ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പരിപാടിയുടെ മുഖ്യ സംഘാടകനെ അറസ്റ്റു ചെയ്തു. സത്സംഗിന്റെ (പ്രാര്‍ത്ഥനാ ചടങ്ങ്) മുഖ്യ സംഘാടകനായ ദേവ് പ്രകാശ് മധുകറിനെയാണ് യുപി പൊലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ നേരത്തെ പിടികൂടിയിരുന്നു. ഇവരെല്ലാം സത്സംഗിന്റെ സംഘാടക സമിതിയിലെ അംഗങ്ങളാണ്. ചൊവ്വാഴ്ച ഹത്രാസിൽ പ്രഭാഷകനായ നാരായൺ സാകർ ഹരി (ഭോലെ ബാബ) ആണ് സത്സംഗം നടത്തിയത്.
ദേവപ്രകാശ് മധുകറാണ് കേസിലെ മുഖ്യപ്രതിയെന്ന് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. നേരത്തെ മധുകറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അനുവദിച്ചതിലും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. 80,000 പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനാനുമതി. എന്നാല്‍ 2.50 ലക്ഷത്തിലധികം ആളുകൾ മതസമ്മേളനത്തിൽ പങ്കെടുത്തതായി എഫ്ഐആറിൽ പറയുന്നു.
സംഘാടകര്‍ പരിപാടിയില്‍ പങ്കെടുത്ത ആളുകളുടെ യഥാര്‍ത്ഥം എണ്ണം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ആളുകള്‍ ഭോലെ ബാബയുടെ അനുഗ്രഹം തേടുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. പൊലീസ് ഭോലെ ബാബയുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റെ പേര് എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല.