പട്‌ന: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തില്‍ ബിഹാറിലെ ഇന്ത്യാ സഖ്യത്തില്‍ ധാരണയായി. സംസ്ഥാനത്തെ 40 ലോക്‌സഭാ സീറ്റുകളിൽ 26 എണ്ണത്തിലും രാഷ്ട്രീയ ജനതാദൾ (ആർജെഡി) മത്സരിക്കും. കോണ്‍ഗ്രസിന് ലഭിച്ചത് ഒമ്പത് മണ്ഡലങ്ങളാണ്. സിപിഐ (എംഎൽ) 3 ഇടത്ത് ജനവിധി തേടും. സിപിഐയും, സിപിഎമ്മും ഓരോ സീറ്റുകളിലും മത്സരിക്കും.
കിഷന്‍ഗഞ്ച്, കടിഹര്‍, ഭാഗല്‍പുര്‍, മുസാഫര്‍പുര്‍, സമസ്തിപുര്‍, വെസ്റ്റ് ചമ്പാരന്‍, പട്‌ന സാഹിബ്, സസാരം, മഹാരാജ്ഗഞ്ച് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഖഗാരിയയിലാണ് സിപിഎം മത്സരിക്കുന്നത്.
കനയ്യ കുമാറിനും, പപ്പു യാദവിനും സീറ്റ് ലഭിച്ചില്ല. കനയ്യ കുമാര്‍ നോട്ടം വച്ചിരുന്ന ബെഗുസരായിയില്‍ സിപിഐയാണ് മത്സരിക്കുന്നത്. പുര്‍ണിയ, മധേപുര, സുപോല്‍ എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നാണ് പപ്പു യാദവ് ലക്ഷ്യമിട്ടിരുന്നത്. പുര്‍ണിയയില്‍ പപ്പു യാദവ് വിമതനായി മത്സരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.