/sathyam/media/media_files/2026/01/26/dhurandhar-2026-01-26-13-54-23.jpg)
മുംബൈ: വിവാഹവാഗ്ദാനം നല്‍കി വീട്ടുജോലിക്കാരിയെ പത്തുവര്‍ഷത്തോളം പീഡിപ്പിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടന്‍ നദീം ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഈയിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ധുരന്ധര്‍'ല്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടനാണ് ഇദ്ദേഹം.
41-കാരിയായ യുവതിയാണ് പരാതി നല്‍കിയത്. വര്‍ഷങ്ങളായി വിവിധ സിനിമാതാരങ്ങളുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍.
2015 മുതല്‍ നദീം ഖാനുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി മല്വാനിയിലെ തന്റെ വീട്ടിലും വെര്‍സോവയിലെ നടന്റെ വീട്ടിലും വെച്ച് പലതവണ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി.
പത്തുവര്‍ഷത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ നടന്‍ വിസമ്മതിച്ചതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. ജനുവരി 22-നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ആദ്യം വെര്‍സോവ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയതെങ്കിലും, പീഡനം ആദ്യം നടന്നത് മല്വാനി പോലീസ് പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി. സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് കേസ് മാറ്റിയത്. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
രണ്‍വീര്‍ സിംഗ്, സഞ്ജയ് ദത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'ധുരന്ധര്‍' എന്ന ചിത്രത്തില്‍ അഖ്‌ലാക്ക് എന്ന കഥാപാത്രത്തെയാണ് നദീം ഖാന്‍ അവതരിപ്പിച്ചത്. അമിതാഭ് ബച്ചന്‍, സഞ്ജയ് മിശ്ര തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പവും ഇദ്ദേഹം മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us