-35-15.jpg)
ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റ് അവതരണത്തിലൂടെ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ധനമന്ത്രി. 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായിട്ടാണ് ഈ ബജറ്റിനെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്.
പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
2026 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് പുതിയ ആദായനികുതി നിയമം നിലവില്‍ വരും. നികുതി നടപടികള്‍ ലളിതമാക്കാനും സാധാരണക്കാര്‍ക്ക് നികുതി ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരം. റിട്ടേണ്‍ തിരുത്തി സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി.
വിദേശ ടൂര്‍ പാക്കേജുകള്‍ക്കുള്ള ടി.സി.എസ് നിരക്ക് 5-20 ശതമാനത്തില്‍ നിന്നും വെറും 2 ശതമാനമായി കുറച്ചു. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അയക്കുന്ന പണത്തിനുള്ള നികുതിയിലും ഇളവുകള്‍ പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തി പ്രതിരോധ മേഖലയ്ക്ക് 7.85 ലക്ഷം കോടി രൂപ വകയിരുത്തി. സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിനായി മാത്രം 2.19 ലക്ഷം കോടി രൂപ അനുവദിച്ചു. വിമാന ഭാഗങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി.
കര്‍ഷകര്‍ക്കായി 'ഭാരത് വിസ്താര്' പദ്ധതി പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കാര്‍ഷിക വിവരങ്ങള്‍ ലഭ്യമാക്കുന്ന ബഹുഭാഷാ പോര്‍ട്ടലുകള്‍ കര്‍ഷകര്‍ക്ക് വലിയ സഹായമാകും. നാളികേര കര്‍ഷകര്‍ക്കായി പ്രത്യേക പ്രമോഷന്‍ സ്‌കീമും ബജറ്റിലുണ്ട്.
17 പ്രധാന കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയത് ചികിത്സാ ചിലവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, രാജ്യത്തെ എല്ലാ ജില്ലകളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കായി വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.
ഭിന്നശേഷിക്കാരുടെ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. കൂടുതല്‍ കൃത്രിമ അവയവ നിര്‍മ്മാണ യൂണിറ്റുകള്‍ രാജ്യത്ത് സ്ഥാപിക്കും.
സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാധാരണക്കാരുടെ ക്ഷേമത്തിനും ഊന്നല്‍ നല്‍കുന്നതാണ് ഈ ബജറ്റ്. 2026-ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധ മേഖലയ്ക്കും വന്‍ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. 12.2 ലക്ഷം കോടി രൂപയുടെ മൂലധന ചെലവും, ജിഡിപിയുടെ 4.3 ശതമാനം ധനക്കമ്മിയും ലക്ഷ്യമിടുന്ന ബജറ്റില്‍ പക്ഷേ ഇടത്തരക്കാരായ നികുതിദായകര്‍ക്ക് നിരാശയാണ് ഫലം.
കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമായി 17 അത്യാവശ്യ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. കൂടാതെ 7 അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെയും ഭക്ഷണങ്ങളുടെയും ഇറക്കുമതി തീരുവയിലും ഇളവ് പ്രഖ്യാപിച്ചു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സെമികണ്ടക്ടര്‍ ഗവേഷണത്തിനും പരിശീലനത്തിനുമായി 40,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവന മേഖലയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും.
രാജ്യത്ത് ഏഴ് പുതിയ അതിവേഗ റെയില്‍ പാതകള്‍ വരുന്നു. മുംബൈ-പുനെ, ഹൈദരാബാദ്-പുനെ, ഹൈദരാബാദ്-ബംഗളൂരു, ചെന്നൈ-ബംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് ഈ 'ഗ്രോത്ത് കണക്ടറുകള്‍'.
മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് റീജിയണല്‍ ഹബ്ബുകള്‍ സ്ഥാപിക്കും. ആയുഷ് കേന്ദ്രങ്ങളും അത്യാധുനിക ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങളും ഇവിടെയുണ്ടാകും.
അപൂര്‍വ്വ ധാതുക്കള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ (തമിഴ്നാട്, കേരളം, ഒഡീഷ, ആന്ധ്ര) പ്രത്യേക ഇടനാഴികള്‍ സ്ഥാപിക്കും.
മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകളും നാഷണല്‍ ഫൈബര്‍ സ്‌കീമും പ്രഖ്യാപിച്ചു. ഖാദി മേഖലയെ സഹായിക്കാന്‍ 'മഹാത്മാഗാന്ധി ഗ്രാമസമാജ്' പദ്ധതിയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നൈപുണ്യ വികസന പരിപാടികളും ആരംഭിക്കും.
ഇന്ത്യയെ ആഗോള ബയോ-ഫാര്‍മ ഹബ്ബാക്കി മാറ്റാന്‍ 10,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. മികച്ച നിലവാരമുള്ള എംഎസ്എംഇ-കള്‍ക്ക് പ്രത്യേക സഹായം നല്‍കും.
ബാങ്കിംഗ് മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്കായി ഉന്നതതല സമിതിയെ നിയോഗിക്കും. കൂടാതെ, വിദേശ വ്യക്തികള്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ അനുമതി നല്‍കുന്ന രീതിയില്‍ വിദേശ വിനിമയ നിയമങ്ങളില്‍ മാറ്റം വരുത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us