/sathyam/media/media_files/cxShBCSA4iTX2o22O5Dr.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ പിന്നിലുള്ള സൂത്രധാരന്മാരെ കണ്ടെത്തുന്നതിന്, തീവ്രവാദികളെ കൊലപ്പെടുത്തുകയല്ല പകരം ജീവനോടെ പിടികൂടുകയാണ് വേണ്ടതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള.
ഭീകരരെ ചോദ്യം ചെയ്താല്‍ ഈ ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന വിശാലമായ ശൃംഖലകളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബുദ്ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജമ്മു കശ്മീരിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ഇത് ചെയ്തതെന്ന് തനിക്ക് സംശയമുണ്ടെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അതേസമയം ഫാറൂഖ് അബ്ദുള്ളയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി.
“പാകിസ്ഥാനിൽ നിന്നാണ് ഈ ഭീകരവാദം വരുന്നത് എന്ന് ഫാറൂഖ് അബ്ദുള്ളയ്ക്ക് അറിയാം. ഇത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഇതിൽ എന്താണ് അന്വേഷിക്കേണ്ടത് ? നമ്മുടെ സൈന്യത്തെയും പൊലീസിനെയും പിന്തുണയ്ക്കണം. നമ്മൾ ഒറ്റക്കെട്ടായി മനുഷ്യരാശിയുടെ ശത്രുക്കള്‍ക്കെതിരെ പോരാടണം''-ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന പറഞ്ഞു.