ത്രിപുരയില്‍ ബിജെപിയ്‌ക്കെതിരെ ഒരുമിച്ച് പോരാടാന്‍ സിപിഎമ്മും കോണ്‍ഗ്രസും; സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇരുപാര്‍ട്ടികളും ഓരോ സീറ്റുകളില്‍ മത്സരിക്കും; വിജയപ്രതീക്ഷ പ്രകടിപ്പിച്ച് നേതാക്കള്‍

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംനഗര്‍ മണ്ഡലത്തില്‍ മുന്‍ സിപിഎം എംഎല്‍എ രത്തന്‍ദാസ് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ വർഷം ഡിസംബറിൽ മുതിർന്ന ബിജെപി എംഎൽഎ സുരജിത് ദത്ത മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

New Update
cpm congress

അഗര്‍ത്തല: ത്രിപുരയില്‍ കൈകോര്‍ത്ത് ഇന്ത്യാ മുന്നണി. സംസ്ഥാനത്തെ രണ്ട് ലോക്‌സഭ സീറ്റുകളില്‍ സിപിഎമ്മും, കോണ്‍ഗ്രസും ഓരോ സീറ്റുകളില്‍ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.

Advertisment

“പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിൻ്റെയും മണിക് സർക്കാരിൻ്റെയും സാന്നിധ്യത്തിൽ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു. പശ്ചിമ ത്രിപുര ലോക്‌സഭാ സീറ്റിൽ സിപിഎം സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥി ആശിഷ് കുമാർ സാഹയ്ക്ക് പിന്തുണ നൽകുമെന്നും തീരുമാനിച്ചു. മുൻ എംഎൽഎ രാജേന്ദ്ര റിയാങ് ഈസ്റ്റ് ത്രിപുര സീറ്റിൽ നിന്ന് ഇന്ത്യൻ ബ്ലോക്ക് സ്ഥാനാർത്ഥിയായി മത്സരിക്കുക്കും'', ജിതേന്ദ്ര ചൗധരി പറഞ്ഞു.

കിഴക്കൻ ത്രിപുര മണ്ഡലത്തിലും രാംനഗർ ഉപതിരഞ്ഞെടുപ്പിലും തങ്ങൾ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ആശിഷ് കുമാർ സാഹ പറഞ്ഞു.  തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാണെങ്കിൽ, ത്രിപുരയിലെ രണ്ട് സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

“ജനങ്ങൾക്ക് അവരുടെ വോട്ടവകാശം ന്യായമായി വിനിയോഗിക്കാനും സമാധാനപരമായ അന്തരീക്ഷത്തിൽ തിരഞ്ഞെടുപ്പ് നടത്താനും കഴിഞ്ഞാൽ രണ്ട് സീറ്റുകളിലും ബിജെപി പരാജയപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്'', ആശിഷ് കുമാർ സാഹ അഭിപ്രായപ്പെട്ടു. ഏപ്രിൽ 19, 26 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി 28 ലക്ഷത്തിലധികം വോട്ടർമാർ ത്രിപുരയിൽ വോട്ട് ചെയ്യും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംനഗര്‍ മണ്ഡലത്തില്‍ മുന്‍ സിപിഎം എംഎല്‍എ രത്തന്‍ദാസ് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ വർഷം ഡിസംബറിൽ മുതിർന്ന ബിജെപി എംഎൽഎ സുരജിത് ദത്ത മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

Advertisment