ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെ താന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചര്‍ച്ച നടത്താന്‍ ജൂനിയര്‍ ഡോക്ടര്‍മാരെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ബംഗാള്‍ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. ഡോക്ടര്‍മാരോട് സംസാരിക്കുന്നതിനിടെയാണ് മമത രാജിസന്നദ്ധത അറിയിച്ചത്.
വികാരനിര്‍ഭരമായിരുന്നു മമതയുടെ പ്രസംഗമെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഉന്നത പദവിയിൽ അഭിരമിക്കുന്നില്ലെന്നും ജനങ്ങളുടെ താൽപ്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാൻ തയ്യാറാണെന്നുമായിരുന്നു മമതയുടെ വാക്കുകള്‍.
ഡോക്ടർമാർക്കെതിരെ നടപടിയെടുക്കില്ലെന്ന് മമത ഉറപ്പ് നൽകി. ചർച്ചയ്ക്ക് സർക്കാർ എപ്പോഴും തയ്യാറാണെന്നും അവർ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരായ ചിലരുണ്ടെന്നാണ് മമതയുടെ ആരോപണം.
"നമ്മുടെ സർക്കാർ അപമാനിക്കപ്പെട്ടു. ഇതിന് രാഷ്ട്രീയ നിറം ഉണ്ടെന്ന് സാധാരണ ജനങ്ങൾക്ക് അറിയില്ല"-സോഷ്യൽ മീഡിയയിൽ സർക്കാർ വിരുദ്ധ സന്ദേശങ്ങൾ പെരുകുന്നത് ചൂണ്ടിക്കാട്ടി മമത പറഞ്ഞു.
ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ നീതിയല്ല തേടുന്നതെന്നും, കസേര(അധികാരം)യാണ് അവര്‍ക്ക് വേണ്ടതെന്നും മമത ആരോപിച്ചു.
ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് രാജിവയ്ക്കാൻ തയ്യാറാണ്. തനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണ്ട. മരണപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി വേണം. സാധാരണക്കാർക്ക് ചികിത്സ ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.