/sathyam/media/media_files/d7v0oXcepyK3BAJNEl58.jpg)
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഏകാന്ത ധ്യാനത്തിനെത്തുന്ന കന്യാകുമാരി എസ്.പി.ജിയുടെ വലയത്തിലാണ്. ഇന്ത്യയുടെ തെക്കേ അതിർത്തി പ്രദേശമായ കന്യാകുമാരി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അത്രയും സുരക്ഷാ സന്നാഹങ്ങൾക്കാണ് സാക്ഷിയാവുന്നത്.
എസ്.പി.ജി, കേരളാ, തമിഴ്നാട് പോലീസുകൾ, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിങ്ങനെ വിവിധ സേനകളുടെ സംരക്ഷണ വലയത്തിലായിരിക്കും മോഡി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുക. മൂന്നു ദിവസത്തെ ഏകാന്ത ധ്യാനത്തിനായാണ് മോഡി കന്യാകുമാരിയിലെത്തുക.
ജൂൺ ഒന്നിനു വൈകീട്ട് വിവേകാനന്ദപ്പാറയിൽനിന്നു കരയിലെത്തുന്ന അദ്ദേഹം തിരുവനന്തപുരത്തു നിന്നു വിമാനമാർഗം ഡൽഹിയിലേക്കു മടങ്ങും. വ്യാഴാഴ്ച വൈകീട്ട് ആറു മുതൽ 45 മണിക്കൂറാണ് പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുന്നത്.
പകലും രാത്രിയും മോഡി ധ്യാനനിരതനാവുന്ന കന്യാകുമാരിയിൽ ഒരു ഈച്ച പോലും പറക്കാതെയുള്ള സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. കരയിലും കടലിലും ആകാശത്തുമെല്ലാം മോഡിക്ക് സുരക്ഷാ കവചമൊരുങ്ങുന്നുണ്ട്. ശ്രീലങ്കൻ അതിർത്തി മേഖലയായതിനാലും അന്താരാഷ്ട്ര കപ്പൽച്ചാലിന് തൊട്ടടുത്തായതിനാലും കടൽ വഴിയുള്ള സുരക്ഷ കടുത്തതാക്കിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ കന്യാകുമാരിയിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ ഇറങ്ങുന്ന മോഡി അവിടെ നിന്ന് റോഡ് മാർഗം കന്യാകുമാരിയിലെ പൂമ്പുകാർ ബോട്ടിംഗ് സെന്ററിൽ എത്തും. നാവിക സേനയുടെ ബോട്ടിൽ ത്രിവേണി സംഗമത്തിൽ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ പാറയിൽ എത്തും. തുടർന്ന് സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് പുഷ്പാർച്ചന നടത്തിയ ശേഷം ധ്യാനത്തിനിരിക്കും. ധ്യാനം ശനിയാഴ്ച വൈകുന്നേരം അവസാനിപ്പിക്കും.
പ്രധാനമന്ത്രിയുടെ വരവോടനുബന്ധിച്ച് കന്യാകുമാരിയിൽ ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ 4000 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ജൂൺ ഒന്നാം തിയതി വരെ കന്യാകുമാരിയിലേക്ക് വരാൻ വിനോദസഞ്ചാരികൾക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
തമിഴ്‌നാട് ദക്ഷിണമേഖലാ ഐ.ജി. പ്രവേഷ് കുമാറിന്റെ നിർദേശപ്രകാരം തമിഴ്‌നാട് പോലീസ് ബുധനാഴ്ച മുതൽ നിരീക്ഷണം ശക്തമാക്കി. വിവേകാനന്ദപ്പാറയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മീൻപിടിത്തത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചെന്നൈ മുതൽ കന്യാകുമാരി വരെയുള്ള തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ അതിർത്തിയിലെ പോലീസ് ഔട്ട്‌പോസ്റ്റുകളിലും പരിശോധന കർശനമാക്കി.
പ്രധാനമന്ത്രി സഞ്ചരിക്കുന്ന ബോട്ടിന്റെ അറ്റകുറ്റപ്പണികൾ ബുധനാഴ്ച നടന്നു. അദ്ദേഹം ധ്യാനമിരിക്കുന്ന മണ്ഡപത്തിൽ എയർ കണ്ടീഷൻ സ്ഥാപിച്ചതുൾപ്പെടെ വിവേകാനന്ദ സ്മാരകത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. 2019-ൽ തിരഞ്ഞെടുപ്പിനു ശേഷം കേദാർനാഥിലെ രുദ്രഗുഹയിലായിരുന്നു മോഡിയുടെ ധ്യാനം.
രാജ്യത്തിന്റെ തെക്കേ മുനമ്പിൽ മൂന്നു സാഗരങ്ങളുടെയും സംഗമകേന്ദ്രത്തിലെ വിവേകാനന്ദ സ്മാരകം മോഡിയുടെ വരവോടെ ദേശീയ ശ്രദ്ധയിലേക്ക് മാറുകയാണ്. കന്യാകുമാരിയിൽ കടലിനു നടുവിൽ 1892 ഡിസംബറിൽ സ്വാമി വിവേകാനന്ദൻ മൂന്നുദിവസം തുടർച്ചയായി തപസ്സനുഷ്ഠിച്ച പാറയാണ് വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്നത്.
ഐതിഹ്യങ്ങളിലെ കഥയനുസരിച്ച് കന്യാകുമാരി ദേവി തപസ്സനുഷ്ഠിച്ച ശ്രീപാദംപാറയും ഇവിടെയാണ്. കടൽ നീന്തിക്കടന്ന് ഇവിടെയെത്തി ധ്യാനത്തിലിരുന്ന നരേന്ദ്രനെന്ന യുവാവ് മൂന്നുദിവസത്തിനുശേഷം പ്രബോധിതനായി സ്വാമി വിവേകാനന്ദനായി മാറിയെന്നാണ് വിശ്വാസം. ഇതിനടുത്തവർഷമാണ് വിഖ്യാതമായ ഷിക്കാഗോ പ്രഭാഷണം. 1962-ൽ സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് കന്യാകുമാരിയിൽ സ്മാരകം എന്ന ആശയം ഉടലെടുത്തത്. 1970 സെപ്റ്റംബർ രണ്ടിന് അന്നത്തെ രാഷ്ട്രപതി വി.വി.ഗിരി സ്മാരകം ഉദ്ഘാടനം ചെയ്തു.
ബംഗാൾ ഉൾക്കടലും അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന കന്യാകുമാരി ത്രിവേണി സംഗമത്തിൽ കരയിൽനിന്ന് 500 മീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന സ്മാരകത്തിൽ വിവേകാനന്ദമണ്ഡപം, ശ്രീപാദമണ്ഡപം എന്നിവയാണ് മുഖ്യ ആകർഷണം. സ്വാമി വിവേകാനന്ദന്റെ പൂർണകായ വെങ്കലപ്രതിമ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ മണ്ഡപത്തിനടുത്തായി ധ്യാനമണ്ഡപവും ഉണ്ട്.
വിവേകാനന്ദപ്പാറയ്ക്കു സമീപത്തെ മറ്റൊരു പാറയിലാണ് തമിഴ് കവി തിരുവള്ളുവരുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ള തിരുവള്ളുവർ സ്മാരകം. 1970ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കന്യാകുമാരി വിവേകാനന്ദ സ്മാരകം സന്ദർശിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us